27 April Saturday

വനംവകുപ്പിനെ വട്ടം ചുറ്റിച്ച്‌ പപ്പാടിയിലെ തള്ളപ്പുലി; രണ്ടാമത്തെ കുഞ്ഞിനായി എത്തിയില്ല

വെബ് ഡെസ്‌ക്‌Updated: Wednesday Jan 12, 2022

തള്ളപ്പുലി കൊണ്ടുപോവാത്ത കുഞ്ഞിനെ വനംവകുപ്പ്‌ ഉദ്യോഗസ്ഥർ സുരക്ഷിത കേന്ദ്രത്തിലേക്ക്‌ കൊണ്ടുപോകുന്നു

പാലക്കാട് > അകത്തേത്തറ പഞ്ചായത്തിലെ ഉമ്മിണി പപ്പാടിയിൽ പുലിയെ തേടി കെണിയൊരുക്കിയുള്ള വനംവകുപ്പിന്റെ കാത്തിരിപ്പ്‌ ബുധനാഴ്‌ചയും തുടരും. പുലിയെ പിടികൂടാനായി സ്ഥാപിച്ച കൂട്ടിൽനിന്ന് കുഞ്ഞുങ്ങളിലൊന്നുമായി തള്ളപ്പുലി കാട്ടിലേക്ക് മടങ്ങിയെങ്കിലും രണ്ടാമത്തെ കുഞ്ഞിനായി മടങ്ങിയെത്തിയില്ല. ചൊവ്വാഴ്‌ച പുലർച്ചെയാണ് തള്ളപ്പുലി കുഞ്ഞുമായി  മടങ്ങിയത്. തള്ളപ്പുലി എത്താത്തതിനെ തുടർന്ന്‌ രണ്ടാമത്തെ പുലിക്കുഞ്ഞിനെ ഡിഎഫ്ഒ ഓഫീസിലേക്ക് മാറ്റി. ഈ കുഞ്ഞിനെയും തള്ളപ്പുലിയുടെ പക്കലെത്തിക്കാനുള്ള ദൗത്യം ഇന്നു രാത്രിയും തുടരും.

പുലി കയറിയാൽ തനിയെ അടയുന്ന കൂട്ടിൽനിന്നു കുഞ്ഞുങ്ങളിലൊന്നിനെ കൈകൊണ്ട് തട്ടി പുറത്തേക്കെടുത്താണ് തള്ളപ്പുലി മടങ്ങിയത്. വെളിച്ചവും ആളുകളുടെ ബഹളവും മൂലമാണ്‌ രണ്ടാമത്തെ കുഞ്ഞിനെ കൊണ്ടുപോകാൻ പുലി എത്താത്തതെന്നാണ്‌ നിഗമനം.

അകത്തേത്തറയിൽ തള്ളപ്പുലിക്കായി ഞായറാഴ്‌ച രാത്രിയാണ്‌ കൂട്‌ സ്ഥാപിച്ചത്. ആകെയുള്ള കൂട്‌ ഇവിടെ സ്ഥാപിച്ചതിനാൽ പിന്നീട് മണ്ണാർക്കാട്ടുനിന്നും വലിയ കെണിക്കൂട് എത്തിച്ച് പപ്പാടിയിലെ വീട്ടുപരിസരത്ത് സ്ഥാപിച്ചു. പുലിയെ പിടികൂടി കുട്ടികൾക്കൊപ്പം കാടുകയറ്റാനാണ് തീരുമാനം. കൂടിനുസമീപം സ്ഥാപിച്ച ക്യാമറയ്‌ക്കു മുന്നിലൂടെ മൂന്നുതവണ പുലി കടന്നുപോയതായി ദൃശ്യങ്ങളിൽ കണ്ടെത്തി.  

ഞായർ രാത്രി വിവിധ സമയങ്ങളിലായി പുലി വന്നെങ്കിലും കൂട്ടിലേക്ക് കയറിയില്ല. തിങ്കള്‍ പുലർച്ചെയും പുലി ഈ വഴി എത്തിയെങ്കിലും കൂട്ടിൽ കുഞ്ഞുങ്ങളില്ലായിരുന്നു. തിങ്കളാഴ്‌ച രാത്രിയിലാണ്‌ കുഞ്ഞുങ്ങളെ കൂട്ടിൽവച്ചത്‌. ഞായറാഴ്‌ച പകൽ ഒന്നോടെയാണ് അകത്തേത്തറ പഞ്ചായത്തിലെ ഉമ്മിണി പപ്പാടിയിൽ ആൾത്താമസമില്ലാത്ത വീട്ടിൽ ഒരാഴ്‌ചയിൽ താഴെ പ്രായമുള്ള രണ്ട്‌ പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്‌. ഇവയെ വനംവകുപ്പ്‌ പരിപാലിക്കുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top