27 April Saturday

തങ്കമണി ഇനി തലോടലിന്റെ തണലിൽ

സ്വന്തം ലേഖകൻUpdated: Wednesday Feb 1, 2023

എം അലിയാർ ചാരിറ്റബിൾ സൊസൈറ്റി നിർമിച്ച വീടിന്റെ താക്കോൽ കെെമാറിയ ശേഷം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തങ്കമണിയുമായി സൗഹൃദ സംഭാഷണത്തിൽ. സംസ്ഥാന കമ്മിറ്റി അംഗം ടി എൻ സീമ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ, ജില്ലാ സെക്രട്ടറി വി ജോയി, ഏരിയ സെക്രട്ടറി പി എസ് ഹരികുമാർ എന്നിവർ സമീപം

കോവളം
തങ്കമണി ഇനി അലിയാർ ചാരിറ്റബിൾ സൊസൈറ്റിയുടെ തലോടലിന്റെ തണലിൽ അന്തിയുറങ്ങും. മുല്ലൂർ കടക്കുളം പനവിളക്കോട് വടക്കരികത്ത് വീട്ടിൽ തങ്കമണിക്ക് തലോടൽ ഭവനത്തിന്റെ താക്കോൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കൈമാറി. സൊസൈറ്റിയുടെ "തലോടൽ' പദ്ധതി പ്രകാരം ഒരുങ്ങിയ മൂന്നാമത്തെ ഭവനമാണിത്‌. സ്വന്തമായി വരുമാനമില്ലാതിരുന്ന തങ്കമണി ഈർക്കിൽ വിറ്റും സാമൂഹ്യ സുരക്ഷാ പെൻഷനും റേഷനും കൊണ്ടായിരുന്നു ജീവിതം തള്ളി നീക്കിയത്. 
ഭർത്താവും രണ്ട്‌ കുഞ്ഞുങ്ങളും മരിച്ച തങ്കമണി ഇടിഞ്ഞ് വീഴാറായ വീട്ടിൽ ഒറ്റയ്‌ക്കായിരുന്നു താമസം. ഇവരുടെ അവസ്ഥ കണ്ട പ്രദേശത്തെ സിപിഐ എം പ്രവർത്തകരാണ് അലിയാർ ചാരിറ്റബിൾ സൊസൈറ്റി മുമ്പാകെ കാര്യം ശ്രദ്ധയിൽപ്പെടുത്തുന്നത്. തുടർന്നാണ്‌ സൊസൈറ്റി പ്രസിഡന്റ് പി എസ് ഹരികുമാറിന്റെ നേതൃത്വത്തിൽ വീട്‌ നിർമാണമാരംഭിച്ചതും പൂർത്തിയാക്കിയതും.
 
അദാനിയെ സംരക്ഷിക്കാൻ പൊതുമുതൽ വിനിയോഗിക്കുന്നു; എം വി ഗോവിന്ദൻ
കോവളം
അദാനിയെ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ പൊതുമുതൽ വിനിയോഗിക്കുകയാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ലോകത്ത്‌ തന്നെ ഏറ്റവും ദരിദ്രരുള്ള നാടായി ഇന്ത്യ മാറി. രാജ്യത്തിന്റെ പൊതുസ്വത്ത് അതിസമ്പന്നർക്കായി ചെലവഴിക്കുകയാണ്‌. 
സഅദാനിയുടെ കള്ളത്തരങ്ങൾ പുറത്തുവന്നതിന്‌ പിന്നാലെ അവരെ സംരക്ഷിക്കുന്നതിനായി പൊതുമുതൽ വിനിയോഗിക്കയാണ്‌. പൊതുമേഖലാ ബാങ്കുകളിൽ കോർപറേറ്റുകളുടെ കിട്ടാക്കടം എഴുതിത്തള്ളുകയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. അലിയാർ ചാരിറ്റബിൾ സൊസൈറ്റി നിർമിച്ച തലോടൽ ഭവനത്തിന്റെ താക്കോൽ കൈമാറലും രാഷ്‌ട്രീയ വിശദീകരണ യോഗവും ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
യോഗത്തിൽ കോവളം ഏരിയ സെക്രട്ടറി പി എസ് ഹരികുമാർ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനാവൂർ നാഗപ്പൻ, സംസ്ഥാന കമ്മിറ്റി അംഗം ടി എൻ സീമ, ജില്ലാ സെക്രട്ടറി വി ജോയി,  ജില്ലാ കമ്മിറ്റി അംഗം പി രാജേന്ദ്രകുമാർ, എസ് അജിത്ത്, എ ജെ സുക്കാർണോ, വണ്ടിതടം മധു, വി അനൂപ്, കെ ജി സനൽകുമാർ, എം വി മൻമോഹൻ, ഉച്ചക്കട ചന്ദ്രൻ, ജി ശാരിക, യു സുധീർ തുടങ്ങിയവർ പങ്കെടുത്തു.
കോവളം ഏരിയ കമ്മിറ്റി പൂർത്തിയാക്കിയ ദേശാഭിമാനി വാർഷിക വരിക്കാരുടെ ലിസ്റ്റ്‌ പി എസ് ഹരികുമാർ എം വി ഗോവിന്ദന്‌ കൈമാറി. വാർഷിക വരിസംഖ്യ പൂർത്തീകരിച്ച തിരുവല്ലം ഈസ്റ്റ്, കോട്ടുകാൽ, കോവളം, കാഞ്ഞിരംകുളം, വിഴിഞ്ഞം ലോക്കല് കമ്മിറ്റികളെയും വിവിധ ബ്രാഞ്ചുകൾക്കും ഉപഹാരം നൽകി.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top