27 April Saturday

VIDEO - 'നിങ്ങള്‍ക്ക് വല്യ വിഷമമുണ്ടെന്ന് അറിയാം, തല്‍കാലം സഹിക്കുക'; യുഡിഎഫിനെ കാത്തിരിക്കുന്നത് വലിയ തകര്‍ച്ച: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Oct 15, 2020

തിരുവനന്തപുരം > കേരളാ കോണ്‍ഗ്ര് (എം) എല്‍ഡിഎഫിനൊപ്പം സഹകരിക്കാന്‍ തീരുമാനിച്ചതോടെ യുഡിഎഫിന്റെ ജീവനാഡിയാണ് അറ്റുപോയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് യുഡിഎഫിന് ഏല്‍പ്പിക്കാന്‍ പോകുന്ന ക്ഷതം ചെറുതല്ല. ഇപ്പോള്‍ തല്‍കാലം അവര്‍ മറച്ചുവെക്കുന്നുവെന്നേയുള്ളൂ. വലിയ തകര്‍ച്ച യുഡിഎഫിനെ കാത്തിരിക്കുകയാണന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇടതുപക്ഷ മുന്നണിയെ തകര്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഇത്തരം കാര്യങ്ങളില്‍ കുറച്ച് വിഷമമുണ്ടാകും. അത് സ്വാഭാവികമാണ്. എന്ത് ചെയ്യാനാണ്. ആ വിഷമവും കൊണ്ടിരിക്കലല്ലാതെ വേറെ മാര്‍ഗമില്ല- മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

ശരിയായ നിലപാട് ശരിയാ സമയത്ത് കേരളാ കോണ്‍ഗ്രസ് എടുത്തുവെന്നതാണ് കാണേണ്ടത്. കേരളാ കോണ്‍ഗ്രസ് പാര്‍ടി എല്‍ഡിഎഫുമായി സഹകരിക്കുന്നതിന് എന്തെങ്കിലും നയപരമായി തടസമുള്ള പാര്‍ടിയല്ല. കേരളാ കോണ്‍ഗ്രസിന്റെ പല വിഭാഗങ്ങള്‍ എല്‍ഡിഎഫിനൊപ്പം ഇപ്പോള്‍ ഉണ്ട്. ഇപ്പോള്‍ സഹകരിക്കാന്‍ തീരുമാനിച്ച വിഭാഗവും നേരത്തേ ഒപ്പമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവരെ സഹകരിപ്പിക്കുന്നതില്‍ ഒരുതരത്തിലുള്ള അസാംഗത്യവുമില്ല.

വളരെ ആരോഗ്യകരമായ നിലപാടാണ് ജോസ് കെ മാണി പ്രഖ്യാപിച്ചത്. യുഡിഎഫില്‍ നിന്നും പുറത്താക്കിയ ശേഷവും അവര്‍  വളരെ മാന്യമായി കാര്യങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇപ്പോള്‍ വ്യക്തമായ രാഷ്ട്രീയ നിലപാട് അവര്‍ എടുത്തു. മതനിരപേക്ഷത പൂര്‍ണമായും സംരക്ഷിക്കുന്ന എല്‍ഡിഎഫിനൊപ്പം സഹകരിക്കാനാണ് കേരളാ കോണ്‍ഗ്രസ് തയ്യാറായിരിക്കുന്നത്. കാര്‍ഷിക മേഖലയെ ഏറ്റവും പ്രധാനമായി കാണുന്ന പാര്‍ടി എന്ന നിലയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടിക്കും ഒപ്പമാണ് കേരളാ കോണ്‍ഗ്രസ്. അങ്ങനെ എല്ലാ തലത്തിലും ഉപാധികളില്ലാതെ എല്‍ഡിഎഫുമായി സഹകരിക്കാമെന്നാണ് അവര്‍ അറിയിച്ചത്. എല്‍ഡിഎഫ് കരുത്തു പകരുന്ന നിലപാട് തന്നെയാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top