26 April Friday

രാജ്യത്ത്‌ നടക്കുന്നത് മതരാഷ്‌ട്രം സ്ഥാപിക്കാനുള്ള ആസൂത്രിത നീക്കം; പ്രതിരോധിക്കും: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Friday Dec 3, 2021

തിരുനന്തപുരം > ആർഎസ്‌എസ്‌ ഉദ്ദേശിക്കുന്ന മതരാഷ്‌ട്രം സ്ഥാപിക്കാനുള്ള ആസൂത്രിത നീക്കമാണ്‌ രാജ്യത്ത്‌ നടക്കുന്നതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ഇതിനെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളെയും മതനിരപേക്ഷ ശക്തികളെയും അണിനിരത്തി ന്യൂനപക്ഷ സംരക്ഷണം ഉറപ്പുവരുത്തും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മുസ്ലീം, ക്രിസ്ത്യന്‍, എസ് സി‐എസ് ടി വിഭാഗങ്ങൾക്ക്‌ എതിരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്.

കഴിഞ്ഞ 9 മാസങ്ങള്‍ക്കിടെ ക്രിസ്‌തീയ വിഭാഗങ്ങള്‍ക്കും അവരുടെ ആരാധാനാലയങ്ങള്‍ക്കും എതിരെ മുന്നൂറില്‍പ്പരം അതിക്രമണങ്ങളാണ്‌ നടന്നതെന്ന്‌ മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌. പ്രാർഥനായോഗങ്ങൾ പോലും നടത്താൻ  സമ്മതിക്കുന്നില്ല. പശു സംരക്ഷണം, ലൗവ്‌ ജിഹാദ്‌ എന്നീ മുദ്രാവാക്ക്യങ്ങൾ ഉയർത്തിയാണ്‌ ആക്രമണങ്ങൾ.

അസമിൽ ദരിദ്രരായ കുടുംബങ്ങൾ വീടുകെട്ടി താമസിച്ച്‌ കൃഷി ചെയ്‌തുവരുന്ന ഭൂമിയിൽ നിന്ന്‌ അവരെ ഒഴിപ്പിക്കാൻ വലിയ ആക്രമണങ്ങൾ നടത്തി. ന്യൂനപക്ഷ വിഭാഗങ്ങളായതിനാൽ കൃഷി ചെയ്‌ത്‌ ജീവിക്കാൻ പോലും അനുവദിക്കാത്ത അവസ്ഥയാണ്‌. ഉത്തര്‍പ്രദേശിലും മുസ്‌ലിങ്ങൾക്കെതിരായ ആക്രമണങ്ങള്‍ ശക്തിപ്പെടുകയാണ്‌. തെരഞ്ഞെടുപ്പ്‌ അടുത്തതോടുകൂടി മധുര കേന്ദ്രീകരിച്ച്‌ വ്യാപകമായ സംഘർഷമുണ്ടാക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്‌.

ക്രിസ്‌തീയ വിഭാഗങ്ങൾക്കെതിരെയുള്ള നീക്കങ്ങളിൽ പ്രധാനപ്പെട്ടതാണ്‌ ഫാ.സ്‌റ്റാൻ സ്വാമിയുടെ പേരിലുള്ള കേസും മാവോയിസ്റ്റ്‌ എന്ന പേരിൽ ജയിലിലടച്ചതും ഒടുവിൽ  ജയലിൽ മരണപ്പെട്ടതും. അദ്ദേഹം ഭരണകൂട ഭീകരതയുടെ രക്തസാക്ഷിയാണ്‌. ആ സ്ഥലം സന്ദർശിച്ചിട്ട്‌ പോലുമില്ലാത്ത അദ്ദേഹത്തെ ഭീമ കോറേഗാവ്‌ സംഭവത്തിലാണ്‌ പ്രതിയാക്കിയത്‌. ഈ പ്രശ്‌നങ്ങൾ ഉയർത്തി ഡിസംബര്‍ ഏഴിന് വിപുലമായ പ്രചാരണ പരിപാടി കേരളത്തിൽ സംഘടിപ്പിക്കും.

ഈ കഴിഞ്ഞ ദിവസങ്ങളിൽ ആർഎസ്‌എസും എസ്‌ഡിപിഐയും കേരളത്തിലും വിവിധ രീതിയിലുള്ള  പ്രശ്‌നങ്ങൾ കുത്തിപ്പൊക്കാൻ തുടങ്ങിയിട്ടുണ്ട്‌. ഡിസംബർ 1ന്‌ തലശേരിയിൽ ആർഎസ്‌എസ്‌ നടത്തിയ പ്രകടനം അത്യന്തം പ്രകോപനപരമായിരുന്നു. മുസ്‌ലിം ജനവിഭാഗങ്ങൾക്കെതിരെ കലാപാഹ്വാനമാണ്‌ ആർഎസ്‌എസ്‌ മുഴക്കിയത്‌. ഇതിനെതിരെ എസ്‌ഡിപിഐ രംഗത്തിറങ്ങി. അങ്ങനെ വർഗീയ ധ്രൂവീകരണത്തിനാണ്‌ ഇരുക്കൂട്ടരുടെയും ശ്രമം.‌ ഇതിനെതിരെ ശക്തമായ നടപടികൾ സർക്കാർ സ്വീകരിക്കണം. ജനങ്ങളും ജാഗ്രത പാലിക്കണം. മതധ്രൂവീകരണത്തിലേക്ക്‌ സംസ്ഥാനത്തെ എത്തിക്കാനുള്ള നീക്കം ആസൂത്രിതമാണ്‌. അതിന്‌ അനുവദിച്ചുകൂടാ. ഇത്‌ ബഹുജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top