26 April Friday

സ്റ്റാർട്ടപ്പ് റാങ്കിംഗ്: മികച്ച പ്രകടനത്തിന് മൂന്നാമതും കേരളത്തിന് പുരസ്‌കാരം

മിൽജിത്‌ രവീന്ദ്രൻUpdated: Monday Jul 4, 2022


 

തിരുവനന്തപുരം
കേരളത്തിന്‌ വ്യവസായ രംഗത്തും സ്റ്റാർട്ടപ്‌ മേഖലയിലും വൻ കുതിപ്പ്‌. മികച്ച പ്രകടനത്തിനുള്ള കേന്ദ്ര സർക്കാരിന്റെ സ്റ്റാർട്ടപ്‌ പുരസ്‌കാരത്തിൽ കേരളത്തിന്‌ ഹാട്രിക്‌. ഒപ്പം രാജ്യത്തെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ സൂചികയിൽ ഒറ്റവർഷംകൊണ്ട്‌ കേരളം 13 പടി കയറി 15–-ാം സ്ഥാനത്തും എത്തി.

കരുത്തുറ്റ സ്റ്റാർട്ടപ്‌ അന്തരീക്ഷം വികസിപ്പിക്കാൻ പ്രാമുഖ്യം നൽകിയതിനാണ്‌ 2021ലെ  സ്‌റ്റേറ്റ്‌സ്‌ സ്റ്റാർട്ടപ്‌ റാങ്കിങ്ങിൽ ടോപ്‌ പെർഫോർമർ പുരസ്‌കാര നേട്ടം. തുടർച്ചയായി മൂന്നാം തവണയാണ്‌  കേരളത്തിന്‌ ഈ നേട്ടം ലഭിക്കുന്നത്‌.  2020ലെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ റാങ്കിങ്ങാണ്‌ കേന്ദ്ര വ്യവസായമന്ത്രാലയത്തിനു കീഴിലുള്ള വ്യവസായ, ആഭ്യന്തര വാണിജ്യ പ്രോത്സാഹനവകുപ്പ്‌ (ഡിപിഐഐടി) പ്രസിദ്ധീകരിച്ചത്‌. 75.49 ശതമാനം സ്‌കോറിലാണ്‌ കേരളം 15–-ാം റാങ്ക്‌ കരസ്ഥമാക്കിയത്‌. 2019ൽ 28–ാം സ്ഥാനത്തായിരുന്നു.  പരിഷ്‌കരണ നടപടിയിൽ ഏഴാം സ്ഥാനവുമുണ്ട്‌. സംരംഭകരുടെ അഭിപ്രായം ശേഖരിച്ചാണ്‌ റാങ്ക് നിശ്ചയിച്ചത്.  സംസ്ഥാന വ്യവസായ വികസന കോർപറേഷനാണ് (കെഎസ്ഐഡിസി) നോഡൽ ഏജൻസി.

ഡിപിഐ ഐടിക്കു കീഴിലെ സ്റ്റാർട്ടപ്‌ ഇന്ത്യയും കേന്ദ്ര സർക്കാരിന്റെ വ്യവസായ- വാണിജ്യമന്ത്രാലയവും ചേർന്ന്‌ ഏർപ്പെടുത്തിയ  സ്റ്റാർട്ടപ്‌ പുരസ്‌കാരം കേന്ദ്ര വാണിജ്യ- വ്യവസായമന്ത്രി പീയുഷ് ഗോയലാണ്‌ പ്രഖ്യാപിച്ചത്‌. ‘സ്റ്റാർട്ടപ്‌ ചാമ്പ്യൻസ് ഓഫ് സ്റ്റേറ്റ്’ പുരസ്‌കാരത്തിന്‌ കേരള സ്റ്റാർട്ടപ്‌ മിഷനിലെ പി എം റിയാസ്‌, അശോക്‌ കുര്യൻ പഞ്ഞിക്കാരൻ, ജി വരുൺ എന്നിവരും അർഹരായി. മികച്ച സ്റ്റാർട്ടപ്‌ ആവാസവ്യവസ്ഥയുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഏഷ്യയിൽ ഒന്നാം സ്ഥാനത്തെത്തിയി
രുന്നു. 

അടുത്തവർഷം ആദ്യ 10ൽ: മന്ത്രി പി രാജീവ്‌
വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ സൂചികയിൽ അടുത്ത വർഷം ആദ്യ പത്ത്‌ റാങ്കിൽ എത്തുകയാണ് ലക്ഷ്യമെന്ന്‌ വ്യവസായമന്ത്രി പി രാജീവ്‌ പറഞ്ഞു. സംരംഭങ്ങൾക്കുള്ള അനുമതി നൽകുന്നതിലെ നിയമങ്ങളിലും ചട്ടങ്ങളിലും കാലാനുസൃത ഭേദഗതി വരുത്തിയതും നയപരമായ തീരുമാനം നടപ്പാക്കിയതുമാണ്‌ നേട്ടത്തിനു പിന്നിൽ.  സംരംഭക സമൂഹത്തിൽ കേരളത്തെക്കുറിച്ചുള്ള അഭിപ്രായം മാറുന്നുവെന്നാണ് നേട്ടം അടിവരയിടുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top