28 June Friday

ഭാവിയിലെ ഹൈടെക് തൊഴിലിടമാകുന്ന ഇന്ത്യയിലെ ഏക നഗരമായി കൊച്ചി

സ്വന്തം ലേഖികUpdated: Tuesday Mar 23, 2021

കൊച്ചി> ലോകത്തെ 21 ഹൈടെക് തൊഴിലിടങ്ങളിലൊന്നായി ഭാവിയില്‍ കൊച്ചി മാറുമെന്ന് പഠനം. പ്രമുഖ അമേരിക്കന്‍ ടെക്നോളജി സ്ഥാപനമായ കോഗ്‌നിസന്റ് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. പട്ടികയില്‍ ഇടംപിടിച്ച ഇന്ത്യയിലെ ഏക നഗരമാണ് കൊച്ചി. വ്യവസായ സംരംഭങ്ങള്‍ക്കും സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ക്കും എല്ലാ സഹായവും നല്‍കി പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന് അഭിമാനിക്കാവുന്ന നേട്ടമാണിത്.

ഭാവിയില്‍ ഹൈടെക് തൊഴിലിടമായി മാറാനുള്ള നിരവധി സാഹചര്യങ്ങള്‍ കൊച്ചിയിലുണ്ടെന്ന് പഠനം പറയുന്നു.  സംരംഭം തുടങ്ങാനും ധനസഹായത്തിനും നൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താനുള്ള സാഹചര്യം കൊച്ചിയില്‍ കൂടുതലാണ്. മാനുഷികവിഭവശേഷി,  കായല്‍ ടൂറിസം സാധ്യതകള്‍, കൊച്ചിയിലെ സുഗന്ധവ്യഞ്ജനങ്ങളുടെയും പഞ്ചസാരയുടെയും മികവ്,  വൈവിധ്യമാര്‍ന്ന സംസ്‌കാരം, സൗരോര്‍ജ പദ്ധതികള്‍, പ്രത്യേക സാമ്പത്തികമേഖല, മികച്ച രോഗപ്രതിരോധം, സാക്ഷരത, പ്രവാസിവരുമാനം, പുതു ആശയങ്ങളുടെ പ്രയോഗം എന്നീ ഘടകങ്ങളും ഭാവിയിലെ ഹൈടെക് തൊഴിലിടമായി കൊച്ചിയെ ഒരുക്കുന്നു.

മറ്റൊരു പ്രത്യേകത കൊച്ചിയിലെ തുറന്നയിടങ്ങളാണ്. പച്ചപ്പും തീരങ്ങളും നിറഞ്ഞ ഇത്തരം ഇടങ്ങള്‍ മാനസിക സംഘര്‍ഷം കുറയ്ക്കും. പരിസ്ഥിതിസൗഹൃദ ഗതാഗതരീതികളെ  കൊച്ചി കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നുവെന്നതും ഗുണകരം.

സാക്രമെന്റൊ, ടൊറോന്റോ, പോര്‍ട്ട് ലാന്‍ഡ്, അറ്റ്ലാന്‍ഡ, സവോപോളോ, ഡ്യൂണ്ടി, ടാല്ലിന്‍, ലിസ്ബണ്‍, സിലിക്കണ്‍വാഡി, ലാഗോസ്, നൈറോബി, ഹെയ്ദന്‍ ക്യൂ, സോങ്‌ഡോ, ഷെഷ്യന്‍, ഡാ നാങ്, ന്യൂസിലന്‍ഡിലെ വില്ലിങ്ടണ്‍ എന്നിവയാണ് അംഗീകാരം ലഭിച്ച മറ്റു നഗരങ്ങള്‍. നോവ ഹാന്‍സീടിക്ക, ഔട്ടര്‍ സ്പേസ്, വെര്‍ച്വല്‍ സ്പേസ്, റെമൊടോപിയ എന്നിവയാണ് മറ്റു തൊഴിലിടങ്ങള്‍.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top