27 April Saturday

ജനിതകരോഗത്തെ പകർച്ചവ്യാധിയാക്കി ‘മാധ്യമം’: അസംബന്ധ വാർത്തയ്‌ക്കെതിരെ ആരോഗ്യ വിദഗ്‌ദ്ധർ

വെബ് ഡെസ്‌ക്‌Updated: Thursday Dec 2, 2021

കൊച്ചി>
ജനിതകരോഗമായ സിക്കിൾ സെൽ അനീമിയ  (അരിവാൾ രോഗം) അട്ടപ്പാടിയിൽ ‘പടർന്നുപിടിക്കാൻ’ സാധ്യതയെന്ന അസംബന്ധവാർത്തയുമായി ജമാഅത്തെ ഇസ്ലാമി ദിനപത്രം. അട്ടപ്പാടിയിൽ ഇരുന്നൂറ്‌ പേർക്ക്‌ രോഗം ബാധിച്ചെന്നും രണ്ടായിരം പേർക്ക്‌ ഏത്‌ സമയവും രോഗം ബാധിക്കാമെന്നുമുള്ള ഭീതിദ തലക്കെട്ടുമായാണ്‌ മാധ്യമം ദിനപത്രം വാർത്ത നൽകിയത്‌.

തീർത്തും തെറ്റിദ്ധാരണാജനകമായ വാർത്തയ്‌ക്കെതിരെ ആരോഗ്യമേഖലയിൽ നിന്ന്‌ പ്രതിഷേധം ഉയർന്നു. ഈ അസുഖത്തെപ്പറ്റി പഠനം നടത്തിയിട്ടുള്ള കോഴിക്കോട്‌ മെഡിക്കൽ കോളേജിലെ റിട്ടയേഡ്‌ പ്രൊഫസർ ഡോ. കെ പി അരവിന്ദൻ ഫേസ്‌ബുക്കിൽ കുറിച്ചത്‌ ഇങ്ങനെ:

'മാധ്യമം' പോലുള്ള മാധ്യമങ്ങൾ കുറച്ചു കൂടെ സംയമനം പാലിക്കണം. ഇത്തരം പ്രധാനപ്പെട്ട വിഷയങ്ങൾ ആരോഗ്യകാര്യങ്ങളിലോ സയൻസിൽ പൊതുവെയോ തലയും വാലും തിരിച്ചറീയാത്തവരെ ഏൽപ്പിക്കരുത്.

സിക്കിൾ സെൽ അനീമിയ (അരിവാൾ രോഗം) ഒരു ജനിതക രോഗമാണ്. അട്ടപ്പാടിയിൽ നൂറിനും ഇരുനൂറിനും ഇടയിൽ രോഗികളുണ്ട്. രണ്ടായിരം പേർക്ക് ഏതു സമയവും രോഗം ബാധിക്കാൻ ഇത് കോവിഡ് പോലുള്ള പകർച്ചവ്യാധിയൊന്നുമല്ല. ഭീതിജനകമായ തലക്കെട്ട് കൊടുക്കാൻ വേണ്ടി എന്ത് അസംബന്ധവും എഴുതി വെക്കരുത്.


അട്ടപ്പാടിയിൽ 153 പേരാണ് അരിവാൾ രോഗബാധിതർക്കുള്ള സർക്കാർ സഹായത്തിന് അപേക്ഷിച്ചതെന്ന്‌ ജില്ലാ മെഡിക്കൽ ഓഫീസർ കെ രമാദേവി പറഞ്ഞു. ഇവരിൽ 17 ഗർഭിണികളാണുള്ളത്‌. രണ്ടായിരം പേർക്കുകൂടി  രോഗം ‘പടരാൻ’ ഇടയുണ്ടെന്ന്‌ ആരോഗ്യവകുപ്പ്‌ കണ്ടെത്തിയിട്ടില്ല. മാസം 2500 രൂപവീതം പെൻഷൻ രോഗബാധിതർക്ക് സംസ്ഥാന സർക്കാർ നൽകുന്നുണ്ട്.

ശരീരത്തിലെ ചുവന്ന രക്താണുക്കൾ രൂപം മാറി അരിവാൾ രൂപത്തിലായി ഇലാസ്തികത നഷ്ടപ്പെട്ട് ഉണ്ടാകുന്നതാണ്‌  അരിവാൾ രോഗം (Sickle-cell anemia) കേരളത്തിൽ വയനാട്ടിലും അട്ടപ്പാടിയിലും രോഗം കാണുന്നുണ്ട്‌.  മനുഷ്യരിൽ കുട്ടിക്കാലം കഴിഞ്ഞാൽ  ഹീമോഗ്ളോബിൻ എ ആണ് (എച്ച്ബിഎ) ചുവന്ന രക്താണുക്കളിൽ സാധാരണ കണ്ടുവരുന്നത്. എന്നാൽ അരിവാൾ രോഗികളിൽ ഇത് ജനിതകമാറ്റത്തിലൂടെ ഹീമോഗ്ളോബിൻ എസ് (എച്ച്ബിഎസ്) ആകും. ഈ എച്ച്ബിഎസ് ആണ്‌ ചുവന്ന രക്താണുവിനെ അരിവാൾ രൂപത്തിലാക്കുന്നത്‌. തുടർന്ന് രക്തയോട്ടത്തിന് തടസ്സമുണ്ടാകും. തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെട്ട് പക്ഷാഘാതം വരെ സംഭവിക്കാം. ശക്തമായ പനിയും അസഹ്യമായ വേദനയുമാണ് ലക്ഷണം. മഴയോ തണുപ്പോ രോഗത്തെ കഠിനമാക്കും. ഹൃദയത്തിന്റെയും കരളിന്റെയും വൃക്കയുടെയും പ്രവർത്തനവും അവതാളത്തിലാകും. രോഗപ്രതിരോധശേഷി നഷ്ടമാകുന്നതോടെ മറ്റുരോഗങ്ങളും  വേഗത്തിൽ പിടിപെടും. അരിവാൾ രോഗത്തിന്‌ ഫലപ്രദമായ ചികിത്സ കണ്ടെത്തിയിട്ടില്ല. ഫോളിക്ക് ആസിഡ് വിറ്റാമിനാണ് രോഗതീവ്രത കുറയ്ക്കാൻ നൽകാറ്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top