26 April Friday

കോൺഗ്രസിൽ മഹിളകൾക്ക്‌ അവഗണന: രാജിക്കൊരുങ്ങി മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്

സ്വന്തം ലേഖകൻUpdated: Wednesday Nov 25, 2020

അടിമാലി> അടിമാലി മേഖലയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെ മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷേര്‍ളി ജോസഫ്. താനുള്‍പ്പെടെയുള്ള മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സ്ഥാനാര്‍ഥി നിര്‍ണയത്തിൽ അര്‍ഹമായ പരിഗണന നല്‍കിയില്ലെന്ന് അവർ പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് മഹിളാ കോണ്‍ഗ്രസ് അടിമാലി മണ്ഡലം പ്രസിഡന്റ് സ്ഥാനം രാജിവയ്‌ക്കുമെന്നും ഷേര്‍ളി പറഞ്ഞു.

സ്ഥാനാര്‍ഥി നിര്‍ണയ കമ്മിറ്റിയില്‍ പുരുഷാധിപത്യമാണ്‌. അര്‍ഹരായ പലര്‍ക്കും സീറ്റ്‌ ലഭിക്കുന്നില്ല. കൊടിപിടിക്കാനും സമരത്തിനിറങ്ങാനും മാത്രമായി മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഉപയോഗിക്കുകയാണ്. സ്ഥാനാര്‍ഥി നിർണയ കമ്മിറ്റിയില്‍ മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരെ പങ്കെടുപ്പിക്കണമെന്ന കെപിസിസിയുടെ സര്‍ക്കുലര്‍ ഉണ്ടായിരുന്നെങ്കിലും അതിന് വിരുദ്ധമായാണ് അടിമാലി മണ്ഡലത്തില്‍ സ്ഥാനാർഥി നിര്‍ണയ ചര്‍ച്ചകള്‍ പൂര്‍ത്തീകരിച്ചതെന്നും മുന്‍ ബ്ലോക്ക് പഞ്ചായത്തംഗം കൂടിയായ ഷേര്‍ളി ജോസഫ് ആരോപിച്ചു.

 അടിമാലി മേഖലയിലെ പഞ്ചായത്തുകളിൽ ജനറൽ സീറ്റിൽ ഉൾപ്പെടെ വനിതകളെയാണ് എൽഡിഎഫ്‌ മത്സരിപ്പിക്കുന്നത്‌. മാങ്കുളം പഞ്ചായത്തിൽ 61 ശതമാനം സ്‌ത്രീകളാണ്‌ എൽഡിഎഫ്‌ പാനലിലുള്ളതെന്നും അവർ പറഞ്ഞു.  

കോൺഗ്രസ്‌ മുൻ ജില്ലാ പഞ്ചായത്തംഗം മേഴ്‌സി ജോയി അടിമാലി ബ്ലോക്ക്‌ പഞ്ചായത്തിലേക്ക് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നതും കോൺഗ്രസിനുള്ളിലെ ഭിന്നത തുറന്നുകാണിക്കുന്നു. അടിമാലി പഞ്ചായത്തിലേക്ക് മുൻ കോൺഗ്രസ്‌ പ്രവർത്തകൻ ഷാജി ഇട്ടി മത്സരിക്കുന്നത് താമര ചിഹ്നത്തിലാണ്‌. പല സ്ഥലങ്ങളിലും വിമതർ വന്നതോടെ യുഡിഎഫ് ക്യാമ്പ് ആശങ്കയിലാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top