26 April Friday
വ്യവസായ വികസനം

കണ്ണൂരിൽ കിൻഫ്ര ഏറ്റെടുക്കുന്നത്‌ 4896 ഏക്കർ ഭൂമി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 19, 2021
കണ്ണൂർ
വലിയതോതിൽ വ്യവസായ വികസനം ലക്ഷ്യമിട്ട് കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്തവള പരിസരത്ത്‌ ഏറ്റെടുക്കുന്നത്‌ 4896 ഏക്കർ ഭൂമി. കിൻഫ്രയുടെ നേതൃത്വത്തിൽ ഭൂമി ഏറ്റെടുത്ത്‌ എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുള്ള വ്യവസായ പാർക്കുകളാക്കി നിക്ഷേപകർക്ക്‌ കൈമാറുകയാണ്‌ ലക്ഷ്യം. കഴിഞ്ഞ വർഷത്തെ ബജറ്റിൽതന്നെ പദ്ധതി ഇടനേടിയിരുന്നു. കിഫ്‌ബിയിൽനിന്ന്‌ 12,000 കോടി രൂപ ചെലവഴിച്ച്‌ 5,000 ഏക്കർ ഭൂമി ഏറ്റെടുക്കുമെന്ന കൃത്യമായ പ്രഖ്യാപനമുണ്ടായത്‌ ഇത്തവണയാണ്‌. 
തലശേരി, ഇരിട്ടി താലൂക്കുകളിലെ പിണറായി, കോളാരി, പട്ടാന്നൂർ, കൂടാളി, കീഴല്ലൂർ, മൊകേരി, ചെറുവാഞ്ചേരി, പുത്തൂർ, പടുവിലായി, അഞ്ചരക്കണ്ടി, പടിയൂർ, കല്യാട്‌, ചാവശേരി വില്ലേജുകളിലായാണ്‌ ഭൂമി ഏറ്റെടുക്കുന്നത്‌. പിണറായി വില്ലേജിൽ 13 ഏക്കർ ഏറ്റെടുക്കുന്നതിന്‌ 49.5 കോടി രൂപ അനുവദിച്ചുകഴിഞ്ഞു. അവാർഡ്‌ നടപടികൾ പുരോഗമിക്കുന്നു. 
മട്ടന്നൂർ വെള്ളിയാംപറമ്പിൽ നിലവിലുള്ള കിൻഫ്ര വ്യവസായ പാർക്ക്‌ വികസിപ്പിക്കുന്നതിന്‌ 54 ഏക്കർ ഭൂമികൂടി ഏറ്റെടുക്കുന്നതിനും നടപടിയായി. കോളാരി, പട്ടാന്നൂർ, കീഴല്ലൂർ വില്ലേജുകളിലായാണ്‌ പുതുതായി ഭൂമി ഏറ്റെടുക്കുന്നത്‌. പട്ടാന്നൂർ, കീഴല്ലൂർ, മൊകേരി, ചെറുവാഞ്ചേരി, പുത്തൂർ, കീഴല്ലൂർ, പടുവിലായി, അഞ്ചരക്കണ്ടി വില്ലേജുകളിലായി 1506 ഏക്കർകൂടി ഈവർഷംതന്നെ ഏറ്റെടുക്കുമെന്ന്‌ കിൻഫ്ര അധികൃതർ വെളിപ്പെടുത്തി.
കൂടാളി, പട്ടാന്നൂർ (1343 ഏക്കർ), പടിയൂർ–- കല്യാട് ‌(708 ഏക്കർ), ചാവശേരി (228 ഏക്കർ), കോളാരി (1044 ഏക്കർ) വില്ലേജുകളിലാണ്‌ അവശേഷിക്കുന്ന ഭൂമി. പണം സംബന്ധിച്ച ഉറപ്പ്‌ ബജറ്റിലൂടെ ലഭിച്ച സാഹചര്യത്തിൽ ഇതും  അടിയന്തരമായി ഏറ്റെടുക്കാൻ നടപടിയുണ്ടാകും.
ഭൂമി വ്യവസായ പ്ലോട്ടുകളാക്കി തിരിച്ച്‌ റോഡുബന്ധം, വെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാണ്‌ ഓരോ പാർക്കും സജ്ജമാക്കുക. കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളം വിപുലമായ വ്യവസായ സാധ്യതകൾ തുറന്നുതരുന്നതിനാൽ നിക്ഷേപകരെ എളുപ്പത്തിൽ ആകർഷിക്കാൻ കഴിയുമെന്നാണ്‌ കണക്കുകൂട്ടൽ. പുതുതായി വിഭാവനം ചെയ്‌ത കൊച്ചി–- മംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി കണ്ണൂർ ജില്ലയുടെ ഇതരഭാഗങ്ങളിലും മലബാർ മേഖലയിലാകെയും  വ്യവസായ വികസനത്തിനായി വലിയ തോതിൽ പശ്‌ചാത്തല സൗകര്യങ്ങളൊരുക്കും. ഈ പദ്ധതിയുടെ മാസ്‌റ്റർ പ്ലാൻ തയ്യാറായിവരുന്നതേയുള്ളൂ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top