27 April Saturday

മഹാരാജാസിന്റെ രോഹിണി ടീച്ചര്‍ 'വീട്ടിലിരുന്ന്' വിരമിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 31, 2020

കൊച്ചി > മഹാരാജാസിന്റെ പ്രിയപ്പെട്ട ചേച്ചി രോഹിണി ടീച്ചര്‍  'വീട്ടിലിരുന്ന്' വിരമിച്ചു. കോവിഡ്--19 വൈറസിനെ പ്രതിരോധിക്കാന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്ഥാപനത്തിലെത്തി വിരമിക്കേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതോടെയാണ് വീട്ടിലിരുന്ന് വിരമിക്കാന്‍ രോഹിണി ടീച്ചര്‍ തീരുമാനിച്ചത്.

മഹാരാജാസിലെത്തിയാലും വിദ്യാര്‍ഥികളാരും ഉണ്ടാകില്ല. വിദ്യാര്‍ഥികളുടെ പ്രോജക്ട് മേല്‍നോട്ടം ഉള്‍പ്പെടെ ഒരുപാട് കാര്യങ്ങള്‍ ഇനിയും മഹാരാജാസില്‍ രോഹിണി ടീച്ചര്‍ക്ക് ചെയ്യാനുണ്ട്. അതുകൊണ്ടുതന്നെ ലോക്ക്ഡൗണ്‍ പിന്‍വലിച്ചശേഷം കോളേജിലെത്തി ഔദ്യോഗികമായി കടലാസ് നല്‍കാനാണ് രോഹിണി ടീച്ചറുടെ തീരുമാനം. സമൂഹമാധ്യമങ്ങളില്‍ മഹാരാജാസിന്റെ ചേച്ചിക്ക് ആശംസകളുമായി പ്രമുഖരടക്കം നിരവധി വിദ്യാര്‍ഥികളും സുഹൃത്തുക്കളും അധ്യാപകരുമെത്തി.

1981 -ല്‍ ബിഎസ്സി സുവോളജി വിദ്യാര്‍ഥിയായാണ് രോഹിണി മഹാരാജാസിലെത്തുന്നത്. തുടര്‍ന്ന് ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടി. '86-ല്‍ കോളേജില്‍നിന്ന് പഠിച്ചിറങ്ങി. ഇതിനിടെ, ഗവേഷകവിദ്യാര്‍ഥിയും അധ്യാപികയുമായി മാറിയ രോഹിണി ഇടയ്ക്കിടെ അത്രയേറെ സ്നേഹത്തോടെ മഹാരാജാസിലെത്തുമായിരുന്നു. പഠിച്ചിറങ്ങിയിട്ടും മഹാരാജാസിലെത്തുന്ന രോഹിണി അന്നുമുതലാണ് മഹാരാജാസിന്റെ ചേച്ചിയായി മാറുന്നത്.

2004ല്‍ ഇംഗ്ലീഷ് വിഭാഗം അധ്യാപികയായി രോഹിണി മഹാരാജാസില്‍ തിരിച്ചെത്തി. ഇതിനിടെ, തൃപ്പൂണിത്തുറ ഗവ. കോളേജിലേക്ക് സ്ഥലം മാറ്റം വന്നു. എന്നാല്‍, അഞ്ചു മാസത്തിനുശേഷം രോഹിണി വീണ്ടും മഹാരാജാസില്‍ തിരിച്ചെത്തി. 2019 ഒക്ടോബറില്‍ ഒരുദിവസം പ്രിന്‍സിപ്പലിന്റെ ചുമതലയും വഹിച്ചു. കോളേജ് യൂണിയന്‍ ഉദ്ഘാടനദിവസം പ്രിന്‍സിപ്പലും വൈസ് പ്രിന്‍സിപ്പലും ഇല്ലാതിരുന്നതിനാലാണ് രോഹിണി പ്രിന്‍സിപ്പലിന്റെ ചുമതല വഹിച്ചത്. മഹാരാജാസില്‍ ചിത്രീകരിച്ച ക്യാമ്പസ് ചിത്രം പൂമരത്തിലും രോഹിണി ടീച്ചര്‍ കഥാപാത്രമായി എത്തിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top