26 April Friday
ബ്ലോക്ക്‌ പഞ്ചായത്ത്‌

വിജയം ഉറപ്പിച്ച്‌‌ എൽഡിഎഫ്‌

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020

 

 
എസ്‌ സിരോഷ
പാലക്കാട്‌
നാട്ടിൽ വികസനത്തിന്റെ പുതുവെളിച്ചം എത്തിക്കാൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രതിനിധികൾ അക്ഷീണം പ്രവർത്തിച്ച അഞ്ചുവർഷമാണ്‌ കടന്നുപോയത്‌. റോഡ്‌, കുടിവെള്ളം, വൈദ്യുതി, വീട്‌ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾ കണ്ടറിഞ്ഞ്‌ നടത്തിയ വികസനം ജനങ്ങൾക്കിടയിൽ വലിയ മതിപ്പുണ്ടാക്കി. 
2015ലെ തെരഞ്ഞെടുപ്പിൽ ജില്ലയിലെ 13 ബ്ലോക്ക്‌ പഞ്ചായത്തിൽ 11 ഉം നേടി എൽഡിഎഫ് ആധിപത്യം ഉറപ്പിച്ചു. കേന്ദ്രാവിഷ്‌കൃത ഫണ്ട്‌ പരമാവധി വിനിയോഗിച്ചു. ഇക്കാരണത്താൽ എൽഡിഎഫ്‌ മുന്നേറ്റത്തിന്റെ തുടർച്ച നാട്‌ ആഗ്രഹിക്കുന്നു.
തികഞ്ഞ ഐക്യത്തോടെയാണ്‌ എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണരംഗത്ത്‌ മുന്നേറുന്നത്‌. എന്നാൽ യുഡിഎഫ്‌ സംഘർഷകലുഷിതം. കൊല്ലങ്കോട്, ആലത്തൂർ ബ്ലോക്കുകളിൽ കോൺഗ്രസിലെ കലാപം ഇനിയും അടങ്ങിയിട്ടില്ല. കൊല്ലങ്കോട്‌ കാമ്പ്രത്തുചള്ളയിൽ മുൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റിനെതിരെ വിമത നീക്കം ശക്തമാണ്‌. എത്തനൂർ ഡിവിഷനിൽ നിശ്‌ചയിച്ച സ്ഥാനാർഥിയെ കോൺഗ്രസ്‌ മാറ്റി. 
പല ബ്ലോക്കുകളിലും ബിജെപിയുമായി യുഡിഎഫ്‌ പരസ്യസഖ്യത്തിലാണ്‌. ചിലയിടത്ത്‌ വിമതരുമുണ്ട്‌‌. 2015 ൽ പട്ടാമ്പി, മണ്ണാർക്കാട്‌ ബ്ലോക്കുകൾ മാത്രമാണ്‌ എൽഡിഎഫിന്‌ നഷ്ടമായത്‌. ആലത്തൂർ, അട്ടപ്പാടി, ചിറ്റൂർ, കൊല്ലങ്കോട്‌, കുഴൽമന്ദം, മലമ്പുഴ, നെന്മാറ, ഒറ്റപ്പാലം, പാലക്കാട്‌, തൃത്താല, ശ്രീകൃഷ്‌ണപുരം 
ബ്ലോക്കുകൾ എൽഡിഎഫിനൊപ്പമാണ്‌. 183 ബ്ലോക്ക്‌ ഡിവിഷനിൽ 132 ഡിവിഷൻ എൽഡിഎഫിനാണ്‌. 49 എണ്ണം യുഡിഎഫിനും രണ്ടെണ്ണം ബിജെപിക്കും.  
ആലത്തൂർ ബ്ലോക്കിലെ ആകെ 15 ഡിവിഷനിൽ 14 ഉം എൽഡിഎഫിനൊപ്പം. അട്ടപ്പാടിയിൽ 13ൽ 12, ചിറ്റൂരിൽ 14ൽ എട്ട്‌, കൊല്ലങ്കോട്ടിൽ 13ൽ 10, കുഴൽമന്ദത്ത്‌ 13ൽ 10, മലമ്പുഴയിൽ 13ൽ 11, നെന്മാറ 13ൽ 12, ഒറ്റപ്പാലത്ത്‌ 16ൽ 14, പാലക്കാട്‌ 14ൽ 10, ശ്രീകൃഷ്ണപുരത്ത്‌ 13ൽ ഒമ്പത്‌, തൃത്താലയിൽ 14ൽ ഒമ്പത്‌ എന്നിങ്ങനെ മികച്ച വിജയമാണ്‌ എൽഡിഎഫ്‌ നേടിയത്‌. പട്ടാമ്പിയിൽ 15ൽ അഞ്ചെണ്ണം എൽഡിഎഫിനൊപ്പം നിന്നു‌. മണ്ണാർക്കാട്‌ ബ്ലോക്കിൽ 17ൽ എട്ട്‌ ഡിവിഷനാണ്‌ എൽഡിഎഫിനുള്ളത്‌. ഒന്നിന്റെ വ്യത്യാസത്തിലാണ്‌ ഭരണം നഷ്ടപ്പെട്ടത്‌. ഇത്തവണ വികസനനേട്ടം ഉയർത്തി മുഴുവൻ ബ്ലോക്കുകളും പിടിച്ചെടുക്കാനുള്ള നിശ്‌ചയദാർഢ്യത്തിലാണ്‌ എൽഡിഎഫ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top