26 April Friday

കുതിക്കുന്ന മണ്ണെണ്ണ വില ; മത്സ്യത്തൊഴിലാളികൾ വറചട്ടിയിൽ

ജി രാജേഷ്‌ കുമാർUpdated: Monday Jul 4, 2022


തിരുവനന്തപുരം
കേന്ദ്ര സർക്കാർ മണ്ണെണ്ണ വില കൂട്ടിയതോടെ ദുരിതത്തിലായത്‌ മത്സ്യത്തൊഴിലാളികൾ. യാനങ്ങൾക്ക്‌ പ്രതിദിനം കുറഞ്ഞത് 35 –- 65 ലിറ്റർ മണ്ണെണ്ണ വേണം. പ്രതിമാസം 600–- 1000 ലിറ്റർ. വിലവർധനയോടെ സിവിൽ സപ്ലൈസ്‌ വഴി നൽകുന്ന മണ്ണെണ്ണ ലിറ്ററിന്‌ 102 രൂപയായി.  മത്സ്യഫെഡ്‌വഴി നൽകുന്നതിന്‌ 142.77 രൂപയും.

സംസ്ഥാനത്ത്‌ പരമ്പരാഗത മേഖലയിൽ രജിസ്റ്റർചെയ്‌ത 1,67,574 മത്സ്യത്തൊഴിലാളികളും 14,481 ‌എൻജിനുമുണ്ട്‌. 73,587 അനുബന്ധത്തൊഴിലാളികളും. ഇവരുടെയെല്ലാം ജീവിതം വഴിമുട്ടിച്ചാണ്‌ മണ്ണെണ്ണ വില കൂട്ടിയത്‌. മണ്ണെണ്ണ വില കൂട്ടുന്നതിനൊപ്പം ക്വോട്ടയും ‌കേന്ദ്രം വൻതോതിൽ വെട്ടിക്കുറയ്‌ക്കുന്നു.  ജനുവരിമുതൽ ഏപ്രിൽവരെ മത്സ്യത്തൊഴിലാളികൾക്ക്‌ മണ്ണെണ്ണ നൽകിയില്ല. ജൂണിലേത്‌ ഇനിയുമായിട്ടില്ല. പെർമിറ്റ്‌ പ്രകാരം മത്സ്യഫെഡുവഴി വിതരണം ചെയ്യുന്ന പ്രതിമാസ മണ്ണെണ്ണ 2196 കിലോലിറ്ററാണ്‌. പൊതുവിതരണ വകുപ്പുവഴി 2160 കിലോലിറ്ററും. ആറുമാസത്തിൽ കേന്ദ്രം ആകെ അനുവദിച്ചതാകട്ടെ 2160 കിലോലിറ്റർമാത്രം.


 

മീൻ കുറഞ്ഞു ചെലവ്‌ കൂടി
ദൈനംദിനം ശോഷിക്കുന്ന കടൽ മത്സ്യസമ്പത്തും‌ കാലാവസ്ഥാ കെടുതികളും ഉയർന്ന മീൻപിടിത്തച്ചെലവും കാരണം മത്സ്യത്തൊഴിലാളികളുടെ വരുമാനം കുത്തനെ ഇടിയുന്നു. പ്രതിശീർഷ വരുമാനം വർഷാവർഷം കുറയുന്നതായാണ്‌ ഫിഷറീസ്‌ വകുപ്പിന്റെ കണക്ക്‌. 2018–-19ൽ മത്സ്യത്തൊഴിലാളിയുടെ പ്രതിശീർഷ വരുമാനം 1,23,133 രൂപയായിരുന്നു. 2020–-21ൽ ഇത്‌ 1,12,957 രൂപയായി. സംസ്ഥാനത്തിന്റെ പൊതുപ്രതിശീർഷ വരുമാനം 2,16,749 രൂപയായിരിക്കെയാണ്‌ ഈ ഇടിവ്‌.

മത്സ്യസമ്പത്തിൽ വലിയ ചോർച്ച ഉണ്ടാകുന്നതായാണ്‌ വിലയിരുത്തൽ. 1995–-96ൽ രാജ്യത്ത്‌ സമാഹരിച്ച മത്സ്യസമ്പത്തിന്റെ 26.63 ശതമാനം കേരളത്തിൽ നിന്നായിരുന്നു. 2020–-21ൽ 12.50 ശതമാനത്തിലേക്ക്‌ ഇടിഞ്ഞു.  അശാസ്‌ത്രീയ മത്സ്യബന്ധനം, ജലമലിനീകരണം, കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം, കണ്ടൽക്കാട്‌ നാശം തുടങ്ങിയവയാണ്‌ മത്സ്യസമ്പത്തിന്റെ ശോഷണത്തിനു കാരണം. ട്രോളിങ്‌ അനുമതി ഉദാരമാക്കിയ കേന്ദ്ര നയവും ഇതിന്‌‌ വലിയ സംഭാവന നൽകുന്നു.

ഇതിനിടെയാണ്‌ കേന്ദ്ര സർക്കാർ അടിക്കടി മണ്ണെണ്ണ വില കൂട്ടുന്നത്‌. വൻവിലയ്‌ക്ക്‌ മണ്ണെണ്ണ വാങ്ങി‌ കടലിൽ പോകാൻ തൊഴിലാളികൾ മടിക്കുന്നു. എണ്ണ വില കഴിഞ്ഞാൽ ഒന്നുംമിച്ചമില്ലാത്തതാണ്‌ കാരണം.  വില കുത്തനെ കൂട്ടുന്നതിലൂടെ മണ്ണെണ്ണ ഉപയോഗം കുറയ്‌ക്കുകയാണത്രെ എണ്ണ കമ്പനികളുടെ ലക്ഷ്യം. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ 80 ശതമാനം എൻജിനും മണ്ണെണ്ണയിലാണ് പ്രവർത്തിക്കുന്നത്.

കേന്ദ്രമന്ത്രിയെ കാണും: മന്ത്രി
മണ്ണെണ്ണ വിലവർധനയും ക്വോട്ട വെട്ടിച്ചുരുക്കലും ഉൾപ്പെടെയുള്ള വിഷയങ്ങൾ കേന്ദ്രമന്ത്രിയുമായി സംസാരിക്കുമെന്ന്‌ മന്ത്രി ജി ആർ അനിൽ പറഞ്ഞു. ചൊവ്വാഴ്‌ച ഡൽഹിയിൽ സംസ്ഥാന ഭക്ഷ്യമന്ത്രിമാരുടെ യോഗം കേന്ദ്രസർക്കാർ വിളിച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top