27 April Saturday

കൊച്ചി–ബംഗളൂരു വ്യവസായ ഇടനാഴി: സ്ഥലം ഏറ്റെടുക്കൽ ജനുവരിയിൽ പൂർത്തിയാകും

ശ്രീരാജ്‌ ഓണക്കൂർUpdated: Tuesday Sep 20, 2022

കൊച്ചി> കൊച്ചി–-ബംഗളൂരു വ്യവസായ ഇടനാഴിക്കായുള്ള സ്ഥലമേറ്റെടുക്കൽ ജനുവരിയിൽ പൂർത്തിയാകും. ഭൂമിയെടുക്കുന്നതിന്‌ നോഡൽ ഏജൻസിയായ കിൻഫ്രയ്‌ക്ക്‌ പണം നൽകുന്നത്‌ കിഫ്‌ബിയാണ്‌. എറണാകുളം ജില്ലയിൽ അയ്യമ്പുഴയിലെ സ്ഥലം ഏറ്റെടുക്കാൻ 10 ദിവസത്തിനകം കിൻഫ്ര 840 കോടി രൂപ ഭൂമി ഏറ്റെടുക്കൽ ഉദ്യോഗസ്ഥന്‌ കൈമാറും. ഇതിനുശേഷം നാലുമാസത്തിനകം സ്ഥലമേറ്റെടുക്കൽ പൂർത്തിയാക്കാനാണ്‌ കിൻഫ്ര ലക്ഷ്യമിടുന്നത്‌.

ആകെ 2060 ഏക്കർ ഭൂമിയാണ്‌ എറണാകുളം, പാലക്കാട്‌ ജില്ലകളിലായി പദ്ധതിക്ക്‌ ആവശ്യം. സ്ഥലമേറ്റെടുക്കാൻ ഇരുജില്ലയിലും 2450 കോടി രൂപ ചെലവ്‌ പ്രതീക്ഷിക്കുന്നു. 5000 കോടിയാണ്‌ പദ്ധതിയുടെ പ്രതീക്ഷിതചെലവ്‌. അയ്യമ്പുഴയിൽ 358 ഏക്കറാണ്‌ ഏറ്റെടുക്കേണ്ടത്‌. പാലക്കാട്‌ ജില്ലയിലെ സ്ഥലമേറ്റെടുക്കൽ 60 ശതമാനത്തിലധികം പൂർത്തിയായി. 1056 ഏക്കറാണ്‌ ഏറ്റെടുത്തത്‌. 1656 ഏക്കറാണ്‌ ഇവിടെ ആകെ ഏറ്റെടുക്കാനുള്ളത്‌. ഒക്‌ടോബറിൽ കേന്ദ്രാനുമതിക്ക്‌ അപേക്ഷ നൽകും. പാരിസ്ഥിതികാനുമതിക്ക്‌ അപേക്ഷ നൽകിയിട്ടുണ്ട്‌.

കണ്ണമ്പ്ര, പുതുശേരി സെൻട്രൽ, പുതുശേരി വെസ്റ്റ്‌ വില്ലേജുകളിലെ ഭൂമിയാണ്‌ പാലക്കാട്ട്‌ ഏറ്റെടുക്കുന്നത്‌. കണ്ണമ്പ്ര വില്ലേജിൽ 299 ഏക്കർ ഏറ്റെടുത്തു. പുതുശേരി സെൻട്രൽ വില്ലേജിൽ ഒന്നാംഘട്ടത്തിൽ 487 ഏക്കറും രണ്ടാംഘട്ടം 271 ഏക്കറുമാണ്‌ ഏറ്റെടുക്കേണ്ടത്‌. പുതുശേരി വെസ്‌റ്റ്‌ വില്ലേജിൽ ഏകദേശം 300 ഏക്കർ ഏറ്റെടുക്കാനുണ്ട്‌. ഇതിന്റെ അന്തിമ സർവേനടപടി പുരോഗമിക്കുന്നു.

അയ്യമ്പുഴയിൽ ഗ്ലോബൽ ഇൻഡസ്‌ട്രിയൽ ഫിനാൻസ്‌ ആൻഡ്‌ ട്രേഡ്‌ സിറ്റിയാണ്‌ (ഗിഫ്‌റ്റ്‌ സിറ്റി) വരുന്നത്‌. സാമ്പത്തിക–-കച്ചവട കേന്ദ്രമായി കൊച്ചിയെ മാറ്റുന്ന പദ്ധതി, വിവരാധിഷ്ഠിത സ്ഥാപനങ്ങളും വ്യവസായങ്ങളും കൂടുതൽ കടന്നുവരാൻ വഴിയൊരുക്കും. അടിസ്ഥാനസൗകര്യ വികസനത്തിന്‌ പ്രാഥമികഘട്ടത്തിൽ 1600 കോടിയുടെ നിക്ഷേപവും 10 വർഷത്തിനകം പൊതു–-സ്വകാര്യ പങ്കാളിത്തത്തോടെ 18,000 കോടി രൂപയുമാണ്‌ പ്രതീക്ഷിക്കുന്നത്‌. രണ്ടുലക്ഷംപേർക്ക്‌ നേരിട്ടും 3.6 ലക്ഷംപേർക്ക്‌ പരോക്ഷമായും തൊഴിൽ ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top