05 May Sunday

ദളിതരുടെ ദുരവസ്ഥ ചർച്ചചെയ്യാതെ രാജ്യത്തിന്‌ മുന്നോട്ടുപോകാനാകില്ല: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Mar 30, 2019


വർഗീയ ശക്തികളെയും യാഥാസ്ഥിതികരെയും ഒറ്റപ്പെടുത്താൻ ജനങ്ങൾ കൈകോർക്കണമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെപിഎംഎസ‌് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പുത്തരിക്കണ്ടം മൈതാനിയിൽ നടന്ന പൊതുമ്മേ‌‌ളനം ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ച‌് വർഷം ദളിത‌്, പിന്നോക്ക വിഭാഗങ്ങൾക്കുനേരെ വലിയ കടന്നാക്രമണങ്ങളാണ‌് നടന്നത‌്.

ദളിത‌് ജനവിഭാഗം അനുഭവിക്കുന്ന ദുരവസ്ഥ ചർച്ച ചെയ്യാതെ രാജ്യത്തിന‌് മുന്നോട്ട‌് പോകാനാവില്ല. ദളിതരെ നഗ്നരാക്കിയും കെട്ടിയിട്ടും ക്രൂരമായി മർദിക്കുന്ന സ്ഥിതിയുണ്ടായി. ഇത്തരം ജാതീയമായ ആക്രമണങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടും ഭരണാധികാരികൾ ചെറുവിരൽ അനക്കിയില്ല. ഇന്ത്യയുടെ മറ്റ‌് സംസ്ഥാനങ്ങളെ അപേക്ഷിച്ച‌്  മെച്ചപ്പെട്ട അവസ്ഥ കേരളത്തിലുണ്ട‌്. നമ്മുടെ നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഇടപെടലാണ‌് ഈ മാറ്റങ്ങൾക്ക‌് പിന്നിൽ. നവോത്ഥാന പ്രസ്ഥാനങ്ങളുടെ പിന്തുടർച്ച കേരളത്തിൽ ഉണ്ടായതുകൊണ്ടാണ‌് സാമൂഹ്യമായ ഒട്ടേറെ മാറ്റങ്ങൾ ഉണ്ടാക്കാനായത‌്. ഇഷ‌്ടമുള്ള വസ‌്ത്രം ധരിക്കാനും പൊതുവഴിയിലൂടെ നടക്കാ നും മാറ‌് മറയ‌്ക്കാനും മുട്ടിന‌് താഴെ മുണ്ടുടുക്കാനും സ‌്കൂളിൽ പഠിക്കാനുമെല്ലാം എല്ലാവർക്കും സാധിച്ചത‌് നിരവധി പോരാട്ടങ്ങളിലൂടെയാണ‌്.

ദളിതർക്ക‌് വിലക്കേർപ്പെടുത്തിയ ജാതി മേധാവിത്തത്തെ വെല്ലുവിളിച്ചാണ‌് അയ്യങ്കാളി വില്ലുവണ്ടി യാത്ര നടത്തിയത‌്. പലതരം അടിച്ചമർത്തലുകൾക്കെതിരെ കർഷകരും തൊഴിലാളികളുമെല്ലാം ജാതിമത ഭേദമന്യേ രംഗത്തിറങ്ങി. ഭൂപരിഷ‌്കരണ നിയമവും, കാർഷിക പരിഷ‌്കരണ നടപടികളും കുടികിടപ്പവകാശവുമെല്ലാം ജനങ്ങൾക്ക‌് നിവർന്ന‌് നിൽക്കാനുള്ള കരുത്ത‌് നൽകി. എണ്ണമറ്റ പോരാട്ടങ്ങളിലൂടെ നാം നേടിയെടുത്ത അവകാശങ്ങൾ സംരക്ഷിക്കാൻ ജാതി, മത ഭേദമന്യേ എല്ലാവരും രംഗത്തിറങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെപിഎംഎസ‌് സമ്മേളനം തുടങ്ങി
കേരള പുലയർ മഹാസഭ സംസ്ഥാന സമ്മേളനത്തിന‌് തലസ്ഥാനത്ത‌് തുടക്കമായി. സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ‌്ഘാടനം ചെയ‌്തു. കെപിഎംഎസ‌് പ്രസിഡന്റ‌് വി ശ്രീധരൻ അധ്യക്ഷനായി. ബിനോയ‌് വിശ്വം എം പി, മേയർ വി കെ പ്രശാന്ത‌്, എംഎൽഎമാരായ വി കെ ഇബ്രാഹിംകുഞ്ഞ‌്, എം വിൻസന്റ‌് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ സ്വാഗതവും ജെ എൽ ബിനു നന്ദിയും പറഞ്ഞു. ലക്ഷ‌്മി രാജീവ‌് രചിച്ച ‘ശബരിമലയും സ‌്ത്രീകളും’ എന്ന പുസ‌്തകം മുഖ്യമന്ത്രി, പുന്നല ശ്രീകുമാറിന‌് നൽകി പ്രകാശനം ചെയ‌്തു. വെള്ളയമ്പലം അയ്യങ്കാളി സ‌്ക്വയറിൽനിന്ന‌് പുത്തരിക്കണ്ടത്തേക്ക്‌ ആയിരങ്ങൾ പങ്കെടുത്ത പ്രകടനവും നടന്നു. ശനിയാഴ‌്ച രാവിലെ 10.30ന‌് നടക്കുന്ന പ്രതിനിധി സമ്മേളനം പുന്നല ശ്രീകുമാർ ഉദ‌്ഘാടനം ചെയ്യും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top