27 April Saturday

‘ഭാരിച്ച’ പെൻഷൻകാരൻ ജീവിക്കാൻ ചിന്തേരിടുന്നു

കെ വി രഞ്‌ജിത്‌Updated: Monday Nov 21, 2022

മുൻ മന്ത്രി മേഴ്‌സിക്കുട്ടി അമ്മയുടെ പേഴ്‌സണൽ സ്‌റ്റാഫിൽ അംഗമായിരുന്ന എം രാജേഷ് മരപ്പണിക്കിടെ

പിലിക്കോട്‌ (കാസർകോട്‌) > സംസ്ഥാന ഗവർണർവരെ അസൂയപ്പെടുന്ന, ‘ഭാരിച്ച പെൻഷ’നിൽ  ജീവിതം കരുപ്പിടിപ്പിക്കാനാകാതെ മരപ്പണിക്കിറങ്ങിയതാണ്‌ ഈ ചെറുപ്പക്കാരൻ. അഞ്ചുവർഷം മുൻ മന്ത്രി മേഴ്‌സിക്കുട്ടി അമ്മയുടെ പേഴ്‌സണൽ സ്‌റ്റാഫിൽ അംഗമായിരുന്നു. പടിയിറങ്ങിയപ്പോൾ കാത്തിരുന്നത്‌ ഒരുകൂട്ടം പ്രാരബ്ധങ്ങളാണ്‌. ഒമ്പതുപേരടങ്ങുന്ന കുടുംബത്തിന്‌ 3350 രൂപയെന്ന ‘ഭാരിച്ച പെൻഷ’ൻ എന്താകാനാണ്‌. എന്നാൽ, അധ്വാനിക്കാനുള്ള മനസ്സ്‌ പിലിക്കോട്‌ വയലിലെ എം രാജേഷിനെ വുഡ്‌ പ്ലെയ്‌നറാ (ചിന്തേരിടൽ)ക്കി. അഞ്ചുവർഷത്തെ ജോലികഴിഞ്ഞ്‌ 2021ൽ നാട്ടിലെത്തിയപ്പോൾ മേൽക്കൂരയിൽ മൂലയോട്‌ പാകുന്ന ജോലിക്കാണ്‌ ആദ്യമിറങ്ങിയത്‌.

ഇങ്ങനെ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ നട്ടംതിരിയുമ്പോഴാണ്‌ ഗവർണറുടെ ഇല്ലാക്കഥ കേൾക്കുന്നത്‌. വിവിധ മന്ത്രിമാരുടെ സ്‌റ്റാഫിൽ കൂടെയുണ്ടായിരുന്നവരുടെ അവസ്ഥയും ഇതാണ്‌. പെയ്‌ന്റിങ്ങും കൂലിപ്പണിയും തൊഴിലുറപ്പ്‌ ജോലിയുമൊക്കെ ചെയ്യുന്നവരുണ്ട്‌. സിപിഐ എം പിലിക്കോട്‌ വയൽ തെക്ക്‌ ബ്രാഞ്ച്‌ സെക്രട്ടറി കൂടിയാണ്‌ രാജേഷ്‌. സാധാരണക്കാരെ മന്ത്രിമാരുടെ ഓഫീസുമായും ഉദ്യോഗസ്ഥരുമായും കൂടുതൽ ഇഴയടുപ്പിച്ച ഇതുപോലെ നിരവധിപേരെയാണ്‌ ഇല്ലാത്ത നോട്ടുകെട്ടുകളുടെ പേരിലും ഭാരിച്ച പെൻഷന്റെപേരിലും സംഘപരിവാർ ആക്ഷേപിക്കുന്നത്‌.  ‘സ്വന്തമായി ഫോട്ടോഗ്രാഫ’റെ വരെ നിയമിച്ച്‌ ലക്ഷങ്ങൾ ധൂർത്തടിക്കുന്ന ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാനാണ്‌ അത്‌ ഏറ്റുപിടിച്ച്‌  ഇവരെ പരിഹസിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top