06 May Monday

പാലക്കാട്‌– കോഴിക്കോട്‌ ഗ്രീൻഫീൽഡ്‌ ഹൈവേ: 430 കോടി രൂപ നഷ്ടപരിഹാരം അനുവദിച്ചു

മുഹമ്മദ്‌ ഹാഷിംUpdated: Monday Oct 23, 2023
പാലക്കാട്‌> പാലക്കാട്‌–- കോഴിക്കോട്‌ ഗ്രീൻഫീൽഡ്‌ ഹൈവേക്ക്‌ ഭൂമി ഏറ്റെടുത്തതിന്‌ ഉടമകൾക്ക്‌ നഷ്ടപരിഹാരമായി പാലക്കാട്‌, മലപ്പുറം ജില്ലകളിൽ 430 കോടി രൂപ അനുവദിച്ചു. പാലക്കാട്‌ 130 കോടിയും മലപ്പുറത്ത്‌ 300 കോടിയുമാണ്‌ അനുവദിച്ചത്‌. കോഴിക്കോട്‌  നഷ്ടപരിഹാരം അനുവദിച്ചെങ്കിലും ഭൂമിക്ക്‌ വില നിശ്ചയിച്ചത്‌ കൂടുതലാണെന്ന ദേശീയപാത അതോറിറ്റിയുടെ പരാതി കാരണം തുക കൈമാറുന്നത്‌  നിർത്തിവച്ചു. മൂന്ന്‌ ജില്ലയിലായി ഭൂ ഉടമകൾക്ക്‌ 4,054 കോടി രൂപയാണ്‌  നഷ്ടപരിഹാരം നൽകുക.  പാലക്കാട്‌–- 1,755 കോടി, മലപ്പുറം– 1,986 കോടി, കോഴിക്കോട്‌– 313 കോടി എന്നിങ്ങനെയാണ്‌ നഷ്ടപരിഹാരം.  
         
പാലക്കാട്‌ 1,755 കോടി നഷ്ടപരിഹാരം
 
പാലക്കാട്‌ ജില്ലയിൽ 21 വില്ലേജുകളിലായി 2900 ഉടമകളുടെ 275 ഹെക്ടർ ഭൂമിയാണ്‌ ഏറ്റെടുക്കുന്നത്‌. മരുതറോഡ്‌, പാലക്കാട്‌ 2,  കരിമ്പ 2, കാരാകുറുശി, പയ്യനെടം, മണ്ണാർക്കാട്‌ 1, കോട്ടോപ്പാടം 2 എന്നീ വില്ലേജുകളിലുള്ളവർക്കാണ്‌ 130 കോടി രൂപ അനുവദിച്ചത്‌. 540  ഭൂ  ഉടമകൾക്കാണിത്‌. ഇനി വില നിശ്ചയിച്ച ഭൂമിയുടെ 200  ഉടമകൾക്ക്‌ 120 കോടി രൂപ അനുവദിക്കാനുണ്ട്‌. മലമ്പുഴ 1, 2, അകത്തേത്തറ, കോട്ടോപ്പാടം 3, പുതുപ്പരിയാരം 1, കരിമ്പ 1, തച്ചമ്പാറ എന്നീ വില്ലേജുകളിലെ ഭൂമിയുടെ വില നിശ്ചയിച്ച്‌ വിശദമായ വിലനിർണയ സ്‌റ്റേറ്റ്‌മെന്റ്‌  (ഡിവിഎസ്‌) ദേശീയപാത അതോറിറ്റിയുടെ അംഗീകാരത്തിന്‌ ഭൂമി ഏറ്റെടുക്കൽ വിഭാഗം  നൽകിയിട്ടുണ്ട്‌. മണ്ണാർക്കാട്‌ 2, പൊറ്റശേരി, അലനല്ലൂർ 3, കോട്ടോപ്പാടം 1, പതുപ്പരിയാരം 2, മുണ്ടൂർ 1, 2 എന്നീ വില്ലേജുകളിൽ ഡിവിഎസ്‌ നടപടി പുരോഗമിക്കുന്നു. 
        
മലപ്പുറത്ത്‌ 1986 കോടി; കോഴിക്കോട്‌ 313 കോടി
 
മലപ്പുറത്ത്‌ 15 വില്ലേജുകളിലായി 238 ഹെക്ടർ ഭൂമിയാണ്‌ ഏറ്റെടുക്കുന്നത്‌. 10 വില്ലേജുകളിലെ ഭൂ ഉടമകൾക്കാണ്‌ 300 കോടി രൂപ നഷ്ടപരിഹാരം അനുവദിച്ചത്‌.  അഞ്ച്‌ വില്ലേജുകളിലെ ഡിവിഎസ്‌  ദേശീയപാത അതോറിറ്റിയുടെ അംഗീകാരത്തിന്‌ കൈമാറിയിട്ടുണ്ട്‌. 1986 കോടി രൂപയാണ്‌ ജില്ലയിൽ നഷ്ടപരിഹാരമായി നൽകുന്നത്‌. കോഴിക്കോട്‌ 36 ഹെക്ടർ ഭൂമിയാണ്‌ ഏറ്റെടുക്കുന്നത്‌. നഷ്ടപരിഹാരമായി 313 കോടി രൂപ നൽകും. പാലക്കാട്‌  മരുതറോഡ്‌ മുതൽ  കോഴിക്കോട്‌ ഇരിങ്ങല്ലൂർ  വരെ 121 കിലോമീറ്ററുണ്ട്‌ ഗ്രീൻഫീൽഡ്‌ ഹൈവേ. മരുതറോഡ്‌ –- കരിമ്പ (30.720 കി.മീ.), കരിമ്പ–- എടത്തനാട്ടുക്കര (30.720 കി. മീ.), എടത്തനാട്ടുകര –- കാരാക്കുന്ന്‌ (26.490 കി. മീ.), കാരാക്കുന്ന്‌ –- വാളയൂർ (25.070), വാഴയൂർ–- ഇരിങ്ങല്ലൂർ (8.006. കി.മീ.) എന്നീ അഞ്ച്‌ റീച്ചുകളിലായാണ്‌ പുതിയ ആറുവരിപ്പാത നിർമാണം. സർവീസ്‌ റോഡുകളുമുണ്ടാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top