26 April Friday

കാത്തിരിക്കുന്നു മഞ്ഞും മലയും

അക്ഷിതരാജ്‌Updated: Friday Sep 18, 2020

 

 
തൃശൂർ
ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ  ആരവമൊഴിഞ്ഞിട്ട്‌ ഏഴ്‌ മാസം. കോവിഡ്‌ വ്യാപനത്തിന്‌ മുമ്പ്‌ തന്നെ ഇവിടെയെല്ലാം സന്ദർശകരെ വിലക്കിത്തുടങ്ങിയിരുന്നു. 
തുമ്പൂർമൊഴി ബട്ടർഫ്ലൈ പാർക്ക്‌, പീച്ചി ഡാം, വിലങ്ങൻ കുന്ന്‌, സ്‌നേഹ തീരം ബീച്ച്‌, കലശമല, വാഴാനി ഡാം എന്നിവയാണ് ജില്ലയിലെ‌ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ. ടൂറിസം മേഖലയിൽ ഏറ്റവു കൂടുതൽ വരുമാനം ലഭിക്കുന്നതും ഇവിടെ നിന്നാണ്‌.  
മാസങ്ങളായി യാതൊരു വരുമാനവുമില്ലാതെ റിസർവ്‌ ഫണ്ടും ടൂറിസം വകുപ്പിൽ നിന്നും ലഭിച്ച സഹായം ഉപയോഗിച്ചുമാണ്‌ നിലവിലെ ചെലവുകൾ മുന്നോട്ട്‌ കൊണ്ടുപോകുന്നത്‌. 
മാസങ്ങളായി ജോലിയില്ലാതിരിക്കുന്ന തൊഴിലാളികൾക്ക്‌ ആശ്വാസമായി ഒക്‌ടോബർ മുതൽ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ സാധ്യതയുണ്ട്‌. ഔദ്യോഗികമായ തീരുമാനം വന്നില്ലെങ്കിലും കൃത്യമായ മാനദണ്ഡങ്ങളോടെ  തുറന്ന്‌ പ്രവർത്തിക്കണമെന്നാണ്‌ അധികൃതരുടെ ആവശ്യം. 
ഇത്‌ ആവശ്യപ്പെട്ടുകൊണ്ട്‌‌ ജില്ലാ ടൂറിസം പ്രൊമേഷൻ കൗൺസിൽ സർക്കാരിന്‌ പ്രൊപ്പോസൽ നൽകിയിട്ടുണ്ട്‌. ആളുകളുടെ എണ്ണം കുറച്ചും മുൻകൂട്ടിയുള്ള ബുക്കിങ്‌ സംവിധാനം ഏർപ്പെടുത്തിയും ആയിരിക്കും ഇനി സന്ദർശക പ്രവേശനം ഉണ്ടാകാൻ സാധ്യത. 
ശുചീകരണത്തിനായും മറ്റും നിലവിൽ എല്ലായിടത്തും തൊഴിലാളികൾ ജോലിക്കെത്തുന്നുണ്ട്‌. 
പ്രളയം വന്നപ്പോൾ ഇത്രയും പ്രതിസന്ധി വിനോദ സഞ്ചാര മേഖല നേരിടേണ്ടി വന്നിട്ടില്ല. തുമ്പൂർമൊഴി പാർക്ക്‌ മാത്രമാണ്‌ കുറച്ചുനാൾ അധികം അടച്ചിടേണ്ടി വന്നിട്ടുള്ളത്‌. 
പിന്നീട് ഇവയെല്ലാം അധികം വൈകാതെ പൂർവസ്ഥിതിയലായിട്ടുണ്ട്‌.
കോവിഡിന്റെ തുടക്കത്തിൽ തന്നെ സ്‌കൂളുകളിലെ വിനോദയാത്രകൾക്കും വിലക്കേർപ്പെടുത്തിയതോടെ ആ വരുമാന സാധ്യതകളും അടഞ്ഞിരുന്നു. തുമ്പൂർമൊഴിയിൽ മാസം നാല്‌ ലക്ഷം രൂപയും പീച്ചി ഡാമിൽ മൂന്ന്‌ ലക്ഷത്തിന്‌ മേലെ വരുമാനവും ലഭിക്കാറുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്‌.   ഡിടിപിസിയുടെ നേതൃത്വത്തിൽ പ്രത്യേക ടൂർ പാക്കേജ്‌ സംവിധാനവും ഉണ്ടായിരുന്നു. 
എല്ലാം പഴയത്‌ പോലെ തിരിച്ച്‌ വരാൻ മാസങ്ങൾ എടുക്കുമെങ്കിലും പകുതി വരുമാനത്തിനെങ്കിലുമുള്ള സാധ്യത തുറക്കുമെന്ന പ്രതീക്ഷയിലാണ്‌ അധികൃതർ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top