08 May Wednesday

സ്വർണ നിക്ഷേപ തട്ടിപ്പ് കേസിൽ അർധസെഞ്ച്വറി കടന്ന് ഖമറുദ്ദീൻ; ഇതുവരെ 53 കേസുകൾ

വെബ് ഡെസ്‌ക്‌Updated: Thursday Sep 17, 2020

തൃക്കരിപ്പൂർ > ജ്വല്ലറി തട്ടിപ്പിൽ എം സി ഖമറുദ്ദീൻ എംഎൽഎക്കെതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നു. പയ്യന്നൂർ, ചന്തേര, കാസർകോട് സ്റ്റേഷനുകളിലായി ഇതുവരെ 53 കേസും ഹൊസ്ദുർഗ് മജിസ്‌ട്രേറ്റ് കോടതിയിൽ രണ്ടും കേസുമാണുള്ളത്. നിയമനടപടി ആരംഭിച്ചതോടെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ട്.

അതേസമയം ജ്വല്ലറിത്തട്ടിപ്പിനിരയായവർക്ക് പണം തിരികെ നൽകി  തലയൂരാനുള്ള  മുസ്ലിംലീഗിന്റെ ശ്രമത്തിന് നിയമതടസ്സം നേരിടുന്നുണ്ട്. കമ്പനിയുടെയും ഖമറുദ്ദീന്റെയും മറ്റ് ഡയറക്ടർമാരുടെയും സ്വത്ത് വിറ്റ്  ബാധ്യത തീർക്കുമെന്നാണ്  കുഞ്ഞാലിക്കുട്ടിയടക്കമുള്ള ലീഗ് നേതാക്കൾ പറയുന്നത്. ഖമറുദ്ദീൻ തട്ടിപ്പിനായി തട്ടിക്കൂട്ടിയ അഞ്ച് കമ്പനികളും  രജിസ്റ്റർ ചെയ്തതിനാൽ ആസ്തി വിൽപ്പന എളുപ്പമല്ലെന്ന് നിയമവിദഗ്ധർ പറഞ്ഞു.

കമ്പനി നിയമപ്രകാരം സ്ഥാപനം സാമ്പത്തികമായി തകർന്നാൽ  അക്കാര്യം  നാഷണൽ കമ്പനി ട്രിബ്യൂണൽ പരിശോധിച്ചാണ് ലിക്വിഡേറ്റ് ചെയ്യാൻ അനുമതി നൽകുക.  കമ്പനിയുടെ ആസ്തിയും ബാധ്യതയും കണക്കാക്കും. ഡയറക്ടർമാരുടെ വ്യക്തിപരമായ സമ്പാദ്യവും അതിൽ ഉൾപ്പെടുത്തും. കഴിഞ്ഞ ആറ് വർഷത്തിനിടെ വാങ്ങിയ ഭൂമിയും വാഹനങ്ങളും കെട്ടിടങ്ങളുമെല്ലാം അതിൽ ഉൾപ്പെടും. കമ്പനികൾ തകർന്നുവെന്ന് ജ്വല്ലറി ഡയറക്ടർമാർ  സമ്മതിച്ച സാഹചര്യത്തിൽ  രജിസ്ട്രാർ ഓഫ് കമ്പനീസ് നിയമ നടപടികളിലേക്ക് തിരിയുമെന്നാണറിയുന്നത്. അഞ്ച് കമ്പനികളുടെ ചെയർമാനായ ഖമറുദ്ദീന്റെയും മാനേജിങ് ഡയറക്ടറായ ടി കെ പൂക്കോയ തങ്ങളുടെയും പേരിൽ അവശേഷിക്കുന്ന സ്വത്തുക്കൾ മുഴുവൻ കമ്പനി നിയമത്തിന്റെ പരിധിയിൽ വരും.

ലീഗ് നിശ്ചയിച്ച മധ്യസ്ഥൻ മാഹിൻ ഹാജി കഴിഞ്ഞ ദിവസം കണക്കാക്കിയ ആസ്തികളിൽ പലതും നിക്ഷേപകരിൽ ചിലർ നൽകിയ സിവിൽ കേസിൽ ഏറ്റെടുത്തതാണ്. ഇവ വിൽക്കാനാകില്ല. മധ്യസ്ഥതയുടെ  പേരിൽ പരാതിക്കാരുടെ എണ്ണം കുറയ്ക്കാനുള്ള  ശ്രമമാണ് നടക്കുന്നത്.  പരാതി നൽകിയവർക്കനുകൂലമായി കോടതി വിധി വന്നാൽ ചുരുക്കം പേർക്ക് മാത്രം നഷ്ടപരിഹാരം നൽകി ബാക്കിയുള്ളവരെ കൈയൊഴിയാനുള്ള കുടിലബുദ്ധിയും ഇതിന് പിന്നിലുണ്ട്.

സംസ്ഥാന ക്രൈംബ്രാഞ്ച് കേസ് റിപ്പോർട്ട് കോടതികളിൽ  സമർപ്പിച്ചതോടെ  മധ്യസ്ഥശ്രമത്തിലൂടെ പ്രശ്നപരിഹാരവും എളുപ്പമല്ല.  സാമ്പത്തിക ഇടപാടുമാത്രമല്ല, പൊതുപ്രവർത്തകരെന്ന സ്വാധീനം ഉപയോഗിച്ചു നടത്തിയ അഴിമതി, വഞ്ചന, തട്ടിപ്പ് എന്നിവയൊക്കെ  പ്രതികൾക്കെതിരെ വരുമെന്ന്  നിയമവിദഗ്ധർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top