26 April Friday

പാഠ്യപദ്ധതി തൊഴില്‍ അധിഷ്ഠിതമായി പരിഷ്‌കരിക്കും; കരിക്കുലം കമ്മിറ്റി ഉടന്‍: വിദ്യാഭ്യാസമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Sep 24, 2021

ആലപ്പുഴ > സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിനായുള്ള വിദഗ്ദരടങ്ങിയ കരിക്കുലം കമ്മിറ്റി ഉടന്‍ രൂപീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2013ലാണ് ഇതിനു മുമ്പ് പാഠ്യപദ്ധതി പരിഷ്‌കരിച്ചത്. രണ്ടു വര്‍ഷത്തിനുള്ളില്‍ പുതിയ സിലബസ് നടപ്പാക്കാനാകും എന്നാണ് പ്രതീക്ഷ. ആധുനിക കാലത്തിന്റെ വെല്ലുവിളികള്‍ നേരിടാന്‍ വിദ്യാര്‍ഥികളെ സജജമാക്കുന്നതിന് തൊഴില്‍ അധിഷ്ഠിത പാഠ്യപദ്ധതിയാണ് തയ്യാറാക്കുകയെന്ന് മന്ത്രി പറഞ്ഞു.  

ജീവിക്കുന്ന സമൂഹത്തിന്റെ ചരിത്രവും, സാഹചര്യങ്ങളും വിദ്യാര്‍ഥികള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്ന പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തും. നമ്മുടെ ഭരണഘടന, മതേതരത്വം, സ്ത്രീ സമത്വം, സ്ത്രീധനം,  പ്രകൃതി, ശുചിത്വം തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തും. സ്‌പോര്‍ട്‌സിന് പ്രത്യേക പരിഗണന നല്‍കും.

സ്‌കൂള്‍ തുറന്നാലും ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും. ഉച്ച വരെ നേരിട്ടുള്ള ക്ലാസ്, അതുകഴിഞ്ഞ് പഠനം ഓണ്‍ലൈനില്‍. ഇത് കൂട്ടികള്‍ക്ക് ഇത് ഏറെ ഗുണം ചെയ്യും. സമ്പൂര്‍ണ ഡിജിറ്റല്‍ വിദ്യാഭ്യാസം നടപ്പാക്കിയ ഏക സംസ്ഥാനം കേരളമാണ്. കോവിഡ് പ്രതിസന്ധിക്കിടയിലും ബോര്‍ഡ് പരീക്ഷകളും സുഗമമായി നടത്തി ഫലം പ്രസിദ്ധീകരിച്ചു. എന്നാല്‍ പരീക്ഷകള്‍ക്കെതിരെ  സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ നടത്തുന്ന പ്രചാരണം വിദ്യാര്‍ഥികള്‍ക്ക് ഏറെ ദോഷം ചെയ്യും. പരീക്ഷ നടത്തുന്നവര്‍ കുഴപ്പക്കാര്‍ എന്ന മട്ടിലാണ് പ്രചാരണം. കുട്ടികളോട് അല്‍പ്പമെങ്കിലും സ്‌നേഹമുണ്ടെങ്കില്‍ ഈ അപവാദ പ്രചാരണത്തില്‍ നിന്ന്  പിന്മാറണമെന്നും മന്ത്രി പറഞ്ഞു.


ഉച്ചഭക്ഷണം: അലവൻസ്‌ പരിഗണനയിൽ
സ്‌കൂൾ തുറക്കുമ്പോൾ  ഉച്ചഭക്ഷണം ഒഴിവാക്കി അലവൻസ്‌ നൽകുന്നത്‌ പരിഗണനയിലാണെന്ന്‌ മന്ത്രി പറഞ്ഞു. ബേക്കറിയിലും മറ്റും  കുട്ടികൾ പോകുന്നത്‌ നിയന്ത്രിക്കും.  സ്‌കൂൾ കവാടത്തിലും ക്ലാസിനു‌ മുന്നിലും സോപ്പും വെള്ളവും വയ്‌ക്കും.  താപനില പരിശോധിക്കും.

കുട്ടികളെ കൂട്ടംകൂടാൻ അനുവദിക്കില്ല. ഒരു ബെഞ്ചിൽ രണ്ടു കുട്ടികളെ ഇരുത്തും. കൂടുതൽ കുട്ടികളുള്ള ക്ലാസുകൾ ബാച്ചാക്കും. സ്‌കൂളുമായി ബന്ധപ്പെടുന്ന എല്ലാവർക്കും വാക്‌സിൻ നൽകും. രക്ഷിതാക്കളുടെ അനുമതിയോടെ മാത്രമേ വിദ്യാർഥികളെ സ്‌കൂളിൽ പ്രവേശിപ്പിക്കൂ. രോഗലക്ഷണമുള്ളവരെ സ്‌കൂളിലേക്ക്‌ വിടരുത്‌. ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക്‌ രണ്ടാംഘട്ടത്തിൽ പ്രവേശനം നൽകും.

സ്‌കൂൾ ബസുകളുടെ ഫിറ്റ്‌നസിന്‌ ഉടൻ നടപടിയെടുക്കും. കൂടുതൽ കുട്ടികളുള്ള സ്‌കൂളുകളിലേക്ക്‌ സർവീസ്‌ നടത്തുന്ന കാര്യം കെഎസ്‌ആർടിസിയുമായി ആലോചിക്കും. ഓട്ടോറിക്ഷയിൽ രണ്ടു കുട്ടികളെ കൊണ്ടുവരാൻ മാത്രമേ അനുവദിക്കൂവെന്നും മന്ത്രി പറഞ്ഞു.

സ്‌കൂൾ തുറക്കൽ: അന്തിമ മാർഗരേഖ 5 ദിവസത്തിനകം
സ്‌കൂൾ തുറക്കാനുള്ള അന്തി മ മാർഗരേഖ അഞ്ചുദിവസത്തിനുള്ളിൽ പുറത്തിറക്കുമെന്ന്‌ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ  പറഞ്ഞു. കരടുരേഖ സർക്കാരിന്‌ ലഭിച്ചു. ആരോഗ്യ, തദ്ദേശ വകുപ്പുകൾ, കെഎസ്‌ആർടിസി എന്നിവരുമായി ചർച്ചചെയ്‌ത്‌ നിർദേശങ്ങൾ തയ്യാറാക്കും. രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും അഭിപ്രായം അറിയിക്കാം. കലക്‌ടർമാരുടെ നേതൃത്വത്തിൽ ജില്ലകളിൽ യോഗംചേരും. എംഎൽഎമാർ, മറ്റ്‌ ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.


പൊലീസ്‌ മാർഗനിർദേശം: സ്കൂളിൽ സേഫ്‌റ്റി ഓഫീസർ വേണം
സ്‌കൂളിൽ ഒരു അധ്യാപകനെ സേഫ്റ്റി ഓഫീസറായി നിയോഗിക്കണമെന്ന്‌ സംസ്ഥാന പൊലീസ്‌ മേധാവി അനിൽകാന്തിന്റെ നിർദേശം.

സ്‌കൂൾ വാഹനങ്ങളുടെ സുരക്ഷ സ്‌റ്റേഷൻ ഹൗസ്‌ ഓഫീസർമാർ (എസ്‌എച്ച്‌ഒ) വിലയിരുത്തണം. എസ്‌എച്ച്‌ഒമാർ സ്ഥിരമായി സ്കൂൾ സന്ദർശിച്ച് നിർദേശം പാലിക്കുന്നെന്ന്‌ ഉറപ്പാക്കണം. പ്രഥമാധ്യാപകരുടെ യോഗം വിളിച്ച്‌ കുട്ടികളുടെ സുരക്ഷാ, ആരോഗ്യ പ്രശ്നങ്ങളും ചർച്ച ചെയ്യണം. സ്കൂൾ ബസിന്റെ അറ്റകുറ്റപ്പണി ഒക്ടോബർ 20നു മുമ്പ് പൂർത്തിയാക്കണം. 10 വർഷത്തിലധികം പ്രവർത്തന പരിചയമുള്ളവരെയേ സ്കൂൾ വാഹനം ഓടിക്കാൻ നിയോഗിക്കാവൂ. സ്പീഡ് ഗവേണർ സ്ഥാപിക്കണം. ജില്ലാ പൊലീസ് മേധാവിമാർ എല്ലാ ദിവസവും നടപടികൾ വിലയിരുത്തണമെന്നും നിർദേശത്തിൽ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top