26 April Friday

ശിവശങ്കറിന്റെ ജാമ്യാപേക്ഷ തിങ്കളാഴ്‌ച പരിഗണിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Dec 3, 2020


കൊച്ചി
എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ രജിസ്‌റ്റർ ചെയ്‌ത കേസിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കർ ഹൈക്കോടതിയിൽ സമർപ്പിച്ച രണ്ടാം ജാമ്യഹർജി തിങ്കളാഴ്‌ച പരിഗണിക്കും. സ്വർണക്കടത്തിലെ പണവും തനിക്കെതിരെയുള്ള ആരോപണവും തമ്മിൽ ബന്ധമില്ലെന്ന് ജാമ്യാപേക്ഷയിൽ അറിയിച്ചു. സ്വർണക്കടത്തിലൂടെ പ്രതികൾ സമ്പാദിച്ച പണമാണ് സ്വപ്നയുടെ ലോക്കറിൽനിന്ന് എൻഐഎ പിടിച്ചെടുത്തത്. തന്നെ യുഎപിഎ കേസിൽ  പ്രതിയാക്കിയിട്ടില്ല. ഇക്കാര്യം എൻഐഎ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ കോടതിയെ  അറിയിച്ചതാണ്‌. ഇതേക്കുറിച്ചാണ്‌‌ ഇഡിയുടെ കേസിലും പരാമർശിക്കുന്നത്. സ്വർണക്കടത്തിലെ പണം പങ്കുവച്ചത് സ്വപ്നയും സരിത്തും സന്ദീപുമാണ്. മറ്റുള്ള കുറ്റങ്ങൾ തനിക്കെതിരെ ആരോപിക്കുന്നതാണെന്നും ശിവശങ്കർ ചൂണ്ടിക്കാട്ടി. കേസ് കൂടുതൽ വാദത്തിനായി ജസ്റ്റിസ് അശോക് മേനോൻ തിങ്കളാഴ്ചത്തേക്ക് മാറ്റി. ശിവശങ്കറിനുവേണ്ടി സുപ്രീംകോടതി അഭിഭാഷകൻ ജയദീപ് ഗുപ്ത ഹാജരായി.

സ്വപ്നയ്‌ക്കും ശിവശങ്കറിനും യൂണിടാക്കിൽനിന്നു ലഭിച്ച കമീഷനാണ്‌ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചതെന്ന് ഇഡി ഹൈക്കോടതിയെ അറിയിച്ചു. കമീഷൻ തുക പണമായും സ്വർണമായും സൂക്ഷിച്ചെന്നും എൻഐഎ പിടിച്ചെടുത്തത് ഈ പണമാണെന്നുമാണ്‌ ജാമ്യാപേക്ഷയെ എതിർത്ത് ‌ഇഡി‌ അവതരിപ്പിച്ച വാദം. ലൈഫ് മിഷൻ പദ്ധതിയിലെ കമീഷൻ സ്വപ്നയ്‌ക്കും കോൺസുലേറ്റ് ഉദ്യോഗസ്ഥൻ ഖാലിദ് ഷൗക്രിക്കും ലഭിച്ചത്‌ ശിവശങ്കറിന് അറിയാം.  ഇരുവരുടെയും ചാറ്റ്‌ ഇതിന് തെളിവാണ്. യൂണിടാക്‌ ഉടമയുമായി ശിവശങ്കർ ചർച്ച നടത്തി. ലൈഫ് പ്രോജക്ടിലെ ക്വട്ടേഷൻ വിവരങ്ങൾ ശിവശങ്കർ സ്വപ്നയ്‌ക്ക് നൽകി. 36 പദ്ധതികളിൽ ഇരുപത്താറും, വാട്സാപ് ചാറ്റുകളിൽ പരാമർശിക്കുന്ന രണ്ട് സ്ഥാപനങ്ങൾക്കാണ് കിട്ടിയത്.

നയതന്ത്ര ബാഗേജിലെ സ്വർണക്കടത്ത് ശിവശങ്കറിന്റെ പൂർണ അറിവോടെയാണെന്നതിന്‌‌ തെളിവുണ്ട്. സ്വപ്നയുടെ ആവശ്യപ്രകാരം ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥരെ 4-5 തവണ വിളിച്ചിട്ടുണ്ട്. ഇത്‌ സ്വപ്നയ്‌ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ ശക്തമായ ബന്ധമുണ്ടെന്ന സന്ദേശമാണ്‌ ഉദ്യോഗസ്ഥർക്ക് നൽകിയത്. കാർഗോ പരിശോധന കൂടാതെ വിട്ടുനൽകിയത്‌ അതുകൊണ്ടാണ്‌. രാജ്യത്തിന്റെ സാമ്പത്തികസുരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യമാണ് നടന്നത്. ശിവശങ്കർ കസ്റ്റംസിൽ ഇടപെട്ടത് ഉയർന്ന പദവി വഹിക്കുന്ന ഉദ്യോഗസ്ഥൻ നടത്തിയ അധികാര ദുർവിനിയോഗമാണ്. കൂടുതൽ വിവരങ്ങൾ ഈ ഘട്ടത്തിൽ വെളിപ്പെടുത്താനാകില്ല. ശിവശങ്കറിനെ കസ്റ്റഡിയിൽ ഇനിയും ചോദ്യം ചെയ്യണമെന്നും ഇഡി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top