08 May Wednesday

അബ്ദുറഹ്‌മാന്റെ കണ്ണുകളിൽ സങ്കടവും ക്ഷോഭവും നിറഞ്ഞു; സെയ്‌താലിക്ക് അന്ന് 16 വയസ് പ്രായം

ജിജോ ജോർജ്Updated: Saturday May 14, 2022

രക്തസാക്ഷി സെയ്‌താലിയുടെ ഫോട്ടോയുമായി സഹോദരൻ 
അബ്ദുറഹ്‌മാൻ

 മലപ്പുറം> ‘‘അത്രക്ക്‌ ക്രൂരമനസുള്ളവർക്കുമാത്രമേ അത്‌ ചെയ്യാൻ കഴിയൂ. കലാലയത്തിൽ കഠാരരാഷ്‌ട്രീയത്തെക്കുറിച്ച്‌ കേട്ടറിവുപോലുമില്ലാത്ത കാലം‌. ഒന്നാംവർഷ പ്രീഡിഗ്രി വിദ്യാർഥിയായ സെയ്‌താലിക്ക്‌ 16 വയസാണ്‌ പ്രായം. പിറകിൽനിന്നുള്ള കുത്തേറ്റ്‌ പട്ടാമ്പി കോളേജിന്റെ മുറ്റത്ത്‌‌ വീഴുകയായിരുന്നു‌. കെഎസ്‌യു–-എബി‌വിപി ഗുണ്ടാസംഘമാണ്‌ ആക്രമണം നടത്തിയത്‌’’–- അകാലത്തിൽ പൊലിഞ്ഞ കുഞ്ഞനിയൻ സെയ്‌താലിയുടെ അവസാന നിമിഷങ്ങൾ വിറയലോടെ ഓർത്തെടുക്കുകയാണ്‌ സഹോദരൻ അബ്ദുറഹ്‌മാൻ. ‘‘അഭിമന്യു, ധീരജ്‌  എന്നിവരെക്കുറിച്ച്‌ കേട്ടപ്പോഴും അവന്റെ സ്‌മരണ ഇരമ്പി’’–- അബ്ദുറഹ്‌മാന്റെ കണ്ണുകളിൽ സങ്കടവും ക്ഷോഭവും നിറഞ്ഞു.

ക്യാമ്പസുകളിലേക്ക്‌ ഊളിയിടുന്ന മതതീവ്രവാദികളെയും വർഗീയവാദികളെയും ചെറുക്കാനുള്ള പോരാട്ടത്തിൽ ശുഭ്രപതാകയിലെ രക്തനക്ഷത്രമായി സെയ്‌താലി ഓരോ എസ്‌എഫ്‌ഐ പ്രവർത്തകനിലുമുണ്ടാകും.1974 സെപ്‌തംബർ 20നായിരുന്നു ആ ദുരന്തം. ‘‘അന്ന്‌ കെഎസ്‌ആർടിസി കണ്ടക്ടറായിരുന്നു. കാളികാവ്‌–- പാലക്കാട്‌ ബസ്‌  പെരിന്തൽമണ്ണ ഡിപ്പോയിൽ എത്തിയപ്പോൾ പട്ടാമ്പിയിൽനിന്ന്‌  ഫോൺ. അപ്പുറത്ത്‌ ലാസർ ആൻഡ്‌ കമ്പനിയിലെ ജോസേട്ടനായിരുന്നു. സെയ്‌താലിക്ക്‌ കുത്തേറ്റുവെന്നും വേഗം പട്ടാമ്പിക്ക്‌ വരണമെന്നും പറഞ്ഞു. പട്ടാമ്പി ആശുപത്രിയിൽ എത്തിയപ്പോഴാണ്‌ അവൻ മരിച്ചുവെന്ന യാഥാർഥ്യം മനസിലാക്കുന്നത്‌. 
കോളേജിലെ പെൺകുട്ടികളെ ശല്യംചെയ്‌ത കെഎസ്‌യു, എബിവിപിക്കാർക്കെതിരെ എസ്‌എഫ്‌ഐ പ്രവർത്തകർ പ്രകടനം നടത്തുന്നതിനിടെയാണ്‌ അക്രമികൾ പിന്നിൽനിന്ന്‌ സെയ്‌താലിയെ കുത്തിയത്‌. രാവിലെ ഒമ്പതയോടെ ക്യാമ്പസിൽ നടന്ന ആക്രമണം ആസൂത്രിതമായിരുന്നു. 

ഞങ്ങളുടെ നാടായ പുലാമന്തോൾ കട്ടുപ്പാറയിൽ സംഭവത്തെ വർഗീയ വൽക്കരിക്കാൻ ചിലർ ശ്രമംനടത്തിയെങ്കിലും അധ്യാപകനായ ബാപ്പ മൊയ്‌തുണ്ണി മാസ്‌റ്റർ അതിനെ ശക്തമായി എതിർത്തു’’–- അബ്ദുറഹ്‌മാൻ പറഞ്ഞു.   എസ്‌എഫ്‌ഐ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത്‌ സെയ്‌താലിയുടെ ബാപ്പ മൊയ്‌തുണ്ണി മാസ്‌റ്റർ പറഞ്ഞ വാക്കുകൾ ഇന്നും ഓരോ പ്രവർത്തകരും ആവേശത്തോടെ നെഞ്ചേറ്റുന്നു. ‘‘എനിക്ക്‌ മകനെയോർത്ത്‌ അഭിമാനമാണ്‌. എന്റെ മുന്നിലിരിക്കുന്ന ഓരോ വിദ്യാർഥികളിലും ഞാൻ എന്റെ സെയ്‌താലിയെ കാണുന്നു’’. ആ വാക്കുകൾ സമരപാതകളിൽ നിറയ്‌ക്കുന്ന ഊർജം ചെറുതല്ല.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top