27 April Saturday

അത്ര സുരക്ഷിതമല്ല കൊല്ലം റെയിൽവേ സ്റ്റേഷൻ; സുരക്ഷാ ഭീഷണിയെന്ന റിപ്പോർട്ടുകൾക്ക്‌ അവഗണന

സ്വന്തം ലേഖകൻUpdated: Monday Aug 2, 2021

കൊല്ലം റെയിൽവേ സ്‌റ്റേഷനിലെ സിഗ്നൽ ഷെഡ് പരിസരം കാടുപിടിച്ചനിലയിൽ

കൊല്ലം > കൊല്ലം റെയിൽവേ സ്‌റ്റേഷന്റെ സുരക്ഷാവീഴ്‌ചയെ സംബന്ധിച്ച റിപ്പോർട്ടുകൾ അവഗണിച്ച്‌ അധികൃതർ.  സമൂഹ്യവിരുദ്ധരും മോഷ്‌ടാക്കളും താവളമാക്കുന്ന റെയിൽവേ സ്‌റ്റേഷനും പരിസരവും  ഗുരുതര സുരക്ഷാ ഭീഷണിയിലാണെന്ന്‌ റെയിൽവേ പൊലീസ്‌ നിരവധിതവണ മുന്നറിയിപ്പു നൽകിയിരുന്നു.

എന്നാൽ, ഒരു നടപടിയും റെയിൽവേയിൽനിന്ന്‌  ഉണ്ടായില്ല.  കവാടത്തിലും സ്‌റ്റേഷനുള്ളിലും ലക്ഷങ്ങൾ ചെലവഴിച്ച്‌ സ്ഥാപിച്ച സിസിടിവി ക്യാമറകൾ പ്രവർത്തിക്കാതായിട്ട്‌ മാസങ്ങളായി. ഇത്‌  പലസംഭവങ്ങളിലും കുറ്റക്കാരെ  കണ്ടെത്താൻ പൊലീസിന്‌ തടസ്സമാകുന്നു. കഴിഞ്ഞദിവസം റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്‌സ്‌ (ആർപിഎഫ്‌) ഓഫീസിനു സമീപം കേബിൾ ക്യാബിൻ തകർത്ത്‌ കേബിൾ മുറിച്ചുമാറ്റിയിരുന്നു. ഇതേത്തുടർന്ന്‌ സിഗ്‌നൽ തകരാറാവുകയും ട്രെയിൻ പിടിച്ചിടുകയും ചെയ്‌തിരുന്നു.  മേൽപ്പാലത്തിന്‌ അടിയിലും കുറ്റിക്കാട്ടിലുമായി തമ്പടിക്കുന്ന സമൂഹ്യവിരുദ്ധരും മോഷ്‌ടാക്കളും കഞ്ചാവ്‌ വിൽപ്പനക്കാരും ആകാം പിന്നിലെന്നു പറഞ്ഞ്‌ സംഭവത്തെ ലഘൂകരിക്കുകയാണ്‌ റെയിൽവേ.

കേസ്‌ രജിസ്റ്റർ ചെയ്‌തതോടെ ആർപിഎഫിന്റെ അന്വേഷണവും ചുരുട്ടിക്കെട്ടി.  കൊല്ലം ജങ്‌ഷനിൽ പിടിച്ചുപറിയും അക്രമവും നിർത്തിയിട്ടിരിക്കുന്ന ട്രെയിനുകൾക്ക്‌ കേടുപാട്‌ വരുത്തുന്നതും പതിവാണ്‌. ഒന്നും രണ്ടും കവാടങ്ങൾ ഉണ്ടെങ്കിലും മറ്റു ഭാഗങ്ങളെല്ലാം  തുറന്നിട്ടിരിക്കുകയാണ്‌. ആർക്കും എപ്പോഴും യഥേഷ്‌ടം വന്നുപോകാവുന്ന സ്ഥിതി സ്‌റ്റേഷന്റെ സുരക്ഷയെ അപകടത്തിലാക്കും. രാത്രിയായാൽ അഞ്ച്‌ പ്ലാറ്റ്‌ ഫോമുകളിലും  പലയിടത്തും വെളിച്ചമുണ്ടാകില്ല. ആൾപ്പാർപ്പില്ലാത്ത റെയിൽവേ ക്വാർട്ടേഴ്‌സും പരിസരവും കാടുപിടിച്ചുകിടക്കുന്നു.

കുറ്റവാളികൾക്ക്‌ താവളമാക്കാവുന്ന രീതിയിൽ കാടുമൂടിക്കിടക്കുന്ന ഇവിടെ കുപ്പിയും മാലിന്യങ്ങളും തള്ളുന്നു. പുനലൂർ പാതയിൽനിന്ന്‌ കൊല്ലം വരെയുള്ള ട്രെയിനുകൾ നിർത്തിയിടുന്ന ഭാഗത്ത്‌ റോഡിൽനിന്ന്‌ രാപ്പകൽ വ്യത്യാസമില്ലാതെ ആർക്കും സ്‌റ്റേഷനുള്ളിൽ കടക്കാം. സ്‌റ്റേഷനും പരിസരവും ശുചീകരിക്കണമെന്ന ആവശ്യവും അധികൃതർ അവഗണിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top