26 April Friday
നാളെ കുത്തിവയ്‌പ്‌

സർവം സജ്ജം

വെബ് ഡെസ്‌ക്‌Updated: Friday Jan 15, 2021

 

മലപ്പുറം
നാട്‌ കാത്തിരുന്ന കോവിഡ്‌ വാക്‌സിൻ മലപ്പുറത്തെത്തി. ജില്ലയിലെ ഒമ്പത്‌ കേന്ദ്രങ്ങളിൽ ശനിയാഴ്‌ചമുതൽ വാക്‌സിൻ വിതരണം ആരംഭിക്കും. ഒരുക്കങ്ങൾ പൂർത്തിയായെന്ന്‌ ഡിഎംഒ  കെ സക്കീന അറിയിച്ചു.
കോഴിക്കോട് മേഖലാ വാക്‌സിൻ സ്റ്റോറിൽനിന്ന് 28,880 ഡോസ്‌ വാക്‌സിനാണ് റോഡ്‌ മാർഗം വ്യാഴാഴ്‌ച ഉച്ചയോടെ എത്തിച്ചത്‌. മലപ്പുറം സിവിൽ സ്‌റ്റേഡഷനിലെ വാക്‌സിൻ സ്‌റ്റോറിൽ ‘കൊവിഷീൽഡ്‌’ വാക്‌സിൻ എഡിഎം എൻ എം മെഹറലി, ഡിഎംഒ, ഡിപിഎം ഡോ. എ ഷിബുലാൽ, ഡോ. രാജേഷ്, ഡോ. മുഹമ്മദ് ഇസ്മയിൽ എന്നിവർ ചേർന്ന്‌ ഏറ്റുവാങ്ങി. ഐസ് ലൈൻഡ് റഫ്രിജറേറ്ററിൽ സൂക്ഷിച്ച വാക്‌സിൻ ആരോഗ്യവകുപ്പിന്റെ പ്രത്യേക വാഹനങ്ങളിലാണ്‌ കേന്ദ്രങ്ങളിലേക്ക്‌ മാറ്റുന്നത്‌. 
ആദ്യ ഘട്ടത്തിൽ രജിസ്റ്റർചെയ്ത ആരോഗ്യ പ്രവർത്തകരിൽ 13,000 പേർക്ക് രണ്ട് ഡോസ് വീതം നൽകാനുള്ള വാക്‌സിനാണ് എത്തിയത്. ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് രണ്ടാമത്തെ ഡോസ് നൽകുക. മഞ്ചേരി ഗവ. മെഡിക്കൽ കോളേജ്‌, തിരൂർ ജില്ലാ ആശുപത്രി, നിലമ്പൂർ ജില്ലാ ആശുപത്രി, വളവന്നൂർ ജില്ലാ ആയുർവേദ ആശുപത്രി, മലപ്പുറം താലൂക്ക്‌ ആശുപത്രി, പൊന്നാനി താലൂക്ക്‌ ആശുപത്രി,- കൊണ്ടോട്ടി താലൂക്ക്‌ ആശുപത്രി,- നെടുവ സാമൂഹ്യ ആരോഗ്യകേന്ദ്രം, പെരിന്തൽമണ്ണ കിംസ്‌ അൽഷിഫ എന്നിവയാണ്‌ വാക്‌സിനേഷൻ കേന്ദ്രങ്ങൾ. ദിവസം ഒരു കേന്ദ്രത്തിൽ 100 പേർക്കാണ‌് കുത്തിവയ്പ് നൽകുക.
വാക്‌സിനേറ്ററും നാല് വാക്‌സിനേഷൻ ഓഫീസർമാരുമടക്കം അഞ്ച് ജീവനക്കാരാണ്‌ കേന്ദ്രത്തിലുണ്ടാവുക. ജീവനക്കാർക്കുള്ള പരിശീലനം പൂർത്തീകരിച്ചു. വാക്‌സിനേഷനാവശ്യമായ സിറിഞ്ചുകളും എത്തിച്ചിട്ടുണ്ട്. കോവിൻ പോർട്ടലിൽ രജിസ്റ്റർചെയ്ത ആരോഗ്യ പ്രവർത്തകരെ വാക്‌സിൻ സ്വീകരിക്കേണ്ട കേന്ദ്രവും സമയവും എസ്എംഎസിലൂടെ അറിയിക്കും. ബാക്കി ആരോഗ്യ പ്രവർത്തകർക്കുള്ള വാക്‌സിൻ അടുത്ത ദിവസംതന്നെ ജില്ലയിലെത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top