27 April Saturday
പ്രത്യേക സാമ്പത്തിക പാക്കേജ് വേണം

തിയറ്റർ തൽക്കാലം തുറക്കില്ലെന്ന്‌ സിനിമാ സംഘടനകൾ; 13ന്‌ തുറക്കുമെന്ന്‌ തിയറ്റർ ഉടമകൾ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 6, 2021


കൊച്ചി
സാമ്പത്തിക പാക്കേജ്‌ പ്രഖ്യാപിക്കാതെ സംസ്ഥാനത്തെ സിനിമാ തിയറ്ററുകൾ തുറക്കേണ്ടതില്ലെന്ന്‌ കൊച്ചിയിൽ ചേർന്ന സിനിമാ സംഘടനകളുടെ സംയുക്ത യോഗം തീരുമാനിച്ചു. പത്തുമാസമായി അടഞ്ഞുകിടക്കുന്ന തിയറ്ററുകൾ നിയന്ത്രണങ്ങളോടെ തുറക്കാൻ സർക്കാർ അനുമതി നൽകിയ സാഹചര്യത്തിലാണ്‌ സിനിമാ സംഘടനകൾ യോഗം ചേർന്നത്‌. കേരള ഫിലിം ചേംബറാണ്‌ യോഗം വിളിച്ചത്‌.

കോവിഡ്‌ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ തിയറ്റർ തുറന്നാലും പ്രേക്ഷകർ എത്തില്ലെന്ന്‌ യോഗം വിലയിരുത്തി. ഒരുവർഷംകൂടി ഈ നില തുടർന്നേക്കും.  പകുതിയാളെ പ്രവേശിപ്പിച്ച്‌ രണ്ടു പ്രദർശനങ്ങൾ മാത്രം നടത്താനാണ്‌ അനുമതി. സർക്കാരിന്റെ പ്രത്യേക സാമ്പത്തിക പാക്കേജ്‌ ലഭിക്കാതെ അത്തരത്തിൽ പ്രവർത്തിക്കാനാകില്ല. വിനോദ നികുതിയെങ്കിലും ഒഴിവാക്കണം. കെട്ടിട നികുതിയിളവ്‌, വൈദ്യുതി ഫിക്‌സഡ്‌ ചാർജ്‌ ഒഴിവാക്കൽ തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്‌. സർക്കാർ ഇക്കാര്യങ്ങൾ പരിഗണിക്കാമെന്ന്‌ ഉറപ്പും നൽകിയിട്ടുണ്ട്‌. അത്‌ കിട്ടുന്നമുറയ്‌ക്ക്‌ തിയറ്ററുകൾ തുറക്കുന്ന കാര്യം ആലോചിക്കും. ആരെങ്കിലും തുറന്നാൽ അവർക്ക്‌ മലയാളം സിനിമകൾ നൽകില്ലെന്നും നിർമാതാക്കളുടെ സംഘടനയുടെ പ്രസിഡന്റ്‌ എം രഞ്ജിത്‌ പറഞ്ഞു.

13ന്‌ തുറക്കുമെന്ന്‌ തിയറ്റർ ഉടമകൾ
സിനിമാ പ്രദർശനം 13ന്‌ പുനരാരംഭിക്കാൻ കഴിഞ്ഞദിവസം കൊച്ചിയിൽ തിയറ്റർ ഉടമകളുടെ യോഗം തീരുമാനിച്ചിരുന്നു. മലയാള സിനിമ ലഭിച്ചില്ലെങ്കിൽ വിജയ്‌യുടെ തമിഴ്‌ ചിത്രമായ മാസ്‌റ്റർ പ്രദർശിപ്പിക്കാനാണ്‌ നീക്കം. അനിശ്‌ചിതമായി തിയറ്ററുകൾ അടച്ചിടാനാകാത്തതിനാലാണ്‌ 13ന്‌ പ്രദർശനമാരംഭിക്കാൻ ഉടമകൾ തീരുമാനിച്ചതെന്നും എക്‌സിബിറ്റേഴ്‌സ്‌ ഫെഡറേഷൻ പ്രസിഡന്റ്‌ ലിബർട്ടി ബഷീർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top