27 April Saturday

വെെദ്യുതി ബില്‍ അടയ്ക്കാന്‍ വൈകുന്നവരെ തേടി തട്ടിപ്പുസംഘം; ജാ​ഗ്രത പാലിക്കണമെന്ന് കെഎസ്ഇബി

സ്വന്തം ലേഖകൻUpdated: Thursday Jun 23, 2022

പണം അടയക്കണമെന്ന് കാണിച്ച് കെഎസ്ഇബിയുടെ പേരില്‍ വന്ന 
വ്യാജ സന്ദേശങ്ങളില്‍ ഒന്ന്

പാലക്കാട് > വൈദ്യുതിബിൽ അടയ്‌ക്കാൻ വൈകുന്നവരെതേടി തട്ടിപ്പുസംഘം സജീവം. ബിൽ അടയ്ക്കാൻ അവസാനദിവസംവരെ കാത്തിരിക്കുന്നവരെയാണ് സംഘം ലക്ഷ്യമിടുന്നത്. ഇവരുടെ ഗ്രൂപ്പിൽപ്പെട്ട പലർക്കും പണം നഷ്‌ടപ്പെട്ടു. പണമടച്ചില്ലെങ്കിൽ ഉടൻ വൈദ്യുതി വിച്ഛേദിക്കുമെന്ന് കാണിച്ചാണ് ഫോണിലേക്ക് സന്ദേശം അയക്കുന്നത്. കെഎസ്ഇബിയിൽനിന്ന്‌ മെസേജ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് സന്ദേശം എത്തുക.
 
ബിൽ അടയ്ക്കാനുള്ള അവസാനദിവസങ്ങളിൽ രാത്രിയാണ് സന്ദേശം ലഭിക്കുന്നത്‌. രാത്രിയിൽ ബിൽ അടച്ചില്ലെങ്കിൽ മണിക്കൂറുകൾക്കകം വൈദ്യുതി വിച്ഛേദിക്കുമെന്നും സന്ദേശത്തിലുണ്ടാകും. ഇത് ഒഴിവാക്കാൻ പറയുന്ന നമ്പറിൽ വിളിക്കാനും സന്ദേശത്തിലുണ്ട്.
 
ഇങ്ങനെ വിളിക്കുന്നവരോട് ഓൺലൈനിൽ പണമടയ്ക്കാനാണ്‌ നിർദേശിക്കുന്നത്‌. രാത്രി വൈദ്യുതി വിഛേദിക്കപ്പെടുന്നത് ഒഴിവാക്കാൻ പലരും ഈ നമ്പറിലേക്ക് പണമടച്ചു. പണമടച്ചില്ലെന്ന് കാണിച്ച് കെഎസ്ഇബി അധികൃതർ വിളിക്കുമ്പോഴാണ് തട്ടിപ്പാണെന്ന് പലരും തിരിച്ചറിയുന്നത്. കണ്ണാടിമേഖലയിലെ പലർക്കും ഇത്തരത്തിൽ സന്ദേശം ലഭിക്കുകയും ചിലരുടെ പണം നഷ്ടമാവുകയും ചെയ്തു. പണം നഷ്ടപ്പെട്ട പലരും പിന്നീട് ആ നമ്പറിൽ വിളിച്ചെങ്കിലും കിട്ടിയില്ല. തട്ടിപ്പ് വ്യാപകമായതോടെ ജാ​ഗ്രത പാലിക്കണമെന്ന് കെഎസ്ഇബിയും നിർദേശം നൽകി.
 
സന്ദേശം 
കെഎസ്ഇബിയുടേതല്ല
 
രാത്രി അയക്കുന്ന ഇത്തരം സന്ദേശങ്ങൾ കെഎസ്ഇബിയുടേതല്ലെന്ന് അധികൃതർ വൃക്തമാക്കി. പണം അടച്ചില്ലെങ്കിൽപോലും കെഎസ്ഇബി രാത്രി വൈദ്യുതി വിച്ഛേദിക്കാറില്ല. ഓൺലൈനിൽ പണം അടയ്ക്കുമ്പോൾ കെഎസ്ബിയുടേതാണെന്ന് ഉറപ്പാക്കണം. ​ഗൂ​ഗിൾ പേയിൽ പണമടയ്ക്കുമ്പോൾ കെഎസ്ബിയുടെ ലോഗോയുണ്ടാകും. അല്ലാതെ സ്വകാര്യവൃക്തിയുടെ നമ്പറിലേക്ക് പണം അടയ്ക്കാനാവില്ല. വൈദ്യുതി വിച്ഛേദിക്കുമെന്ന് കാണിച്ച് സന്ദേശമയക്കുന്ന പതിവും കെഎസ്ഇബിക്ക് ഇല്ല. അതിനാൽ ഇത്തരം സന്ദേശം അയക്കുന്നവർക്കെതിരെ പൊലീസ് നടപടി സ്വീകരിക്കണമെന്നും കെഎസ്ഇബി അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top