26 April Friday

കാലില്ലെങ്കിലെന്താ 
മനസ്സുണ്ട്‌ വിപിന്‌

വെബ് ഡെസ്‌ക്‌Updated: Friday May 13, 2022
കോട്ടയം 
ലോകം നമിക്കുന്ന ഫ്ലോറൻസ്‌ നൈറ്റിങ്ഗേളിന്റെ 202ാം ജന്മദിനത്തിൽ വ്യാഴാഴ്‌ച ലോക നേഴ്‌സസ്‌ ദിനമായി ആചരിച്ചു. അന്നും വിശ്രമിക്കാതെ നേഴ്‌സിങ് സമൂഹത്തിന്‌ വേണ്ടി ‘ഓടി നടന്നു’ വിധിയെ തോൽപ്പിച്ച വിപിൻ ചാണ്ടി എന്ന പുരുഷ നേഴ്‌സ്‌. അപകടത്തിൽ ഇടത് കാൽ നഷ്ടപ്പെട്ടെങ്കിലും  ഇഷ്ടജോലി ചെയ്യുന്നതിന് തടസ്സമായില്ല. ദുരന്തമുഖത്ത്‌ നിന്നും വർധിതവീര്യത്തോടെ വീണ്ടും ആതുരസേവന രംഗത്തേക്ക് . 
തിരുവല്ല പൊടിയാടി ചക്കാല വീട്ടിൽ വിപിൻ ചാണ്ടി(35)യുടെ ജീവിതം അതിജീവനത്തിന്റെ അപൂർവ മാതൃക. രോഗാതുരമായ മനസ്സുകൾക്ക് ആശ്വാസം പകർന്നിരുന്ന ആ മനസ്സിനെ, ദുരന്തം കുറച്ചൊന്നുമല്ല ബാധിച്ചത്. പക്ഷേ തോറ്റ്‌ കൊടുക്കാത്ത ഇഛാശക്തിയുമായി ഈ യുവാവ്‌ മുന്നോട്ട് കുതിച്ചു. 2018 സെപ്‌തംബർ 30 ന് ജോലി കഴിഞ്ഞ് മടങ്ങവെയാണ് വിപിൻ സഞ്ചരിച്ച ബൈക്കിൽ ടോറസ്‌ ഇടിച്ചത്‌. അപകടത്തിൽ ഇടത്കാൽ മുട്ടിന് താഴെ മുറിച്ചു മാറ്റി. പിന്നീട് കൃത്രിമ കാലുമായി നടക്കാൻ തുടങ്ങിയതോടെ  വീണ്ടും കർമനിരതനായി. കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ഒപി വിഭാഗത്തിൽ നേഴ്സിങ് ഓഫീസറാണ്. 2012ലാണ് വിപിൻ എംസിഎച്ചിൽ ജോലിയിൽ പ്രവേശിച്ചത്. അപകടത്തിന് മുമ്പ്‌ ഓപ്പറേഷൻ തിയറ്ററുകളിൽ മണിക്കൂറുകളോളം ജോലി ചെയ്യാൻ കഴിഞ്ഞിരുന്നു. കൃത്രിമ കാലുമായി ഓപ്പറേഷൻ തിയറ്ററിൽ ജോലി ചെയ്യാൻ കഴിയുന്നില്ലെന്ന സങ്കടമേ വിപിനുള്ളൂ.  ‘ചെറിയ രോഗങ്ങളിൽ മനസ്സ് മടുത്ത് ജീവിതം മടുക്കുന്ന ആളുകൾക്ക് പ്രചോദനമാകാൻ കഴിയുന്നതൊക്കെ ചെയ്യുക’ എന്നതാണ്  ലക്ഷ്യമെന്നും വിപിൻ പറയുന്നു. എംഎസ്‌സി സൈക്കോളജി നേഴ്സിങ് കോട്ടയം മെഡിക്കൽ കോളേജിൽനിന്ന്‌ പൂർത്തിയാക്കിയ വിപിൻ ഗവ. നേഴ്സസ് യൂണിയൻ ജില്ലാ പ്രസിഡന്റാണ്. മോട്ടിവേഷൻ ക്ലാസും എടുക്കാറുണ്ട്‌. ഭാര്യ രേഷ്‌മയും നേഴ്‌സ്‌. മകൻ:  മാനുവൽ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top