26 April Friday

കൺമുന്നിൽനിന്നാണ്‌ 
പ്രാണൻ മാഞ്ഞുപോയത്‌...

വെബ് ഡെസ്‌ക്‌Updated: Monday Nov 14, 2022


കോഴിക്കോട്
മണ്ണിൽ പുതഞ്ഞ ശരീരം പുറത്തെടുക്കുംവരെയും രൂപേഷ്‌ തിരികെയെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ഉറ്റവർ. ഒഴുക്കിലകപ്പെട്ടെങ്കിലും താഴ്‌വാരത്തിലെവിടെ നിന്നെങ്കിലും പ്രിയപ്പെട്ടവൻ ജീവിതത്തിലേക്ക്‌ നീന്തിക്കയറിയിരിക്കാം എന്നായിരുന്നു അവരുടെ പ്രത്യാശ. മൂന്നാർ ടോപ്‌ സ്‌റ്റേഷൻ റോഡിൽ കുണ്ടള പുതുക്കടിക്ക്‌  സമീപമുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ കോഴിക്കോട്‌ മുത്തപ്പൻകാവ്‌ സ്വദേശി കല്ലട വീട്ടിൽ രൂപേഷിന്റെ മൃതദേഹം ഞായറാഴ്‌ച രാവിലെയാണ്‌ കണ്ടെടുത്തത്‌. 

ടോപ്‌സ്‌റ്റേഷൻ കണ്ടുകഴിഞ്ഞ്‌ 11 പേരടങ്ങിയ സംഘം ടെമ്പോ ട്രാവലറിൽ മടങ്ങവേ ശനിയാഴ്‌ച പകൽ മൂന്നിനായിരുന്നു അപകടം. അപകടത്തിൽപ്പെട്ട വാഹനം വീണ്ടെടുക്കാനാവാത്ത വിധം എണ്ണൂറടിയിലധികം താഴ്‌ചയിലാണുള്ളത്‌. പോസ്‌റ്റുമോർട്ടം നടപടി പൂർത്തിയാക്കി വൈകിട്ട്‌ അഞ്ചോടെ മൃതദേഹവുമായി ബന്ധുക്കൾ നാട്ടിലേക്ക്‌ പുറപ്പെട്ടു. അർധരാത്രിയോടെ മാവൂർറോഡ് ശ്മശാനത്തിൽ സംസ്‌കരിച്ചു. 

അമ്മയും ഭാര്യയും മകളും ഉൾപ്പെടെയുള്ള ബന്ധുക്കളുടെ കൺമുന്നിൽനിന്നാണ്‌ രൂപേഷ്‌ മരണത്തിന്റെ ആഴക്കയങ്ങളിലേക്ക്‌ മറഞ്ഞത്‌. ടോപ്‌ സ്‌റ്റേഷനിൽനിന്നുള്ള മടക്കയാത്രയിലായിരുന്നു സംഘം. കാലാവസ്ഥ തീർത്തും പ്രതികൂലമായിരുന്നു. മൂന്നുവാഹനങ്ങളാണ്‌ ആ സമയത്ത്‌ റോഡിലുണ്ടായിരുന്നത്‌. മണ്ണിടിഞ്ഞതോടെ ആദ്യത്തെ വാഹനം നിന്നു. ഈ വാഹനം തള്ളിമാറ്റുന്നതിനിടെയാണ്‌ വെള്ളം കുത്തിയൊലിച്ചെത്തിയത്‌. ‘‘എന്ത്‌  സംഭവിച്ചുവെന്നൊന്നും അന്നേരം മനസ്സിലായിരുന്നില്ല. ആകെ പരിഭ്രാന്തിയിലായിരുന്നു. മണ്ണിടിച്ചിലുണ്ടാകുന്നത്‌ ഭയന്ന്‌ വണ്ടി മാറ്റിയിടാനോ മറ്റോ വീണ്ടും വാഹനത്തിൽ കയറിയതായിരിക്കണം അവൻ’’–- അപകടത്തിൽനിന്ന്‌ രക്ഷപ്പെട്ട യാത്രാസംഘാംഗം പറഞ്ഞു. 

കാപ്പാടുനിന്നാണ്‌ സംഘം യാത്രതിരിച്ചത്‌. രൂപേഷിന്റെ അമ്മ റിനി, ഭാര്യ കിരൺ, മകൾ യുകെജി വിദ്യാർഥിനി സ്‌തുതി, കിരണിന്റെ ബന്ധുക്കൾ എന്നിവർ ഉൾപ്പെട്ടതായിരുന്നു യാത്രാസംഘം. വടകരയിൽനിന്ന്‌ വാടകയ്‌ക്കെടുത്ത ട്രാവലറിലായിരുന്നു യാത്ര. വർഷങ്ങളായി വിദേശത്ത് എൻ‍ജിനിയറിങ്‌ ജോലിചെയ്തിരുന്ന രൂപേഷ് അടുത്തിടെയാണ്‌ കോഴിക്കോട് സ്റ്റേഡിയം ബിൽഡിങ്ങിൽ എൻജിനിയറിങ്‌ സ്ഥാപനം ആരംഭിച്ചത്. പരേതനായ കല്ലട രാമചന്ദ്രനാണ്‌ അച്ഛൻ. സഹോദരൻ: രാജേഷ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top