27 April Saturday

പൊലീസിനെ നവീകരിച്ച നായകൻ

സുജിത്‌ ബേബിUpdated: Sunday Oct 2, 2022

തിരുവനന്തപുരം
സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ വിടപറയുന്നതിനൊപ്പം നഷ്ടമാകുന്നത്‌ കേരളം കണ്ട മികച്ച ആഭ്യന്തരമന്ത്രിയെക്കൂടിയാണ്‌. പൊലീസിൽ അടിമുടി മാറ്റമുണ്ടാക്കിയ മികച്ച മന്ത്രിയെന്ന നിലയിൽക്കൂടിയാകും അദ്ദേഹം മലയാളിമനസ്സിൽ ജീവിക്കുക.

വി എസ്‌ അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ്‌ സർക്കാർ അധികാരമേറ്റപ്പോൾ ആ മന്ത്രിസഭയിൽ ആഭ്യന്തരവകുപ്പിനെ നയിക്കാനായിരുന്നു പാർടി അദ്ദേഹത്തെ നിയോഗിച്ചത്‌. സമരപോരാട്ടങ്ങളുടെയും നിയമസഭാനുഭവങ്ങളുടെയും കരുത്തുമായാണ്‌ ആഭ്യന്തരവകുപ്പിന്റെ നായകനായത്‌.

കണ്ണൂരിൽ നടന്ന പാർടി കോൺഗ്രസിന്റെ ഭാഗമായുള്ള റാലിയിൽ പ്രകാശ്‌ കാരാട്ടിനൊപ്പം

കണ്ണൂരിൽ നടന്ന പാർടി കോൺഗ്രസിന്റെ ഭാഗമായുള്ള റാലിയിൽ പ്രകാശ്‌ കാരാട്ടിനൊപ്പം


പൊലീസ്‌ നിയമത്തിൽ സമഗ്രമായ അഴിച്ചുപണി നടത്തി  പൊലീസുകാരുടെ ആത്മാഭിമാനമുയർത്തിയ ആഭ്യന്തരമന്ത്രിയായിരുന്നു കോടിയേരി.
ക്രമസമാധാന പാലനത്തിൽ വിട്ടുവീഴ്‌ചയില്ലാതെ പൊലീസിനെ ജനകീയമാക്കിയതിൽ മുഖ്യപങ്കായിരുന്നു ജനമൈത്രി പദ്ധതിക്ക്‌. ജനങ്ങളെയും പൊലീസിനെയും ഒരുമിച്ച്‌ അണിനിരത്തി നാടിന്റെ നീതിയുറപ്പിക്കാമെന്ന്‌ കേരളത്തെ പഠിപ്പിച്ചത്‌ കോടിയേരിയായിരുന്നു.
പൊലീസിൽ ആധുനികവൽക്കരണം കൊണ്ടുവന്നതിലും വലിയ പങ്ക്‌ വഹിച്ചു. പൊലീസ്‌ സ്റ്റേഷനുകളിൽ കംപ്യൂട്ടർവൽക്കരണവും ഓൺലൈൻ ഫയൽ നീക്കവും ആധുനിക ഉപകരണങ്ങൾ നൽകിയതുമെല്ലാം കോടിയേരിയെന്ന ആഭ്യന്തരമന്ത്രിയായിരുന്നു.

പൊലീസ്‌ ഉദ്യോഗസ്ഥർക്ക്‌ നല്ല വാഹനങ്ങളും സ്റ്റേഷനുകളിൽ പഴയ വാഹനവും എന്നതായിരുന്നു പൊതുശീലം. വേഗത്തിലും സുരക്ഷിതമായും സ്റ്റേഷനിലെ പൊലീസുകാർ സഞ്ചരിക്കേണ്ടതുണ്ടെന്ന്‌ കോടിയേരി പറഞ്ഞു. സ്റ്റേഷനുകളിലേക്ക്‌ പുതിയ വാഹനങ്ങളെത്താൻ അധികസമയം വേണ്ടിവന്നില്ല. ബറ്റാലിയൻ, എ ആർ ക്യാമ്പ്‌, പൊലീസ് സ്റ്റേഷൻ എന്നിങ്ങനെ മൂന്ന്‌ തട്ടിലായിരുന്ന പൊലീസ്‌ സംവിധാനത്തെ രണ്ട്‌ തട്ടിലാക്കണമെന്ന നിർദേശം മുന്നോട്ടുവച്ചത്‌ കോടിയേരിയായിരുന്നു.

അതിന്‌ ഗുണമുണ്ടായി. ബറ്റാലിയനിൽനിന്ന്‌ ചെറുപ്പക്കാരായ പൊലീസുകാർ സ്റ്റേഷനുകളിലെത്തി. കേസന്വേഷണത്തിലും ക്രമസമാധാന പരിപാലനത്തിലും ഏറെ നേട്ടമുണ്ടാക്കിയ തീരുമാനമായിരുന്നു അത്‌. ഉദ്യോഗസ്ഥരുടെ പരിശീലന കാലയളവ്‌ സർവീസായി പരിഗണിക്കാൻ തീരുമാനിച്ചത്‌ പൊലീസ്‌ സേനയോട്‌ ആഭ്യന്തരമന്ത്രിയെന്ന നിലയിൽ അദ്ദേഹം കാണിച്ച കരുതലായി ഇന്നും പൊലീസുകാർ ഓർക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top