26 April Friday

ധീര സൈനികന്‌ യാത്രാമൊഴി; കണ്ണീരുണങ്ങാതെ ഇട്ടിവ

സ്വന്തം ലേഖകന്‍Updated: Friday Sep 18, 2020
കടയ്ക്കൽ
നിയന്ത്രണരേഖയിൽ പാക്‌ ഷെല്ലാക്രമണത്തിൽ വീരമൃത്യു വരിച്ച ധീരജവാന് പിറന്ന മണ്ണിന്റെ യാത്രാമൊഴി. മദ്രാസ്‌ റെജിമെന്റ്‌ പതിനാലാം ബറ്റാലിയൻ സെക്‌ഷൻ കമാൻഡറായിരുന്ന അനീഷ് തോമസിന്‌ (36) അന്ത്യാഭിവാദ്യം അർപ്പിക്കാൻ ഇട്ടിവ മണ്ണൂർ ആലുംമുക്ക് ശൂരനാട്ട്‌ വീട്ടിലേക്ക്‌ ഒഴുകിയെത്തിയത്‌ ആയിരങ്ങൾ. വ്യാഴാഴ്ച പുലർച്ചെ മുതൽ ഇട്ടിവയിലെ എല്ലാ വഴികളും ശൂരനാട്ട്‌ വീട്ടിലേക്കായിരുന്നു. ജമ്മു അതിർത്തിയിലെ രജൗരി സുന്ദർവാലിയിൽ ചൊവ്വാഴ്‌ച ഉച്ചയോടെ നടന്ന പാക് ഷെല്ലാക്രമണത്തിലാണ് അനീഷ് തോമസ് വീരമൃത്യു വരിച്ചത്. 
ഡൽഹിയിൽനിന്ന്‌ വ്യാഴാഴ്‌ച പകൽ 10.30ന്‌ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം സംസ്ഥാന സർക്കാരിനുവേണ്ടി മന്ത്രി കടകംപള്ളി സുരേന്ദ്രനും തിരുവനന്തപുരം ജില്ലാ കലക്ടർ നവജ്യോത്‌ ഖോസയും ചേർന്ന് ഏറ്റുവാങ്ങി.  സഹപ്രവർത്തകരായ സൈനികരുടെയും പൊലീസിന്റെയും അകമ്പടിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിലാപയാത്രയായി മൃതദേഹം പാങ്ങോട്‌ സൈനിക ക്യാമ്പിൽ എത്തിച്ച്‌ പൊതുദർശനത്തിനു വച്ചു. തുടർന്ന്‌ ആംബുലൻസിൽ എംസി റോഡുവഴി ജില്ലാ അതിർത്തിയായ വാഴോട്ട്‌‌ എത്തിച്ചു. 
പിന്നീട്‌  മൃതദേഹം സൈനികവാഹനത്തിൽ പകൽ‌ മൂന്നോടെ ഇട്ടിവ മണ്ണൂർ ആലുംമുക്കിലെ വീട്ടിലെത്തിച്ചു. എംസി റോഡിലും ഇട്ടിവ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലും കാത്തുനിന്നവർ പൂക്കൾ വിതറി ധീരജവാന്‌ ആദരമർപ്പിച്ചു.
രാജ്യത്തിനുവേണ്ടി ജീവൻ നൽകിയ ജവാന്റെ മൃതദേഹം അടങ്ങിയ പെട്ടി സൈനികർ  വാഹനത്തിൽനിന്ന്‌ വീട്ടുമുറ്റത്തെ പന്തലിലേക്ക്‌ കൊണ്ടുവന്നപ്പോൾ ദുഃഖം അണപൊട്ടി. അടക്കിവച്ച വേദന അലമുറയായി ഉയർന്നു. ഭാര്യ എമിലി പ്രിയപ്പെട്ടവന്റെ നെറ്റിയിൽ‌ അന്ത്യചുംബനം നൽകി പൊട്ടിക്കരഞ്ഞപ്പോൾ കണ്ടുനിന്നവർ വിതുമ്പലടക്കാൻ പാടുപെട്ടു. മകൾ ഏഴുവയസ്സുകാരി ഹന്നയെ എന്തുപറഞ്ഞ്‌ ആശ്വസിപ്പിക്കുമെന്ന്‌ അറിയാതെ ബന്ധുക്കൾ കുഴങ്ങി. തോമസും അമ്മിണിയും പ്രിയപ്പെട്ട മകന്റെ ചേതനയറ്റ മുഖം കാണാനാകാതെ തേങ്ങി. അന്ത്യാഞ്‌ജലിക്കായി കാത്തുനിന്നവരെ നിയന്ത്രിക്കാൻ പൊലീസും സൈനികരും ബുദ്ധിമുട്ടി. തുടർന്ന്‌ അഞ്ചോടെ മണ്ണൂർ മർത്തശ്‌‌മുനി ഓർത്തഡോക്സ് സിറിയൻ ചർച്ചിൽ ഭൗതിക ശരീരം  പൊതുദർശനത്തിനുവച്ചു. മതപരമായ ചടങ്ങുകൾക്കുശേഷം പൊലീസും സൈനികരും നാടിന്റെ പ്രിയ പുത്രന്‌ ഗാർഡ്ഓഫ് ഓണർ നൽകി. പള്ളിയിലെ സെമിത്തേരിയിൽ 5.30ന്‌ സംസ്‌കാരം നടന്നു.
മുഖ്യമന്ത്രിക്കും ജില്ലാ കലക്ടർക്കുംവേണ്ടി എഡിഎം പി ആർ ഗോപാലകൃഷ്ണനും സംസ്ഥാന സർക്കാരിനുവേണ്ടി പുനലൂർ ആർഡിഒ ബി ശശികുമാറും പുഷ്പചക്രം അർപ്പിച്ചു. 
മുല്ലക്കര രത്നാകരൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് വേണുഗോപാൽ, കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ് ജയമോഹൻ, കൊല്ലം റൂറൽ പൊലീസ് മേധാവി  ഹരിശങ്കർ,  കൊട്ടാരക്കര തഹസിൽദാർ ജി നിർമൽ കുമാർ, എൽആർ തഹസിൽദാർ സി പത്മചന്ദ്രക്കുറുപ്പ്, സിപിഐ എം ഏരിയ സെക്രട്ടറി എം നസീർ, സിപിഐ മണ്ഡലം സെക്രട്ടറി ജെ സി അനിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എസ് അരുണാദേവി, രഞ്ജു സുരേഷ്, ഇട്ടിവ പഞ്ചായത്ത് പ്രസിഡന്റ്‌  ജി ദിനേശ് കുമാർ, തുടയന്നൂർ എസ്‌‌സി‌ബി പ്രസിഡന്റ്‌ ബി ശിവദാസൻപിള്ള തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top