26 April Friday

പ്രതിരോധത്തിന്റെ 
പുതിയഘട്ടം

വെബ് ഡെസ്‌ക്‌Updated: Sunday Jan 17, 2021

കോവിഡ് വാക്സിനേഷൻ കേന്ദ്രമായ മലപ്പുറം താലൂക്ക് ആശുപത്രിയിൽ വാക്സിൻ സ്വീകരിക്കുന്ന ആരോഗ്യപ്രവർത്തകൻ-

മലപ്പുറം

കാത്തിരുന്ന കോവിഡ്‌ പ്രതിരോധത്തിന്റെ പുതിയ ഘട്ടത്തിലേക്ക്‌. കൊവിഷീൽഡ് പ്രതിരോധ വാക്‌സിൻ കുത്തിവയ്‌പിന്‌ തുടക്കം. ജില്ലയിൽ ഒമ്പത്‌ കേന്ദ്രങ്ങളിൽ ആരോഗ്യ പ്രവർത്തകർ വാക്‌സിൻ സ്വീകരിച്ചു.  പ്രധാനമന്ത്രി നരേന്ദ്ര മോഡി വീഡിയോ കോൺഫറൻസിലൂടെ വാക്സിൻ വിതരണ ഉദ്ഘാടനം നിർവഹിച്ചതോടെ പകൽ പതിനൊന്നോടെ കുത്തിവയ്‌പ്‌ ആരംഭിച്ചു. മലപ്പുറം ഗവ. താലൂക്ക് ആശുപത്രിയിൽ ഐഎംഎ മുൻ ദേശീയ ഉപാധ്യക്ഷനും  പെരിന്തൽമണ്ണ ഇ എം എസ് മെമ്മോറിയൽ ആശുപത്രി ഭരണസമിതി വൈസ്‌ ചെയർമാനുമായ ഡോ. വി യു സീതി ആദ്യകുത്തിവയ്‌പെടുത്തു. വാക്സിനെടുക്കേണ്ടവർക്ക് എത്തേണ്ട സമയവും സ്ഥലവും മെസേജിലൂടെ അറിയിച്ചിരുന്നു. വാക്സിനേ

ഷനുശേഷം 30 മിനിറ്റ് നിരീക്ഷണ മുറിയിൽ വിശ്രമിച്ചശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്. തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ കുത്തിവയ്‌പ് തുടരും. ജില്ലയിൽ 23,880 ആരോഗ്യപ്രവർത്തകരാണ് ആദ്യ ഘട്ടത്തിൽ വാക്സിനേഷന്‌ രജിസ്റ്റർചെയ്തത്. ഇതിൽ 13,000 പേർക്ക് രണ്ട് ഡോസ് വീതം നൽകാനുള്ള വാക്സിനാണ് എത്തിയത്. ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസത്തിനുശേഷം രണ്ടാമത്തെ ഡോസ് നൽകും. പൊന്നാനി വെള്ളിരി ഗവ. എല്‍പി സ്‌കൂളിലെ വാക്സിനേഷന്‍ ക്യാമ്പ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ സന്ദര്‍ശിച്ചു. മറ്റ്‌ കേന്ദ്രങ്ങളിലും ജനപ്രതിനിധികൾ സന്ദർശനം നടത്തി.


വാക്സിനേഷന്‍ ഇങ്ങനെ 

●കുത്തിവയ്‌പെടുക്കാൻ തെരഞ്ഞെടുക്കപ്പെട്ടവരെ സമയവും സ്ഥലവും അറിയിക്കുന്നു. അനുവദിച്ച സമയത്തെത്തിയവർക്ക്‌ പ്രത്യേക സ്ഥലത്ത് വിശ്രമം. ഉദ്യോഗസ്ഥർ കുത്തിവയ്‌പിനെക്കുറിച്ച് വിശദീകരണം, സംശയനിവാരണം. ●രജിസ്ട്രേഷൻ. ശരീരോഷ്മാവ് പരിശോധനയും കൈ ശുചിയാക്കലും. തിരിച്ചറിയൽ രേഖ പരിശോധിച്ച് പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തി. ശേഷം കുത്തിവയ്പ് മുറിയിലേക്ക്. ●കുത്തിവയ്‌പ്‌ മുറി. കൊവിഷീൽഡ്‌ വാക്സിൻ കുത്തിവയ്‌പ്.  ●കോവിൻ എന്ന ആപ്പിൽ വാക്സിൻ എടുത്തയാളുടെ വിശദാംശങ്ങൾ ചേർത്തു. നിരീക്ഷണ മുറിയിൽ. ശേഷം അസ്വസ്ഥതയൊന്നുമില്ലെങ്കിൽ വീട്ടിലേക്ക്‌. ബുദ്ധിമുട്ടുണ്ടായാൽ ചികിത്സാ സംവിധാനമുള്ള പ്രത്യേക മുറിയിലേക്ക്. രക്തസമ്മർദം ഉൾപ്പെടെയുള്ള ശാരീരിക പരിശോധനകൾ. ആവശ്യമെങ്കിൽ തുടർ ചികിത്സ. അല്ലാത്തപക്ഷം വീട്ടിലേക്ക്.

 

ആദ്യദിനം 155 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്‌

മലപ്പുറം ജില്ലയിൽ 155  ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ്‌ ആദ്യദിനം കോവിഡ് വാക്‌സിൻ നൽകിയത്‌.

ജില്ലയിൽ 155  ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ്‌ ആദ്യദിനം കോവിഡ് വാക്‌സിൻ നൽകിയത്‌. അറിയിപ്പ്‌ നൽകിയവരിൽ 58.5 ശതമാനം പേരും ശനിയാഴ്‌ച കുത്തിവയ്‌പെടുത്തു.  കേന്ദ്രവും വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണവും (ആദ്യ വാക്‌സിൻ സ്വീകരിച്ചയാളുടെ പേര്‌ ബ്രാക്കറ്റിൽ): മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ്‌–- 9 (ഫാര്‍മസിസ്റ്റ് നാലകത്ത് അബ്ദുറസാഖ്), നിലമ്പൂര്‍ ജില്ലാ ആശുപത്രി– 16 (സ്വകാര്യ ആശുപത്രി സുരക്ഷാ ജീവനക്കാരൻ ഗിരീഷ്‌), തിരൂര്‍ ജില്ലാ ആശുപത്രി–- 26 (പിആര്‍ഒ മുനീര്‍), വളവന്നൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രി–- 15 (വളവന്നൂര്‍ ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ അഹമ്മദ്കുട്ടി), മലപ്പുറം താലൂക്ക് ആശുപത്രി–- 19, കൊണ്ടോട്ടി താലൂക്ക് ആശുപത്രി–- 20 (പുളിക്കല്‍ മെഡിക്കല്‍ ഓഫീസര്‍ സന്തോഷ്), പൊന്നാനി താലൂക്ക് ആശുപത്രി–- 20  (ടിബി ആശുപത്രിയിലെ ഫാര്‍മസിസ്റ്റ് ജോസ് ബെന്‍ റോയ്‌), നെടുവ സാമൂഹ്യ ആരോഗ്യ കേന്ദ്രം–- 17 (ഡോ. അബ്ദു സമദ്‌), പെരിന്തല്‍മണ്ണ കിംസ് അല്‍ഷിഫ–- 13 (സ്റ്റാഫ് നേഴ്സ് അഞ്ജന).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top