26 April Friday

വെള്ളം കലക്കി മീന്‍പിടിക്കാന്‍ ശ്രമിക്കുന്ന ശക്തികളെ ഒറ്റപ്പെടുത്തണം: മതാടിസ്ഥാനത്തിലല്ല മയക്കുമരുന്ന് കച്ചവടം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 22, 2021

തിരുവനന്തപുരം> നാര്‍ക്കോട്ടിക്ക് ജിഹാദ് എന്ന പേരില്‍ സംഘടിത ശ്രമങ്ങള്‍ നടക്കുന്നതായുള്ള പ്രസ്താവനയും പ്രചരണങ്ങളും അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി  വിജയന്‍. 2020ല്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത എന്‍ഡിപിഎസ് ആക്ട്  പ്രകാരമുള്ള കേസുകള്‍ 4941 ആണ്. അവയില്‍ പ്രതികളായ 5422 പേരില്‍ 2700 (49.80%) പേര്‍ ഹിന്ദുമതത്തില്‍പ്പെട്ടവരും 1869 (34.47%) പേര്‍ ഇസ്ലാംമതത്തില്‍പ്പെട്ടവരും 853 (15.73%) പേര്‍ ക്രിസ്തു മതത്തില്‍പ്പെട്ടവരുമാണ്. ഇതില്‍ അസ്വാഭാവികമായ അനുപാതം എവിടെയുമില്ല. മതാടിസ്ഥാനത്തിലല്ല മയക്കുമരുന്ന് കച്ചവടമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്  മറുപടി നല്‍കി.

നിര്‍ബന്ധിച്ച് മയക്കുമരുന്ന് ഉപയോഗിപ്പിച്ചതായോ മയക്കുമരുന്നിന് അടിമയാക്കി മതപരിവര്‍ത്തനം നടത്തിയതായോ പരാതികള്‍ ലഭിക്കുകയോ അത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയോ ചെയ്തിട്ടില്ല. മയക്കുമരുന്ന് ഉപയോക്താക്കളോ വില്‍പ്പനക്കാരോ പ്രത്യേക സമുദായത്തില്‍പ്പെടുന്നവരാണ് എന്നതിനും തെളിവുകള്‍ ലഭിച്ചിട്ടില്ല. സ്‌കൂള്‍, കോളേജ് തലങ്ങളില്‍ നാനാജാതി മതസ്ഥരായ വിദ്യാര്‍ഥികള്‍ ഉണ്ട്. അതില്‍ ആരെങ്കിലും മയക്കുമരുന്ന് ഉപയോഗിക്കുകയോ മയക്കുമരുന്ന് വിപണന ശൃംഖലയിലെ കണ്ണികള്‍ ആവുകയോ ചെയ്താല്‍ അത് പ്രത്യേക സമുദായത്തിന്റെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് എന്ന് വിലയിരുത്തുന്നത് ബാലിശമാണ്.

 അത്തരം പ്രചാരണങ്ങള്‍ നമ്മുടേതുപോലെ എല്ലാ മതസ്ഥരും ഇടകലര്‍ന്ന് ജീവിക്കുന്ന പ്രദേശത്ത് വിദ്വേഷത്തിന്റെ വിത്തിടുന്നതാകും.സമൂഹത്തില്‍  ധ്രുവീകരണം ആഗ്രഹിക്കുന്ന ശക്തികളെ ഈ വിവാദം സന്തോഷിപ്പിക്കുന്നുണ്ടാകും. അത്തരക്കാരെ നിരാശപ്പെടുത്തുന്ന പ്രതികരണങ്ങള്‍ എല്ലാ മത വിഭാഗങ്ങളില്‍ നിന്നും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.  മതനിരപേക്ഷത ശക്തിപ്പെടുത്താനുള്ള ഇടപെടലിന് സര്‍ക്കാര്‍ നേതൃത്വം നല്‍കും.തീവ്ര നിലപാടുകളുടെ പ്രചാരകര്‍ക്കും അവയെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും സ്ഥാനമില്ലാത്ത സമൂഹമാണ് നമ്മുടേത്. തെറ്റായ പ്രവണതകള്‍ ഏതു തലത്തില്‍ നിന്നുണ്ടായാലും നിയമപരമായി നേരിടും. അതോടൊപ്പം ശരിയായ കാര്യങ്ങള്‍ മനസിലാക്കി ഇടപെടാന്‍ സാമൂഹ്യ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും തയാറാകണം എന്നഭ്യര്‍ത്ഥിക്കുന്നു.

വെള്ളം കലക്കി മീന്‍പിടിക്കാന്‍ ശ്രമിക്കുന്ന ശക്തികളെ ഒറ്റപ്പെടുത്തുക തന്നെ വേണം. സാമുദായിക സ്പര്‍ധയ്ക്കു കാരണമാകുംവിധം വിദ്വേഷ പ്രചാരണം നടത്തുന്നവരെയും അതിന് സൗകര്യവും പിന്തുണയും  നല്‍കുന്നവരെയും തുറന്നുകാട്ടാന്‍ സമൂഹം ഒന്നാകെ തയാറാകണം എന്നഭ്യര്‍ത്ഥിക്കുന്നു.പ്രതിപക്ഷ നേതാവ് പറഞ്ഞതുപോലെ സര്‍ക്കാര്‍ നിര്‍ദാക്ഷിണ്യം നടപടി സ്വീകരിക്കും. ഇത്തരം കാര്യങ്ങള്‍ നോക്കിനില്‍ക്കുന്ന സമീപനം ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി .

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top