27 April Saturday

കെഎസ്ആർടിസി പമ്പുകളിൽ നിന്നും ഇനി പൊതു ജനങ്ങൾക്കും ഇന്ധനം നിറയ്ക്കാം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 16, 2021


തിരുവനന്തപുരം>  കെഎസ്ആർടിസിയുടെ 67 ബസ് സ്റ്റേഷനുകളിൽ ആരംഭിക്കുന്ന പെട്രോൾ ഡീസൽ പമ്പുകളിൽ നിന്നും ഇനി മുതൽ പൊതു ജനങ്ങൾക്കും ഇന്ധനം നിറയ്ക്കുന്നതിനുള്ള ധാരണപത്രത്തിൽ ഒപ്പ് വെച്ചു. കെഎസ്ആർടിസി സിഎംഡി ബിജുപ്രഭാകർ ഐഎഎസും, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചീഫ് ജനറൽ മാനേജർ എസ്. ധനപാണ്ഡ്യനും  ചേർന്നാണ് ധാരണാ പത്രം ഒപ്പു വെച്ചത്. ഇതോടെ കെഎസ്ആർടിസിയുടെ 67 ഡിപ്പോകളിൽ സ്ഥാപിക്കുന്ന ഐഒസിയുടെ പമ്പുകളിൽ നിന്നാണ് ഇന്ധനം നിറയ്ക്കാൻ കഴിയുക.

ഇത്രയും കാലം കെഎസ്ആർടിസിയുടെ  കൺസ്യൂമർ പമ്പുകളിൽ നിന്നും കെഎസ്ആർടിസിക്ക് മാത്രമായിരുന്നു ഇന്ധനം നിറയ്ക്കാൻ കഴിഞ്ഞിരുന്നത്. കെഎസ്ആർടിസിയിൽ ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്.

ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാൽ ഐഎഎസ്  അധ്യക്ഷനായ ചടങ്ങിൽ ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. 150 കോടി രൂപ ചിലവഴിച്ചാണ് ഐഒസി കെഎസ്ആർടിസിയുമായി സഹകരിക്കുന്നത്.

പെട്രോൾ - ‍‍ഡീസൽ പമ്പു കൂടാതെ  അഞ്ച് കിലോഗ്രാമിന്റെ സിലിണ്ടർ , ടോയിലറ്റ്,  കഫ്റ്റേരിയ എന്നിവയുടെ അധിക വരുമാനവും കെഎസ്ആർടിസിയും ഐഒസിയും പങ്കിട്ടെടുക്കും.  67 പമ്പിൽ നിന്നും  ഇന്ത്യൻ സർക്കാർ നിശ്ചയിച്ചിട്ടുള്ള ഡീലർ കമ്മീഷനു പുറമെ സർക്കാർ സ്ഥലത്തിലുള്ള കെഎസ്ആർടിസി നിശ്ചയിക്കുന്ന സ്ഥലവാടകയുൾപ്പെടെ എല്ലാ ചിലവുകളും കഴിഞ്ഞ്   ഒരു വർഷം 70 കോടിയോളം രൂപ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.  

ആദ്യഘട്ടത്തിൽ ചേർത്തല, മാവേലിക്കര, മൂവാറ്റുപുഴ, അങ്കമാലി, മൂന്നാർ, കണ്ണൂർ, കോഴിക്കോട്, ചാത്തന്നൂർ, ചാലക്കുടി, ഗുരുവായൂർ, തൃശ്ശൂർ, ആറ്റിങ്ങൽ, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ  ഇപ്പോൾ നിലവിലുള്ള ഡീസൽ  പമ്പുകളോടൊപ്പം  പെട്രോൾ പമ്പുകൾ കൂടി ചേർത്താണ് ആദ്യ ഘട്ടത്തിൽ പദ്ധതി ആരംഭിക്കുക.  അതിന് ശേഷമാണ് വിപുലീകരിച്ച പമ്പുകൾ മറ്റു സ്ഥലങ്ങളിൽ   തുറക്കുന്നത്. അതിനുള്ള മുഴുവൻ ചിലവും ഐഒസി തന്നെ  വഹിക്കും. കൂടാതെ ഓരോ ബസ് സ്റ്റേഷനുകളിലും യാത്രക്കാർക്കായി മികച്ച ടോയിലറ്റ് സൗകര്യവും, കഫ്റ്റേരിയ സൗകര്യവും ഒരുക്കും.

ഐഒസി ജനറൽ മാനേജർ ഇൻ ചാർജ് ദീപക് ദാസ്, കെഎസ്ആർടിസി ഡയറക്ടർ ബോർഡ് അംഗങ്ങളായ ഡോ. സാംസൺ മാത്യു,  ടി. ഇളങ്കോവൻ, എസ്. അനിൽകുമാർ, യൂണിയൻ പ്രതിനിധികളായ സി. കെ. ഹരികൃഷ്ണൻ( കെഎസ്ആർടിഇഎ, സിഐടിയു), ആർ. ശശിധരൻ. (ടിഡിഎഫ്), കെ.എൽ രാജേഷ് ( കെഎസ്ടിഇഎസ്, ബിഎംഎസ്), തുടങ്ങിയവർ പങ്കെടുത്തു. സിഎംഡി ബിജുപ്രഭാകർ ഐഎഎസ് സ്വാഗതവും, എക്സിക്യൂട്ടീവ് ഡയറക്ടർ എം.ടി സുകുമാരൻ നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top