26 April Friday

മണ്ണിടിഞ്ഞ്‌ അടിയിൽ കുടുങ്ങിയ അതിഥിതൊഴിലാളിയെ രക്ഷപെടുത്തി

വെബ് ഡെസ്‌ക്‌Updated: Thursday Nov 17, 2022

കോട്ടയം> നാട്ടകം മറിയപ്പള്ളിക്കു സമീപം കയ്യാല നിർമാണത്തിനിടെ മണ്ണിടിഞ്ഞുവീണ്‌ അതിഥിതൊഴിലാളി അടിയിൽ കുടുങ്ങി. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന്‌ രണ്ടേകാൽ മണിക്കൂർ പരിശ്രമിച്ചാണ്‌ ബംഗാൾ സ്വദേശി സുശാന്ത്‌ മിദ്ദ(24)യെ സാരമായ പരിക്കുകളില്ലാതെ പുറത്തെടുത്തത്‌. മറിയപ്പള്ളി മഠത്തിൽകാവിൽ സ്വകാര്യ വ്യക്തിയുടെ വീടിനോട്‌ ചേർന്ന തിട്ടക്ക്‌ കയ്യാല കെട്ടാൻ വാനം മാന്തുന്നതിനിടെ വ്യാഴം രാവിലെ 9.15നായിരുന്നു അപകടം.

സുശാന്തും മറ്റുരണ്ട്‌ അതിഥിതൊഴിലാളികളുമാണ്‌ ജോലിയിൽ ഏർപ്പെട്ടിരുന്നത്. മണ്ണിടിഞ്ഞുവീണപ്പോൾ കൂടെയുള്ള രണ്ടുപേർ ഓടിമാറിയെങ്കിലും കുഴിയിൽനിന്ന സുശാന്ത്‌ മണ്ണിനടിയിൽ പെട്ടു. അരയ്‌ക്കുതാഴേക്ക്‌ മണ്ണിനടിയിലായ സുശാന്തിനെ രക്ഷിക്കാൻ മറ്റു തൊഴിലാളികളും ഏതാനും സമീപവാസികളും ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന്‌ കോട്ടയത്തുനിന്ന്‌ ഫയർ ആൻഡ്‌ റെസ്‌ക്യു സംഘമെത്തി മണ്ണ്‌ നീക്കാരംഭിച്ചു. ഇതിനിടെ വീണ്ടും മണ്ണിടിയുകയായിരുന്നു. സുശാന്തിന്റെ തലയ്‌ക്കുമുകളിൽ മണ്ണ്‌ മൂടിയത്‌ കണ്ട്‌ ചുറ്റുമുണ്ടായിരുന്നവർ പരിഭ്രാന്തരായി. ഫർഫോഴ്‌സ്‌ ജീവനക്കാർ അതിവേഗം തലയ്‌ക്കുമുകളിലെ മണ്ണ്‌ മുഴുവൻ കൈകൊണ്ട്‌ നീക്കി ശ്വാസം കിട്ടുന്ന നിലയിലാക്കി.

  തുടർന്നും മണ്ണിടിയാനുള്ള സാധ്യത നിലനിൽക്കെയായിരുന്നു പിന്നീടുള്ള രക്ഷാപ്രവർത്തനം. ചങ്ങനാശേരിയിൽനിന്നും ഫയർ ആൻഡ്‌ റെസ്‌ക്യു സംഘമെത്തി. പത്തടിയോളം താഴ്ചയുള്ള കുഴിയിലാണ്‌ ഒരുകാൽ മടങ്ങിയ നിലയിൽ സുശാന്ത്‌ കിടന്നിരുന്നത്‌. നനഞ്ഞ്‌ ഉറച്ച മണ്ണായതിനാൽ പുറത്തെടുക്കുക ശ്രമകരമായിരുന്നു. സമീപത്ത്‌ ജെസിബി ഉപയോഗിച്ച്‌ മറ്റൊരു കുഴിയുണ്ടാക്കി അതിലിറങ്ങിനിന്ന്‌ ഏറെ പണിപ്പെട്ടാണ്‌ ഫയർ ആൻഡ്‌ റെസ്‌ക്യു ടീം സുശാന്തിനെ പകൽ 11.30ഓടെ പുറത്തെടുത്തത്‌. ഈ സമയമത്രയും സമചിത്തതയോടെ നിന്ന സുശാന്ത്‌ രക്ഷാപ്രവർത്തകരുമായി സംസാരിച്ചുകൊണ്ടിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top