26 April Friday

തുറന്നു, മാനവികതയുടെ മഹാസൗധം

സ്വന്തം ലേഖകൻUpdated: Friday Aug 19, 2022

ഇ കെ നായനാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തശേഷം മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, 
ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, മന്ത്രി വി ശിവൻകുട്ടി, എംഎൽഎമാരായ കടകംപള്ളി സുരേന്ദ്രൻ, വി ജോയി, എ എ റഹിം എം പി, ട്രസ്റ്റ് ചെയർമാൻ എം വിജയകുമാർ, ടി എൻ സീമ,മേയർ 
ആര്യ രാജേന്ദ്രൻ തുടങ്ങിയവർ സമീപം

തിരുവനന്തപുരം
തലസ്ഥാനത്ത്‌ ചികിത്സയ്‌ക്ക്‌ എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അഭയമേകിയ ഇ കെ നായനാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ പുതിയ മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്‌ സമർപ്പിച്ചു. കിടപ്പുരോഗികളെ  പരിപാലിക്കുന്ന 2000 വളന്റിയർമാരുടെ  സേവനം മെഡിക്കൽ കിറ്റ്‌ നൽകി സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു.
 
നാലു നിലയിലായി 32 മുറി, 50 പേർക്ക് കിടക്കാവുന്ന ഡോർമെട്രി, വിസ്തൃതമായ ഡൈനിങ്‌ ഹാൾ, അടുക്കള എന്നിവ ഉൾപ്പെടെ 18000 ചതുരശ്ര അടി കെട്ടിടമാണ്‌  ജനകീയ സഹകരണത്തോടെ പടുത്തുയർത്തിയത്‌. ഗവ. മെഡിക്കൽ കോളേജ്‌, റീജണൽ ക്യാൻസർ സെന്റർ, ശ്രീചിത്ര, എസ്‌എടി ആശുപത്രി എന്നിവയുടെ പരിസരത്താണ് പുതിയ മന്ദിരം.
 
സിപിഐ എം  ജില്ലാ കമ്മിറ്റിയുടെ  നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ചാരിറ്റബിൾ ട്രസ്റ്റ്‌ തലസ്ഥാനത്ത് ചികിത്സയ്ക്കെത്തുന്ന നിർധന രോഗികളുടെ കുടുംബത്തിന്റെ അഭയ കേന്ദ്രമാണ്‌. ആർസിസിയിൽനിന്ന്‌ ഡിസ്‌ചാർജ്‌ ചെയ്‌ത അടുത്തടുത്ത ദിവസങ്ങളിൽ ആശുപത്രിയിൽ കാണിക്കേണ്ടിവരുന്ന വിദൂരങ്ങളിൽനിന്നുള്ളവർക്ക്‌ ഇവിടെ താമസിച്ച്‌ തുടർചികിത്സ നടത്താനാകും. ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ കൂടെയുള്ളവർക്കും ഇവിടെ താമസിക്കാൻ സൗകര്യമുണ്ട്‌. 
 
ഉദ്‌ഘാടന ചടങ്ങിൽ ട്രസ്‌റ്റ്‌ ചെയർമാൻ  എം വിജയകുമാർ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗവും മാനേജിങ്‌ ട്രസ്‌റ്റിയുമായ ആനാവൂർ നാഗപ്പൻ, പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, മുൻ മാനേജിങ്‌ ട്രസ്‌റ്റി കടകംപള്ളി സുരേന്ദ്രൻ എംഎൽഎ,  സംസ്ഥാന കമ്മിറ്റി അംഗം ടി എൻ സീമ, എ എ റഹിം എംപി, വി ജോയി എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, സി അജയകുമാർ എന്നിവർ സംസാരിച്ചു. 
 
ഇ കെ നായനാരുടെ മകൻ കൃഷ്‌ണകുമാർ, ജില്ലയിലെ ജനപ്രതിനിധികൾ, എംഎൽഎമാർ, ട്രസ്‌റ്റ്‌ അംഗങ്ങൾ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. നിർമാണ പ്രവർത്തനങ്ങൾക്ക്‌ മേൽനോട്ടം വഹിച്ചവർക്ക്‌  മുഖ്യമന്ത്രി പിണറായി വിജയൻ ട്രസ്‌റ്റിന്റെ ഉപഹാരങ്ങൾ നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top