05 May Sunday

ബിജെപി സ്ഥാനാർഥി ലിസ‌്റ്റ‌് ആർഎസ‌്എസ‌് കൈയടക്കി; അഞ്ചിലേറെ മണ്ഡലത്തിൽ തീർത്തും ദുർബലർ

ഇ എസ‌് സുഭാഷ‌്Updated: Thursday Mar 21, 2019

കൊല്ലം> ഏറെ വൈകി പുറത്തിറക്കിയ ബിജെപി സ്ഥാനാർഥി ലിസ‌്റ്റിൽ അഞ്ചിലേറെ മണ്ഡലത്തിൽ ആർഎസ‌്എസ‌് നിയോഗിച്ചത‌് തീർത്തും ദുർബലരെ. ആർക്കും കാര്യമായി പരിചയമില്ലാത്ത ഈ സ്ഥാനാർഥികൾ പാർടിക്കുള്ളിലും സ്വാധീനമില്ലാത്തവരാണ‌്. യുഡിഎഫുമായി ധാരണയുണ്ടെന്ന പ്രചാരണം ശരിവയ‌്ക്കുന്നതാണ‌് ലിസ‌്റ്റിലെ പേരുകൾ. ആർഎസ്എസിന്റെ സമ്പൂർണ ആധിപത്യമുള്ള ലിസ‌്റ്റിൽ, ബിജെപി സംസ്ഥാന ഘടകത്തിൽ സ്വാധീനമുള്ള കൃഷ്ണദാസ് പക്ഷത്തിന് വലിയ തിരിച്ചടിയാണ് ഉണ്ടായത്.

മുരളീധരപക്ഷത്തിന്  പാലക്കാട് മാത്രമാണ് ഉള്ളത്. തർക്കം മൂലം മാറ്റിവച്ച പത്തനംതിട്ടയിൽ കെ സുരേന്ദ്രന് സീറ്റ് ലഭിക്കുമോ എന്ന കാര്യവും ഉറപ്പില്ല. സംസ്ഥാന പ്രസിഡന്റ‌് പി എസ് ശ്രീധരൻപിള്ളയും പത്തനംതിട്ടയ‌്ക്കായി സജീവമായി രംഗത്തുണ്ടായിരുന്നു. ഒടുവിൽ കേന്ദ്രം ഒഴിവാക്കിയെന്ന് പ്രചാരണമുണ്ടായി. എന്നാൽ, പത്തനംതിട്ട പ്രഖ്യാപിക്കാത്തത് പിള്ളയുടെ കാര്യം വീണ്ടും പരിഗണിക്കുന്നുണ്ടോ എന്ന സംശയമുണ്ടാക്കിയിട്ടുണ്ട്. സുരേന്ദ്രനെ ഒതുക്കാൻ കൃഷ്ണദാസ് പക്ഷവും ചരടുവലിക്കുന്നുണ്ട്.

പട്ടികജാതി പട്ടികവർഗക്കാരെ പൂർണമായും അവഗണിച്ചാണ് സ്ഥാനാർഥികളെ തീരുമാനിച്ചിരിക്കുന്നത്. പി കെ കൃഷ്ണദാസ്, എം ടി രമേശ്, പി എം വേലായുധൻ, കെ പി ശ്രീശൻ, ബി ഗോപാലകൃഷ്ണൻ തുടങ്ങിയ സ്ഥിരം മത്സരാർഥികളെല്ലാം ഇത്തവണ ലിസ്റ്റിൽനിന്നു പുറത്തായി.  അതേസമയം കുമ്മനം രാജശേഖരൻ, രവീശ തന്ത്രി, പ്രകാശ്ബാബു, വി ടി രമ, വി ഉണ്ണിക്കൃഷ്ണൻ, വി കെ സജീവൻ തുടങ്ങിയവരെല്ലാം തന്നെ ആർഎസ്എസ് നോമിനികളായി കയറിക്കൂടി. പത്തനംതിട്ടയിൽ നോട്ടമിട്ടിരുന്ന എം ടി രമേശ് സീറ്റ് ലഭിക്കാത്തതിൽ നിരാശനാണ്. കോഴിക്കോട് വേണമെന്ന ആവശ്യവും പരിഗണിച്ചില്ല.

ആറ്റിങ്ങലായിരുന്നു കൃഷ്ണദാസിന് നോട്ടം. പഴയ പി പി മുകുന്ദൻ പക്ഷക്കാരായ ഈ വിഭാഗത്തോട് ആർഎസ്എസിന് താൽപ്പര്യമില്ലാത്തതാണ് തഴയാൻ കാരണം. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽനിന്ന് കൃഷ്ണദാസ‌് പക്ഷം മാറിനിൽക്കുമെന്ന പ്രചാരണവും സജീവമാണ്.  വിവിധ ഗ്രൂപ്പുകൾ അസംതൃപ്തരായതോടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ അവതാളത്തിലാകുമെന്ന ആശങ്കയിലാണ് കുമ്മനം രാജശേഖരൻ അടക്കമുള്ള നേതാക്കൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top