26 April Friday
വൃക്കമാറ്റ ശസ്‌ത്രക്രിയക്കുശേഷം രോഗി മരിച്ചു

മെഡിക്കൽ കോളേജ്‌ വകുപ്പ്‌ മേധാവിമാർക്ക്‌ സസ്‌പെൻഷൻ; സമഗ്രാന്വേഷണത്തിന്‌ ഉത്തരവിട്ട്‌ മന്ത്രി

സ്വന്തം ലേഖികUpdated: Tuesday Jun 21, 2022

തിരുവനന്തപുരം> തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വൈകിയ സംഭവത്തിലും ശസ്‌ത്രക്രിയക്കുശേഷം രോഗി മരിച്ച സംഭവത്തിലും ആരോഗ്യമന്ത്രി വീണാ ജോർജ് സമഗ്രാന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണം നടത്താന്‍ അഡീഷണല്‍ ഡയറക്ടറെ ചുമതലപ്പെടുത്തി. മെഡിക്കല്‍ കോളേജുകള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് കൃത്യമായ മാര്‍ഗ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഉത്തരവാദിത്തപ്പെട്ടവര്‍ ഉത്തരവാദിത്തം കാണിക്കണം.ഇല്ലെങ്കില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകും. പ്രതിഷേധിക്കും എന്ന് പറയുന്നത് എന്ത് പ്രവണതയാണ് ? ആളുകളുടെ ജീവന് ഒരു വിലയും ഇല്ലാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

സംഭവത്തിൽ നെഫ്രോളജി, യൂറോളജി വകുപ്പ്‌ മേധാവിമാരായ ഡോക്ടർമാരെയാണ്‌ സസ്‌പെൻഡ്‌ ചെയ്തത്‌. അഡീഷണൽ ചീഫ്‌ സെക്രട്ടറിയുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്‌ നടപടി.മരണകാരണം അറിയാൻ പോസ്റ്റ്‌മോർട്ടം നടത്തുമെന്നും ഏകോപനത്തിൽ വീഴ്ചയുണ്ടായോ എന്ന്‌ കണ്ടെത്താൻ സമഗ്രാന്വേഷണം നടത്തുമെന്നും മന്ത്രി മാധ്യമങ്ങളോട്‌ പറഞ്ഞു.

അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന്‌ മന്ത്രി പറഞ്ഞു. സംഭവത്തിൽ തിങ്കളാഴ്ചതന്നെ മന്ത്രി ഉന്നതതലയോഗം വിളിച്ചു. മെഡിക്കൽ കോളേജ്‌ സൂപ്രണ്ട്‌ അടക്കമുള്ളവർ പങ്കെടുത്തിരുന്നു.

എറണാകുളം രാജഗിരി ആശുപത്രിയിൽ വൃക്ക ലഭ്യമാണെന്ന്‌ അറിഞ്ഞയുടൻ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നെഫ്രോളജി, യൂറോളജി വകുപ്പുകളിൽനിന്നുള്ള ഓരോ ഡോക്ടർമാർ പുറപ്പെട്ടു. ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട്‌ യാത്രയ്ക്ക്‌ സൗകര്യം ഒരുക്കണമെന്ന്‌ ആവശ്യപ്പെട്ടിരുന്നതായും മന്ത്രി പറഞ്ഞു. പൊലീസ്‌ ഗ്രീൻചാനൽ ഒരുക്കുകയും പകൽ രണ്ടരയോടെ എറണാകുളത്തുനിന്ന്‌ പുറപ്പെട്ട ആംബുലൻസ്‌ അഞ്ചരയോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ സൂപ്പർ സ്‌പെഷ്യാലിറ്റിയിൽ എത്തുകയും ചെയ്തു. എന്നാൽ, വൃക്കയടങ്ങിയ പെട്ടി ആശുപത്രി ജീവനക്കാരല്ലാത്ത ചിലർ എടുത്ത്‌ അകത്തേക്ക്‌ പോയത്‌ ആശങ്കയുണ്ടാക്കി. ഓപ്പറേഷൻ തിയറ്റർ എവിടെയെന്നറിയാത്ത ഇവർ കാരണം ആശയക്കുഴപ്പം ഉണ്ടായിട്ടുണ്ട്‌. ഇതിൽ ആശുപത്രി പരാതി നൽകിയിട്ടുണ്ടെന്നും അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. പകൽ രണ്ടരയോടെയാണ്‌ കാരക്കോണം സ്വദേശി സുരേഷ്‌ കുമാറിന്‌ യോജിക്കുന്ന വൃക്കയാണെന്ന്‌ അറിഞ്ഞത്‌.

എറണാകുളത്തുനിന്ന്‌ വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തുന്നതിനുമുമ്പുതന്നെ രോഗി വിദഗ്ധരുടെ നിരീക്ഷണത്തിലായിരുന്നു. വൈകിട്ട്‌ നാലോടെ ശസ്‌ത്രക്രിയക്കു മുന്നോടിയായുള്ള ഡയാലിസിസിന്‌ രോഗിയെ പ്രവേശിപ്പിച്ചു. രാത്രി എട്ടോടെ ഇത്‌ പൂർത്തിയാക്കി എട്ടരയോടെ ശസ്‌ത്രക്രിയ തുടങ്ങി. എട്ടുമണിക്കൂർ നീണ്ട ശസ്‌ത്രക്രിയ പുലർച്ചെയാണ്‌ അവസാനിച്ചത്‌.

സ്വകാര്യമേഖലയിൽ ലക്ഷങ്ങൾ മുടക്കി നടത്തുന്ന അവയവമാറ്റ ശസ്‌ത്രക്രിയകളാണ്‌ സർക്കാർതലത്തിൽ സൗജന്യനിരക്കിൽ നടത്തുന്നത്‌. പ്രത്യേകം പരിശീലനം നൽകിയ സംഘമാണ്‌ ഇതിന്‌ നേതൃത്വം നൽകുന്നത്‌. ഇക്കാര്യത്തിൽ സ്വകാര്യമേഖലയിൽനിന്നുള്ള ഇടപെടലും അന്വേഷിക്കും. ഇത്തരം വീഴ്ചകൾ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top