27 April Saturday

കൊച്ചി ബംഗളൂരു വ്യവസായ ഇടനാഴിക്കും കിഫ്‌ബി സഹായം; ആദ്യഘട്ട സ്ഥലമെടുപ്പിന്‌ 346 കോടി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 12, 2021


സ്വന്തം ലേഖകൻ
വ്യവസായ വികസനത്തിന് ഉത്തേജനം പകരാനുള്ള വ്യവസായ ഇടനാഴി പദ്ധതിക്ക്‌ കിഫ്‌ബി വഴി സംസ്ഥാന സർക്കാർ 346 കോടി രൂപ അനുവദിച്ചു. ഉൽപ്പാദനമേഖലയടക്കം വിവിധ വ്യവസായ ക്ലസ്റ്ററുകളാണ് ഈ ഇടനാഴികളിൽ വികസിപ്പിക്കുക. ഹൈവേ, തുറമുഖം, റെയിൽവേ എന്നിവയ്‌ക്ക്‌ സമീപമാകും കേന്ദ്ര പങ്കാളിത്തത്തോടെയുള്ള പദ്ധതി. കിഫ്‌ബി വഴി അനുവദിച്ച തുക വെള്ളിയാഴ്‌ച പകൽ 12ന്‌ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ കിൻഫ്രയ്‌ക്ക്‌ കൈമാറും.

9 വ്യവസായ ക്ലസ്‌റ്റർ
ഒമ്പത് മെഗാ വ്യവസായ ക്ലസറ്ററുകൾ കൊച്ചി–- ബംഗളൂരു വ്യവസായ ഇടനാഴിയിലുണ്ടാകും. ഭക്ഷ്യ വ്യവസായം, ലഘു എൻജിനീയറിങ് വ്യവസായം, രത്‌ന-ആഭരണ ക്ലസ്റ്ററുകൾ, പ്ലാസ്റ്റിക്, ഇ -വേസ്റ്റ്, ഖരമാലിന്യ റീ സൈക്ലിങ്, ഓയിൽ ആൻഡ് ഗ്യാസ്, ഇലക്ട്രോണിക്‌സ്, ഐടി, ലോജിസ്റ്റിക്‌സ്, ഓട്ടോമോട്ടീവ് എന്നിവ. പദ്ധതി പൂർത്തിയാകുന്നതോടെ കൊച്ചി-–- പാലക്കാട് മേഖല ദക്ഷിണേന്ത്യയിലെ പ്രധാന മാനുഫാക്ചറിങ് ഹബ് ആയി മാറും. നേരിട്ടും അല്ലാതെയുമുള്ള ആയിരക്കണക്കിന് തൊഴിലവസരങ്ങളുമുണ്ടാകും.

ഈ പദ്ധതിക്ക്‌ കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ സ്ഥലമേറ്റെടുക്കും.  കണ്ണൂർ, പാലക്കാട് ജില്ലകളിലായി 12710 കോടി രൂപയുടെ വ്യവസായ അടിസ്ഥാനസൗകര്യ വികസന പദ്ധതിക്കാണ് കിഫ്ബി അനുമതി നൽകിയത്‌. കെബിഐസി പദ്ധതിക്ക്‌ പാലക്കാട് കണ്ണമ്പ്രയിൽ 470 ഏക്കർ സ്ഥലം ഏറ്റെടുക്കും. ആദ്യഘട്ടമായി 292.89 ഏക്കർ ഏറ്റെടുക്കാൻ 346 കോടി രൂപ കിഫ്ബി കിൻഫ്രയ്ക്ക് കൈമാറും.  പാലക്കാട്‌ ഒഴലപ്പതി,പുതുശേരി എന്നിവിടങ്ങളിൽ 1038 കോടി രൂപ ചെലവിൽ 1351 ഏക്കർ ഭൂമി കൂടി കെബിഐസി പദ്ധതിക്കുവേണ്ടി ഏറ്റെടുക്കാനും കിഫ്ബി അനുമതിയായി‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top