26 April Friday

പോഷകബാല്യത്തിന്‌ കരുതലുമായി സർക്കാർ; അങ്കണവാടി കുട്ടികൾക്ക്‌ ഇന്നുമുതൽ പാലും മുട്ടയും

വെബ് ഡെസ്‌ക്‌Updated: Monday Aug 1, 2022

തിരുവനന്തപുരം > അങ്കണവാടി പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് പാലും മുട്ടയും നല്‍കുന്ന പോഷകബാല്യം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.

വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള 33,115 അങ്കണവാടികളിലാണ്‌ പദ്ധതി നടപ്പിലാക്കുന്നത്‌. കുട്ടികളുടെ പോഷകാഹാര നിലവാരം ഉയര്‍ത്തുന്നതിനും, സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിനുമായാണ് ആഴ്‌ചയില്‍ രണ്ട് ദിവസം മുട്ടയും, രണ്ട് ദിവസം പാലും നല്‍കുന്നത്. ഒരു കുട്ടിയ്ക്ക് ഒരു ദിവസം ഒരു ഗ്ലാസ് പാല്‍ വീതം ആഴ്‌ചയില്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും, ആഴ്ചയില്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ മുട്ടയും നല്‍കുന്നതാണ്. അങ്കണവാടിയിലെ 3 വയസ് മുതല്‍ ആറ് വയസ് വരെയുളള 4 ലക്ഷത്തോളം പ്രീസ്‌കൂള്‍ കുട്ടികള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. സംസ്ഥാന വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയുടെ ചെലവ്‌ 61.5 കോടി രൂപയാണ്‌.

കുഞ്ഞുങ്ങളുടെ ബൗദ്ധികവും വൈകാരികവും, സാമൂഹികവും, ആരോഗ്യപരവുമായ വികാസത്തിന് ഊന്നല്‍ നല്‍കി ആറ് സേവനങ്ങളാണ് അങ്കണവാടി വഴി നല്‍കുന്നത്. ഇതില്‍ ഒരു പ്രധാന സേവനമാണ് അനുപൂരക പോഷകാഹാര പദ്ധതി. ഈ പദ്ധതി പ്രകാരം, 6 മാസം മുതല്‍ 6 വയസ് വരെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്ക് അങ്കണവാടികളിലൂടെ അനുപൂരക പോഷകാഹാരം നല്‍കി വരുന്നു. ഇത് കൂടാതെയാണ് അങ്കണവാടി മെനുവില്‍ പാലും മുട്ടയും ഉള്‍പ്പെടുത്തിയത്.

മില്‍മ, പ്രാദേശിക ക്ഷീര സൊസൈറ്റി, കുടുംബശ്രീ, ക്ഷീരകര്‍ഷകര്‍ എന്നിവര്‍ വഴി ഈ പദ്ധതിയ്ക്ക് ആവശ്യമായ പാല്‍ അങ്കണവാടികളില്‍ നേരിട്ട് എത്തിക്കുന്നതാണ്. ഈ സംവിധാനങ്ങള്‍ ഒന്നും ലഭ്യമല്ലാത്ത മലയോര ഗ്രാമ പ്രദേശങ്ങളിലെ 220 അങ്കണവാടികളില്‍ മില്‍മയുടെ യുഎച്ച്ടി പാല്‍ വിതരണം ചെയ്യുന്നതാണ്. അങ്കണവാടികളില്‍ ആനന്ദകരമായ വിദ്യാഭ്യാസത്തോടൊപ്പം ആരോഗ്യപൂര്‍ണമായ ബാല്യം പ്രധാനം ചെയ്യുക എന്ന ലക്ഷ്യമാണ് ഈ പദ്ധതിയിലൂടെ സാധ്യമാകുന്നത്.


ലക്ഷ്യം പൂർണ ശിശുസൗഹൃദ സംസ്ഥാനം : മുഖ്യമന്ത്രി
പൂർണമായ ശിശുസൗഹൃദ സംസ്ഥാനം വാർത്തെടുക്കുകയാണ്‌ സർക്കാരിന്റെ ലക്ഷ്യമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അങ്കണവാടി കുട്ടികൾക്ക്‌ പാലും മുട്ടയും നൽകുന്ന ‘പോഷകബാല്യം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം ഡിപിഐ ജവാഹർ സഹകരണഭവനിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. പോഷകാഹാര ലഭ്യതയിൽ ദേശീയ ശരാശരി 6.4 ശതമാനമാണ്‌. കേരളത്തിൽ ഇത്‌ 32.6ഉം. ഇത് ഇനിയും മെച്ചപ്പെടുത്തണം.

കുട്ടികളുടെ മാനസികവും ശാരീരികവുമായ വികാസത്തിന്‌ സർക്കാർ ഊന്നൽ നൽകും. കുട്ടികൾക്ക്‌ പ്രത്യേക ശ്രദ്ധ നൽകി മുന്നോട്ട്‌ പോകും. പോഷകാഹാരക്കുറവ്‌ നികത്താൻ നടപടി സ്വീകരിക്കും. എല്ലാ കുട്ടികളും അല്ലലില്ലാതെ സമൃദ്ധമായി കഴിയണം. രണ്ടു ദിവസംവീതം പാലും മുട്ടയും നൽകാനാണ്‌ സർക്കാർ തീരുമാനം. എന്നാൽ, എല്ലാ ദിവസവും ഉറപ്പാക്കാനുള്ള ഇടപെടലുണ്ടാകണം.

തദ്ദേശ സ്ഥാപനം, സഹായിക്കാൻ സന്നദ്ധതയുള്ളവർ എന്നിവരെ ഇതിന്‌ സമീപിക്കണം. മിൽമ ഉൾപ്പെടെയുള്ള സ്ഥാപനം ലാഭമെടുക്കാതെ സഹകരിക്കണം. സർക്കാർതലത്തിലും പാലും മുട്ടയും നൽകുന്ന ദിനങ്ങൾ വർധിപ്പിക്കുന്നത്‌ ആലോചിക്കും.മന്ത്രി വീണാ ജോർജ്‌ അധ്യക്ഷയായി. മന്ത്രി ആന്റണി രാജു മുഖ്യപ്രഭാഷണം നടത്തി. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡി സുരേഷ്‌ കുമാർ, ആസൂത്രണബോർഡ്‌ വൈസ്‌ ചെയർമാൻ വി കെ രാമചന്ദ്രൻ, മിൽമ ചെയർമാൻ കെ എസ്‌ മണി, എംഡി ഡോ. പാട്ടീൽ സുയോഗ്‌ സുഭാഷ്‌ റാവു, തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ രാഖി രവികുമാർ, വനിതാ ശിശുവികസന ഡയറക്ടർ ജി പ്രിയങ്ക എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top