27 April Saturday

കെഎസ്‌ആർടിസി ഡിപ്പോ നിർമാണത്തിലെ ക്രമക്കേട്‌: ചീഫ്‌ എൻജിനിയർക്ക്‌ സസ്‌പെൻഷൻ

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021


തിരുവനന്തപുരം
വിവിധ ഡിപ്പോയിലെ നിർമാണ പ്രവർത്തനത്തിൽ ക്രമക്കേട്‌ നടത്തിയെന്ന പരാതിയിൽ കെഎസ്ആർടിസി സിവിൽ വിഭാഗം മേധാവിയും ചീഫ് എൻജിനിയറുമായ ആർ ഇന്ദുവിന്‌ സസ്‌പെൻഷൻ.

അന്വേഷണ വിധേയമായി സസ്‌പെൻഡ്‌ ചെയ്യാൻ ഗതാഗത മന്ത്രി ആന്റണി രാജുവാണ്‌ ഉത്തരവിട്ടത്‌.  എറണാകുളം ഡിപ്പോയിലെ കാരയ്‌ക്കാമുറിയിലെ ഭരണനിർവഹണ ബ്ലോക്കിന്റെയും ഗ്യാരേജിന്റെയും നിർമാണത്തിലെ ക്രമക്കേടിനും ഹരിപ്പാട്, തൊടുപുഴ, കണ്ണൂർ, ചെങ്ങന്നൂർ, മൂവാറ്റുപുഴ ഡിപ്പോകളുടെ നിർമാണ നടപടി ക്രമങ്ങളിൽ ഗുരുതര വീഴ്‌ച വരുത്തുകയും കരാറുകാരെ വഴിവിട്ട് സഹായിച്ചതിനുമാണ്  നടപടി. ആർ ഇന്ദുവിനെ സസ്‌പെൻഡ്‌ ചെയ്‌ത്‌ വിജിലൻസ് അന്വേഷണം നടത്തണമെന്ന് ധനകാര്യ പരിശോധനാ വിഭാഗം റിപ്പോർട്ട്‌നൽകിയിരുന്നു. എറണാകുളം ഡിപ്പോയിലെ ഭരണനിർവഹണ ബ്ലോക്കിന്റെ നിർമാണത്തിലെ അപാകം കാരണം സർക്കാരിനുണ്ടായ 1.39 കോടി രൂപയുടെ നഷ്‌ടം ഇന്ദുവിൽനിന്ന് ഈടാക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു. തൊടുപുഴ ഡിപ്പോയിൽ യാർഡ് നിർമാണ കാലാവധി 11 മാസംകൂടി ദീർഘിപ്പിച്ചു നൽകിയെന്നും മൂവാറ്റുപുഴ ഡിപ്പോയിലെ മാലിന്യസംസ്‌കരണ പ്ലാന്റ്‌ നിർമാണത്തിൽ കരാറുകാരനെ ചട്ടവിരുദ്ധമായി സഹായിച്ചെന്നും റിപ്പോർട്ടിലുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top