26 April Friday
സമുദ്ര ബസ്‌ സർവീസ്‌ വ്യാപിപ്പിക്കും

നവംബർ ഒന്നുമുതൽ 650 കെഎസ്‌ആർടിസി ബസ്‌ കൂടി : ആന്റണി രാജു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 27, 2021


തിരുവനന്തപുരം
നവംബർ ഒന്നിന്  സ്‌കൂൾ  തുറക്കുന്നതിനോടനുബന്ധിച്ച് 650 കെഎസ്ആർടിസി ബസ് കൂടി സർവീസ് ആരംഭിക്കുമെന്ന്  മന്ത്രി ആന്റണി രാജു നിയമസഭയിൽ പറഞ്ഞു. നിലവിൽ 3300 ബസ് സർവീസ് നടത്തുന്നു.  കുട്ടികളുടെ ഗതാഗതപ്രശ്നം പരിഹരിക്കാൻ‍ എല്ലാ നടപടിയും  കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 22,718 സ്കൂൾ ബസാണ്‌ ഉള്ളത്.  2828 ബസ്‌ മാത്രമാണ് ക്ഷമതാ പരിശോധനയ്ക്ക് എത്തിച്ചത്. ഇതിൽ 1022 ബസിന്‌  സർട്ടിഫിക്കറ്റ്‌ നൽകി. മൂന്നിൽരണ്ട്‌ കുട്ടികൾ മാത്രമാണ് നവംബറിൽ സ്കൂളിൽ എത്തുക. ‌  സ്കൂൾ ബസുകൾക്ക് സർക്കാർ രണ്ടുവർഷത്തെ നികുതി  ഒഴിവാക്കി. ഈ ഉത്തരവ് ഉടൻ ഇറങ്ങും. സ്കൂൾ ബസ്‌ അറ്റകുറ്റപ്പണിക്ക് കെഎസ്ആർടിസിയുടെ വർക് ഷോപ്പുകൾ ഉപയോഗിക്കാൻ അനുമതി നൽകി.  

ബസ് ഓൺ ഡിമാൻഡ് പദ്ധതിയിൽ  ആയിരത്തിലേറെ സ്കൂളിൽനിന്നും കെഎസ്ആർടിസിയോട്‌ ബസ് സർവീസിന്‌  അഭ്യർഥിച്ചിട്ടുണ്ട്.
വിദ്യാർഥികൾക്കുള്ള നിരക്ക്‌ ഇളവ്‌ നിഷേധിക്കുന്ന സ്വകാര്യ ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. കുട്ടനാട് പോലുള്ള മേഖലകളിൽ  സ്കൂൾ സമയത്തിന്‌ അനുസരിച്ച്‌ ബോട്ടുകൾ ഓടിക്കാനായി ജലഗതാഗത വകുപ്പിന് നിർദേശം നൽകും.

വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാനായി പാലിക്കേണ്ട നിർദേശങ്ങൾ അടങ്ങിയ ‘സ്റ്റുഡന്റ്‌സ്‌ ട്രാൻസ്‌പോർട്ടേഷൻ പ്രോട്ടോകോൾ’ മോട്ടോർ വാഹനവകുപ്പ്‌ സ്‌കൂൾ അധികൃതർക്ക്‌ നൽകിയിട്ടുണ്ട്‌. ഇപ്രകാരം ബസിനുള്ളിൽ തെർമൽ സ്‌കാനർ, സാനിറ്റൈസർ എന്നിവ ഉണ്ടാകണം. വിദ്യാർഥികൾ മാസ്‌ക്‌ ധരിച്ച്‌ ശാരീരിക അകലം പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

സമുദ്ര ബസ്‌ സർവീസ്‌ വ്യാപിപ്പിക്കും
സമുദ്ര ബസ്‌ സർവീസ്‌ എല്ലാ ജില്ലയിലേക്കും വ്യാപിപ്പിക്കുമെന്ന്‌ ഗതാഗത മന്ത്രി ആന്റണി രാജു നിയമസഭയെ അറിയിച്ചു. മീൻവിൽക്കുന്ന വനിതകൾക്കായി കെഎസ്‌ആർടിസിയും ഫിഷറീസ്‌ വകുപ്പും സംയുക്തമായി ആരംഭിച്ചതാണ്‌ സമുദ്ര.  ലഭിക്കുന്ന അപേക്ഷയുടെ അടിസ്ഥാനത്തിലാകും വിപുലീകരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top