26 April Friday

ആതുരവഴിയിലെ 
സാന്ത്വന തീരം

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023

 1999ൽ കലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിക്ക്‌ കീഴിൽ ബിഎസ്‌സി നഴ്‌സിങ്‌, ബിപിടി  കോഴ്‌സുകളുമായി തുടക്കം. ക്ലിനിക്കൽ പ്രാക്ടീസ്‌ നടത്താനാവാതെ വിദ്യാർഥികൾ സമരമാരംഭിച്ചപ്പോൾ വൈസ്‌ചാൻസലർ ഡോ. കെ കെ എൻ കുറുപ്പ്‌ പ്രശ്‌നപരിഹാരത്തിന്‌ വഴിതേടി തലശേരി കോ–-ഓപ്പറേറ്റീവ്‌ ഹോസ്‌പിറ്റൽ പ്രസിഡന്റ്‌  ഇ നാരായണനെ സമീപിച്ചു. പ്രശ്‌നപരിഹാരത്തിന്‌ സാധ്യത തെളിഞ്ഞത്‌ കോടിയേരി ബാലകൃഷ്‌ണന്റെ  ഇടപെടലിൽ. സഹകരണ മന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരം  കേരള ഹോസ്‌പിറ്റൽ ഫെഡറേഷൻ രൂപീകരിച്ച്‌ കോഴ്‌സ്‌ ഏറ്റെടുത്തു.

തലശേരി ടൗണിലെ വാടകക്കെട്ടിടത്തിൽ പരിമിത സൗകര്യത്തോടെയായിരുന്നു തുടക്കം. കോ–-ഓപ്പറേറ്റീവ്‌ ഹോസ്‌പിറ്റലിൽ ക്ലിനിക്കൽ പ്രാക്ടീസിന്‌ സൗകര്യമേർപ്പെടുത്തി. രണ്ട്‌ കോടി രൂപ വായ്‌പയെടുത്ത്‌ നെട്ടൂർ മണ്ണയാട്‌  കെട്ടിടം നിർമിച്ചു. പടിപടിയായ വളർച്ചയിൽ വായ്‌പ തിരിച്ചടക്കുകയും പുതിയ കോഴ്‌സുകൾ തുടങ്ങുകയും ചെയ്‌തു. 2005ൽ കണ്ണൂർ യൂണിവേഴ്‌സിറ്റിക്ക്‌ കീഴിലേക്ക്‌. 2009ൽ പിജി നഴ്‌സിങ്‌ കോഴ്‌സാരംഭിച്ചു. 2010 മുതൽ ആരോഗ്യ സർവകലാശാലയുടെ ഭാഗമാണ്‌ നഴ്‌സിങ്‌ കോളേജും കോ–-ഓപ്പറേറ്റീവ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഹെൽത്ത്‌ സയൻസസും.
കോ–-ഓപ്പറേറ്റീവ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഹെൽത്ത്‌ സയൻസസ്‌
പാരാമെഡിക്കൽ കോഴ്‌സ്‌ പഠനത്തിന്‌ സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ്‌ തലശേരി കോ–-ഓപ്പറേറ്റീവ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഹെൽത്ത്‌ സയൻസസ്‌. ബാച്ചിലർ ഓഫ്‌ ഫിസിയോ തെറാപ്പി, ബിഎസ്‌സി മെഡിക്കൽ ബയോകെമിസ്‌ട്രി, ബിഎസ്‌സി മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി, ബിഎസ്‌സി മെഡിക്കൽ മൈക്രോ ബയോളജി തുടങ്ങിയ കോഴ്‌സുകൾ ഇവിടെയുണ്ട്‌.  മാസ്‌റ്റർ ഓഫ്‌ ഫിസിയോതെറാപ്പി പിജി കോഴ്‌സും. 550 വിദ്യാർഥികൾ മെഡിക്കൽ സയൻസസിലും 230 കുട്ടികൾ നഴ്‌സിങ്‌ കോളേജിലും പഠിക്കുന്നു.
താങ്ങാവുന്ന കോളേജ്‌
സർക്കാർ നിശ്‌ചയിക്കുന്ന ഫീസ്‌, മെറിറ്റിലുള്ള പ്രവേശനം എന്നിവ ആകർഷകമായ ഘടകങ്ങളാണ്‌. പ്രവേശനത്തിന്‌ കർശനമായ ചിട്ടകൾ തുടക്കംമുതലേയുണ്ട്‌. പാവപ്പെട്ട കുട്ടികളോട്‌ എന്നും അനുകമ്പ പുലർത്തി. രക്ഷിതാവിന്റെ മരണത്തെതുടർന്ന്‌ ഫീസടയ്‌ക്കാൻ കഴിയാത്ത രണ്ട്‌ കുട്ടികളെ സൗജന്യമായി പഠിപ്പിച്ചത്‌ ചരിത്രം. വാടകക്കെട്ടിടത്തിൽനിന്ന്‌ വിശാല സൗകര്യത്തോടെയുളള മെഡിക്കൽ വിദ്യാഭ്യാസ പഠനകേന്ദ്രമായി ക്യാമ്പസ്‌ വളർന്നു. ഇ നാരായണൻ (ചെയർമാൻ), അബ്ദുറഹ്‌മാൻ (സെക്രട്ടറി) എന്നിവർ ഭാരവാഹിയായാണ്‌ ഫെഡറേഷൻ തുടങ്ങിയത്‌. അഡ്വ. കെ ഗോപാലകൃഷ്‌ണൻ ചെയർമാനും കെ കെ ലതിക വൈസ്‌ ചെയർമാനും സി മോഹനൻ എംഡിയും കെ വേലായുധൻ എഒയുമായ ഭരണസമിതിയാണ്‌ കേരള ഹോസ്‌പിറ്റൽ ഫെഡറേഷനെ നയിക്കുന്നത്‌.
ജീവിതത്തിലേക്ക്‌ 
കൈപിടിച്ചുയർത്തിയവർ
തളർന്നുകിടപ്പിലായ എത്രയോ പേരെ ജീവിതത്തിലേക്ക്‌ കൈപിടിച്ചുയർത്തിയിട്ടുണ്ട്‌ കോ–-ഓപ്പറേറ്റീവ്‌ ഹെൽത്ത്‌ സയൻസസിലെ ഫിസിയോതെറാപ്പി വിദ്യാർഥികൾ. ഐആർപിസിയുമായി സഹകരിച്ച്‌ വീടുകളിലെത്തി സൗജന്യമായി ഫിസിയോതെറാപ്പിയും ചെയ്യാറുണ്ട്‌. സേവനതൽപ്പരരായ, സാമൂഹ്യപ്രതിബദ്ധതയുള്ള വിദ്യാർഥികളെയാണ്‌ ഇവിടെ വളർത്തിയെടുക്കുന്നത്‌.
കോവിഡ്‌കാല സർവേ
കോവിഡ്‌ കാലത്ത്‌ കോളേജ്‌ ഓഫ്‌ നഴ്‌സിങ്ങിലെ വിദ്യാർഥികൾ നടത്തിയ സർവേ ശ്രദ്ധേയമായിരുന്നു. കോവിഡ്‌  സമൂഹത്തെയും വീടുകളെയും എങ്ങനെ ബാധിച്ചുവെന്ന്‌ വിശകലനം ചെയ്യുന്നതായിരുന്നു സർവേ.    വിദ്യാർഥികൾ നടത്തിയ സേവനവും മാതൃകയായിരുന്നു.
 
അഭിമാനകേന്ദ്രം
നഴ്‌സിങ്‌ വിദ്യാഭ്യാസരംഗത്ത്‌ അഭിമാനകരമായ നേട്ടം കൈവരിച്ച കലാലയമാണ്‌ തലശേരി കോളേജ്‌ ഓഫ്‌ നഴ്‌സിങ്‌. ഉയർന്ന വിജയശതമാനവും മികച്ച പഠനാന്തരീക്ഷവുമുണ്ട്‌. ബിഎസ്‌സി നഴ്‌സിങ്ങിൽ 60 സീറ്റിലും എംഎസ്‌സി നഴ്‌സിങ്ങിൽ 12 സീറ്റിലുമാണ്‌ പ്രവേശനം.  25ാമത്തെ ബിഎസ്‌സി നഴ്‌സിങ് ബാച്ചാണ്‌ ഇപ്പോൾ പഠനം പൂർത്തിയാക്കുന്നത്‌. സ്‌റ്റുഡന്റ്‌ കലോത്സവത്തിൽ കലാതിലകമായ ഗൗരി നന്ദിനി ഉൾപ്പെടെ   പ്രതിഭകൾ ഏറെയുണ്ടിവിടെ.
ഡോ. സ്വപ്‌ന ജോസ്‌
 പ്രിൻസിപ്പൽ, കോളേജ്‌ ഓഫ്‌ നഴ്‌സിങ്‌
 
പ്ലേസ്‌മെന്റ്‌ 100 ശതമാനം
മികച്ച വിജയശതമാനമാണ്‌ ഹെൽത്ത്‌ സയൻസസിൽ. പിജിയിൽ മൂന്ന്‌ സ്‌പെഷ്യലൈസേഷനിലും റാങ്കുണ്ട്‌. ബിരുദത്തിനും ആരോഗ്യ സർവകലാശാലയിലെ മികച്ച റിസൾട്ടാണ്‌. പാഠ്യേതര പ്രവർത്തനത്തിലും  മുന്നിലായ കോളേജിന്‌  ആരോഗ്യ സർവകലാശാല ഇന്റർ സോൺ മത്സരത്തിൽ അഞ്ചാംസ്ഥാനം ലഭിച്ചു. ചിത്രപ്രതിഭയായി ഹെൽത്ത്‌ സയൻസസിലെ അഞ്ജിമ തെരഞ്ഞെടുക്കപ്പെട്ടത്‌ മറ്റൊരു നേട്ടം. പഠനത്തിന്‌ ശേഷം സംസ്ഥാനത്തും വിദേശത്തും മികച്ച തൊഴിൽ സാധ്യതയുണ്ട്‌. നൂറ്‌ ശതമാനം പ്ലേസ്‌മെന്റ്‌ ഉറപ്പാണ്‌.
പ്രൊഫ. വി ടി സജി,  പ്രിൻസിപ്പൽ
കോ–-ഓപ്പറേറ്റീവ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഹെൽത്ത്‌ സയൻസസ്‌
 
മികവിന്റെ കേന്ദ്രം
വിദ്യാർഥികളുടെ അക്കാദമിക്‌ മികവ്‌ ഉയർത്തുന്നതിൽ എന്നും മുന്നിലാണ്‌ കോളേജ്‌ ഓഫ്‌ നഴ്‌സിങ്‌. ക്ലിനിക്കൽ പ്രാക്ടീസിനും അക്കാദമിക്‌ മികവിനുമൊപ്പം കലാ കായികരംഗത്തും പ്രോത്സാഹനം നൽകുന്നു. അടുത്തകാലത്തായി  കളിക്കളമില്ലാത്ത പോരായ്‌മയും പരിഹരിക്കപ്പെട്ടു. കോ–-ഓപ്പറേറ്റീവ്‌ ആശുപത്രി, ജനറൽ ആശുപത്രി, മലബാർ ക്യാൻസർ സെന്റർ, കോഴിക്കോട്‌ മാനസികാരോഗ്യകേന്ദ്രം തുടങ്ങിയ ആശുപത്രികളിൽ ക്ലിനിക്കൽ പ്രാക്ടീസ്‌ സൗകര്യമുണ്ട്‌. സ്വകാര്യസ്ഥാപനങ്ങളിൽനിന്ന്‌ തീർത്തും വ്യത്യസ്‌തമാണിവിടം.
മുഹമ്മദ്‌ ഷഹൽ, ചെയർമാൻ
തലശേരി കോളേജ്‌ ഓഫ്‌ നഴ്‌സിങ്‌  
 
തൊഴിൽ സാധ്യതയേറെ
രാജ്യത്തും വിദേശത്തും തൊഴിൽ സാധ്യതകളുള്ള കോഴ്‌സുകളാണ്‌ ഹെൽത്ത്‌ സയൻസസിലുള്ളത്‌. പഠനം പൂർത്തിയാവും മുമ്പേ തൊഴിലിന്‌ ഓഫറുകളെത്തും. അക്കാദമിക്‌ സൗകര്യങ്ങൾ ഇനിയും വർധിപ്പിക്കാനുണ്ട്‌. വർഷത്തിൽ ഒരു മാസമേ ഇപ്പോൾ പ്രാക്ടിക്കലുള്ളൂ. തിയറിക്കൊപ്പം പ്രാക്ടിക്കലിനും കൂടുതൽ അവസരമുണ്ടാവണം. ബോയ്‌സ്‌ ഹോസ്‌റ്റൽകൂടി വന്നാൽ സൗകര്യപ്രദമാകും.
അൽഹാദി,  യൂണിയൻ ചെയർമാൻ,
കോ–-ഓപ്പറേറ്റീവ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ 
ഹെൽത്ത്‌ സയൻസസ്‌

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top