27 April Saturday

കൊച്ചി കൂട്ടബലാത്സംഗക്കേസിലെ പ്രതികൾ ബിജെപിക്കാർ

വെബ് ഡെസ്‌ക്‌Updated: Saturday Nov 19, 2022


കൊച്ചി   
ഓടുന്ന കാറിൽ പത്തൊമ്പതുകാരിയായ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പ്രതികളെല്ലാം അറസ്റ്റിൽ. യുവതിയുടെ കൂട്ടുകാരിയും രാജസ്ഥാന്‍കാരിയായ മോഡലുമായ ഡിമ്പിള്‍ ലാമ്പ (ഡോളി 21),  കൊടുങ്ങല്ലൂര്‍ പരാരത്തുവീട്ടില്‍ വിവേക് സുധാകരന്‍ (26), കൊടുങ്ങല്ലൂര്‍ മേത്തല കുഴിക്കാട്ടുവീട്ടില്‍ നിധിന്‍ മേഘനാഥന്‍ (35), കൊടുങ്ങല്ലൂര്‍ കാവില്‍ക്കടവ് തായ്ത്തറവീട്ടില്‍ ടി ആര്‍ സുദീപ് (34) എന്നിവരാണ്‌ അറസ്റ്റിലായത്‌.  യുവതിയെ മയക്കുമരുന്ന്‌ നൽകിയാണോ പീഡിപ്പിച്ചതെന്നും പൊലീസ്‌ പരിശോധിക്കുന്നു. കൊടുങ്ങല്ലൂരിലെ ആർഎസ്‌എസ്‌ ഗുണ്ടാസംഘത്തിലെ പ്രധാനിയാണ്‌ നിധിൻ. ഈയാളുടെ കൂട്ടാളികളാണ്‌  വിവേകും സുദീപും.

പരസ്യ മോഡലിങ്ങിനായാണ്‌ കാസർകോട്ടുകാരിയായ യുവതി കൊച്ചിയിലെത്തിയത്‌. ഒരാഴ്‌ചയായി കാക്കനാട്ടെ ഓയോ ഹോട്ടലിൽ താമസിക്കുകയായിരുന്നു. വ്യാഴം അര്‍ധരാത്രിയാണ് ഓടുന്ന കാറില്‍ യുവതി ബലാത്സംഗത്തിന് ഇരയായത്‌. രാത്രി എട്ടോടെയാണ്‌ ഡിമ്പിളിനും അവരുടെ കൂട്ടുകാരായ പ്രതികൾക്കും ഒപ്പം യുവതി കൊച്ചിൻ ഷിപ്‌യാർഡിനു സമീപത്തെ ബാറിൽ ഡിജെ പാര്‍ടിക്ക്‌ എത്തിയത്. പത്തരയോടെ യുവതി ബാറില്‍ കുഴഞ്ഞുവീണു. ഈ സമയം  താമസസ്ഥലത്ത് എത്തിക്കാമെന്നു പറഞ്ഞ് ഡിമ്പിളിന്റെ സുഹൃത്തായ വിവേക്‌, നിധിനും സുദീപിനുമൊപ്പം പെൺകുട്ടിയെ കാറില്‍ കയറ്റി. മറ്റൊരു പാര്‍ടിയുണ്ടെന്നു പറഞ്ഞ്‌ ഡിമ്പിള്‍ കാറിൽ കയറിയില്ല. പെൺകുട്ടിയുമായി പോയ യുവാക്കൾ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ കാറില്‍ കറങ്ങി മാറിമാറി ബലാത്സംഗം ചെയ്യുകയും പിന്നീട് കാക്കനാട്ടെ ഹോട്ടലില്‍ ഇറക്കിവിട്ടതായും പൊലീസ്‌ പറഞ്ഞു.

പീഡിപ്പിച്ച വിവരം യുവതി വെള്ളിയാഴ്ച മറ്റൊരു കൂട്ടുകാരിയെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇന്‍ഫോപാര്‍ക്ക് പൊലീസ്‌ പെൺകുട്ടിയുടെ മൊഴിയെടുത്തു. പീഡനം എറണാകുളം നഗരത്തിലായതിനാൽ കേസ്‌ സൗത്ത്‌ പൊലീസിന്‌ കൈമാറി. സംഭവം അറിഞ്ഞ്‌ ആറുമണിക്കൂറിനുള്ളിൽ പ്രതികളെയെല്ലാം പൊലീസിന്‌ പിടിക്കാനായി.

ആറുമണിക്കൂറിനുള്ളിൽ 
പ്രതികൾ പിടിയിൽ
കാറിനുള്ളിൽ മോഡലിനെ കൂട്ടബലാത്സംഗം ചെയ്‌ത കേസിൽ പ്രതികൾ പിടിയിലായത്‌ മിന്നൽവേഗത്തിൽ. വ്യാഴം അര്‍ധരാത്രിയാണ് കാസര്‍കോട്ടുകാരിയെ കൂട്ടബലാത്സംഗം ചെയ്തത്. വിവരം യുവതി വെള്ളിയാഴ്ച ഒരു കൂട്ടുകാരിയെ അറിയിച്ചു. രാവിലെ പെൺകുട്ടി രക്തസ്രാവം ഉണ്ടായതിനെ തുടർന്ന്‌ കൂട്ടുകാരിക്കൊപ്പം കാക്കനാട്‌ സഹകരണ ആശുപത്രിയിലെത്തി. സംശയം തോന്നിയ ആശുപത്രി അധികൃതർ വിവരം ഇൻഫോപാർക്ക്‌ പൊലീസിനെ അറിയിച്ചു. പൊലീസ്‌ എത്തി മൊഴിയെടുത്തശേഷം പെൺകുട്ടിയെ എറണാകുളം ഗവ. മെഡിക്കൽ കോളേജിലേക്ക്‌ മാറ്റി. ചികിത്സയ്‌ക്ക്‌ ശേഷം വിട്ടയച്ച പെൺകുട്ടി പൊലീസ്‌ നിരീക്ഷണത്തിലാണ്‌. വെള്ളി പകൽ ഒന്നോടെ കേസ്‌ സൗത്ത്‌ പൊലീസിന്‌ കൈമാറി. രാത്രി ഏഴോടെ സൗത്ത്‌ പൊലീസ്‌ പ്രതികളെ കസ്‌റ്റഡിയിലെടുത്തു.

യുവതിയും യുവാക്കളും രാത്രി എത്തിയ ബാറിൽ പൊലീസ്‌ പരിശോധന നടത്തി. ബാറിൽ യുവാക്കൾ നൽകിയ തിരിച്ചറിയൽ രേഖകൾ പരിശോധിച്ചതിൽ, ഇവർ നൽകിയ മേൽവിലാസം വ്യാജമാണെന്നു കണ്ടെത്തി. യുവതിക്കൊപ്പം പരാതി നൽകാൻ വന്ന കൂട്ടുകാരിയുടെ മൊഴി വിശദമായി എടുത്തു. തുടർന്നാണ്‌ നാല്‌ പ്രതികളെയും കസ്‌റ്റഡിയിലെടുത്തത്‌. പ്രതികളിലൊരാളായ വിവേകിന്റെ ഉടമസ്ഥതയിലുള്ള മഹീന്ദ്ര ഥാർ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top