11 May Saturday

എസ്‌എഫ്‌ഐ ദക്ഷിണേന്ത്യൻ ജാഥക്ക്‌ ഉജ്വല വരവേൽപ്പ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022

തേഞ്ഞിപ്പലം , മഹാറാലിയോടെ, എസ്‌എഫ്‌ഐ ദ ക്ഷിണേന്ത്യൻ ജാഥ, വി പി സാനു

തേഞ്ഞിപ്പലം

ആയിരങ്ങൾ അണിനിരന്ന മഹാറാലിയോടെ എസ്‌എഫ്‌ഐ ദ ക്ഷിണേന്ത്യൻ ജാഥയെ കേരളം വരവേറ്റു. അഖിലേന്ത്യാ പ്രസിഡന്റ്‌ വി പി സാനു നയിക്കുന്ന ജാഥക്ക്‌ തലശേരിയിലായിരുന്നു സംസ്ഥാനത്തെ ആദ്യ സ്വീകരണം. മുഹമ്മദ്‌ മുസ്‌തഫ രക്തസാക്ഷിദിനത്തിൽ പ്രിയസഖാവിന്റെ ഓർമയ്‌ക്കുമുന്നിൽ പൂക്കളർപ്പിച്ചാണ്‌ സ്വീകരണ സമ്മേളനം തുടങ്ങിയത്‌. 
ജാഥയുടെ സംസ്ഥാനതല പര്യടനം പുതിയ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്ത്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ പി എസ്‌ സഞ്ജീവ്‌ അധ്യക്ഷനായി. വി പി സാനു സംസാരിച്ചു. രക്തസാക്ഷി കെ വി സുധീഷിന്റെ സഹോദരീഭർത്താവ്‌ പ്രൊഫ. കെ ബാലൻ, കെ വി റോഷന്റെ അമ്മ നാരായണിയമ്മ എന്നിവർ പങ്കെടുത്തു.  സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം ടി വി രാജേഷ്‌,  എംഎൽഎമാരായ എ എൻ ഷംസീർ, കെ വി സുമേഷ്‌, എം വിജിൻ, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്‌ എന്നിവർ സംസാരിച്ചു. 
‘സേവ്‌ എഡ്യുക്കേഷൻ, സേവ്‌ കോൺസ്‌റ്റിറ്റ്യൂഷൻ, സേവ്‌ ഇന്ത്യ’ മുദ്രാവാക്യമുയർത്തി കന്യാകുമാരിയിൽനിന്ന്‌ ഒന്നിന്‌ ആരംഭിച്ച ജാഥ തമിഴ്‌നാട്‌, പുതുച്ചേരി, ആന്ധ്ര, കർണാടക സംസ്ഥാനങ്ങൾ പിന്നിട്ടാണ്‌ കേരളത്തിൽ പ്രവേശിച്ചത്‌. കേന്ദ്ര സെക്രട്ടറിയറ്റംഗം നിധീഷ്‌ നാരായണൻ വൈസ്‌ ക്യാപ്‌റ്റനായ ജാഥയിൽ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ വസുദേവ്‌ റെഡ്‌ഡി, സത്യാഷ, കേരള സംസ്ഥാന പ്രസിഡന്റ്‌ കെ അനുശ്രീ, സെക്രട്ടറി പി എം ആർഷോ, ജോയിന്റ്‌ സെക്രട്ടറി ഇ അഫ്‌സൽ, വൈസ്‌ പ്രസിഡന്റ്‌ അക്ഷയ്‌ എന്നിവരും അംഗങ്ങളാണ്‌.സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനന്റെ നേതൃത്വത്തിൽ  അഴിയൂരിൽ ജാഥയെ കോഴിക്കോട്‌ ജില്ലയിലേക്ക്‌ വരവേറ്റു. വടകര പുതിയ ബസ് സ്റ്റാൻഡ്‌ പരിസരത്ത് സ്വീകരണം നൽകി. 
കലിക്കറ്റ്‌ സർവകലാശാലാ ക്യാമ്പസിലായിരുന്നു മലപ്പുറം ജില്ലയിലെ വരവേൽപ്പ്‌.  ചൊവ്വ രാത്രി എട്ടോടെ എത്തിയ ജാഥയെ തേഞ്ഞിപ്പലത്തുനിന്ന്‌ വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും  കലാരൂപങ്ങളുടെയും  അകമ്പടിയോടെ ക്യാമ്പസിലേക്ക്  ആനയിച്ചു.
എസ്‌എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം രഹ്‌ന സബീന, ജില്ലാ സെക്രട്ടറി എം സജാദ്, പ്രസിഡന്റ് എൻ ആദിൽ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വി പി അനിൽ, ജില്ലാ കമ്മിറ്റിയംഗങ്ങളായ വേലായുധൻ വള്ളിക്കുന്ന്, വി പി സോമസുന്ദരൻ, സർവകലാശാലാ സിൻഡിക്കറ്റ് അംഗങ്ങളായ കെ കെ ഫനീഫ, അഡ്വ. ടോം കെ തോമസ്‌, കെഎസ്‌ടിഎ ജില്ലാ സെക്രട്ടറി പി എ ഗോപാലകൃഷ്ണൻ, കോൺഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻ കേരള വൈസ് പ്രസിഡന്റ് വിനോദ് എൻ നീക്കാംപുറത്ത്, സർവകലാശാലാ എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് വി എസ് നിഖിൽ, സെക്രട്ടറി ടി സബീഷ്, അസോസിയേഷൻ ഓഫ് കലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് സെക്രട്ടറി ഡോ. കെ മുഹമ്മദ് ഹനീഫ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി ഷബീർ, സെക്രട്ടറി കെ ശ്യാം പ്രസാദ് എന്നിവർ ചേർന്ന്‌ വരവേറ്റു. ബുധനാഴ്‌ച തൃശൂർ, എറണാകുളം ജില്ലകളിലാണ്‌ പര്യടനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top