27 April Saturday

മാലിന്യശേഖരണത്തിന്‌ യൂസർ ഫീ ഒഴിവാക്കാനാകില്ല: മന്ത്രി എം ബി രാജേഷ്‌

സ്വന്തം ലേഖകൻUpdated: Tuesday Jan 17, 2023

കൊച്ചി> വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യശേഖരണവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങൾക്കും തദ്ദേഭരണസ്ഥാപനങ്ങൾക്ക്‌  യൂസർ ഫീ നൽകണമെന്ന്‌ തദ്ദേശഭരണ മന്ത്രി എം ബി രാജേഷ്‌. ആർക്കും അതിൽ നിന്ന്‌ ഒഴിവാകാനാകില്ല. ഏതെങ്കിലും വിഭാഗത്തെ ഒഴിവാക്കേണ്ടതുണ്ടെങ്കിൽ അക്കാര്യം തദ്ദേശസ്ഥാപനങ്ങൾക്ക്‌ പരിഗണിക്കാം.  യൂസർ ഫീ നൽകുന്നതോടൊപ്പം ഹരിതകർമസേനയേിലൂടെ മികച്ച സേവനം ലഭിക്കുന്നുണ്ടെന്ന്‌ ഉറപ്പാക്കുമെന്നും  മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സ്വന്തമായി പുരയിടമുള്ളവർ യൂസർ ഫീ നൽകി ഹരിതകർമസേനക്ക്‌ മാലിന്യം നൽകേണ്ടതുണ്ടോ എന്ന്‌ പലരും ചോദിക്കുന്നുണ്ട്‌. അജൈവ മാലിന്യം സ്വന്തം പുരയിടത്തിലായാലും കുഴിച്ചിടാനോ കത്തിച്ചുകളയാനോ പറ്റില്ല. വളരെ തുഛമായ തുകയാണ്‌ യൂസർഫീയായി വാങ്ങുന്നത്‌. ദിവസം 1. 75 രൂപ വാങ്ങുന്നത്‌ മഹാ അപരാധമായാണ്‌ ചിലർ കാണുന്നത്‌. അതിന്റെ പേരിൽ ഹരിതകർമ സേനക്കെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം അംഗീകരിക്കാനാകില്ല. അത്തരം നീക്കങ്ങൾക്കെതിരെ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങൾക്ക്‌ പൊലീസിൽ പരാതിപ്പെടാം. മാലിന്യ ശേഖരണവും സംസ്‌കരണവുമായി ബന്ധപ്പെട്ട സമഗ്രനിയമം സർക്കാർ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

മെയ്‌ 31 ഓടെ സംസ്ഥാനത്ത്‌ പുതിയ 10 കക്കൂസ്‌ മാലിന്യ സംസ്‌കരണപ്ലാന്റുകൾ കമ്മീഷൻചെയ്യും. രണ്ടുവർഷത്തിനുള്ളിൽ 28 എണ്ണം കൂടി പ്രവർത്തനമാരംഭിക്കും. 22 ഇടങ്ങളിലെ മാലിന്യ കേന്ദ്രമായിരുന്ന 45 ഏക്കർ സ്ഥലം ശുചീകരിച്ച്‌ വീണ്ടെടുത്തു. 32 സ്ഥലങ്ങൾകൂടി ശുചീകരിക്കും. സംസ്ഥാനത്തെ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളിൽ ദേശീയ ഹരിത ട്രിബ്യൂണൽ തൃപ്‌തരാണ്‌. അതുകൊണ്ടാണ്‌ കേരളത്തിന്‌ പിഴ ഏർപ്പെടുത്താതിരുന്നത്‌. മൂന്നുവർഷത്തിനുള്ളിൽ സംസ്ഥാനത്തെ സമ്പൂർണ്ണ മാലിന്യമുക്തമാക്കാനുള്ള പദ്ധതിയാണ്‌ സർക്കാർ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top