27 April Saturday

തോമസിന്‌ റാങ്കുകളുടെ "ഹാട്രിക്‌' ; കീം, ജെഇഇ മെയിൻ പരീക്ഷകൾക്കുപിന്നാലെ 
ജെഇഇ അഡ്‌വാൻസ്‌ഡിലും റാങ്ക്‌

സ്വന്തം ലേഖികUpdated: Sunday Sep 11, 2022

 തിരുവനന്തപുരം> കേരള എൻജിനിയറിങ്‌ ആർക്കിടെക്‌ചർ മെഡിക്കൽ എൻട്രൻസ്‌ പരീക്ഷയിൽ രണ്ടാം റാങ്കും ജെഇഇ മെയിൻ പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ 17–-ാം റാങ്കും 100 പെർസെന്റൈൽ മാർക്കും. ഞായറാഴ്ച ജെഇഇ അഡ്‌വാൻസ്‌ഡ്‌ പരീക്ഷാഫലം പുറത്തുവന്നപ്പോൾ അഖിലേന്ത്യാ തലത്തിൽ മൂന്നാംറാങ്ക്‌. അങ്ങനെ തോമസ്‌ ബിജു ചീരംവേലിലിന്‌ 2022  നേട്ടങ്ങളുടെ വർഷമായി.

കഴിഞ്ഞ മൂന്നുമാസത്തിലാണ്‌  വിജയങ്ങൾ തോമസിനെ തേടിയെത്തിയത്‌. മുംബൈ ഐഐടിയിൽ കമ്പ്യൂട്ടർ സയൻസ്‌ എൻജിനിയറിങ്‌ എന്ന സ്വപ്നമാണ്‌ തോമസിന്റെ പ്രചോദനം. ദിവസവും 12 മണിക്കൂറിലധികം  പഠനത്തിനായി   മാറ്റിവച്ചു. മൊബൈൽ ഫോൺ ഉപയോഗം പൂർണമായും ഒഴിവാക്കി, പഠനാവശ്യങ്ങൾക്ക്‌ മാത്രം ഇന്റർനെറ്റ് ഉപയോഗിച്ചു. സംശയങ്ങൾ അപ്പപ്പോൾ  അധ്യാപകരുടെ സഹായത്തോടെ പരിഹരിച്ചു–- തോമസ് ബിജു ചീരംവേലിന്റെ വിജയരഹസ്യം ഇതൊക്കെയാണ്‌.

പത്താംതരംവരെ മുക്കോലയ്‌ക്കൽ സെന്റ്‌ തോമസ്‌ സ്‌കൂളിലും 12–-ാംതരം തിരുമല വിശ്വപ്രകാശ്‌ സെൻട്രൽ സ്‌കൂളിലുമായിരുന്നു. സിബിഎസ്‌ഇ പത്താംക്ലാസ്‌ പരീക്ഷയിൽ 98.2ഉം പ്ലസ്‌ടു പരീക്ഷയിൽ 99.4ഉം ശതമാനം മാർക്കുംനേടി. വായനയും ചെസ്‌കളിയും പിയാനോ വായനയും ഒക്കെയാണ്‌ മറ്റ്‌ വിനോദങ്ങൾ.

കേശവദാസപുരം കാക്കനാട് ലെയ്‌ൻ ‘കാവ്യാഞ്ജലി’യിലാണ് താമസം. ഐഎസ്‌ആർഒയിൽ എൻജിനിയറായ ആലപ്പുഴ മുട്ടാർ ചീരംവേലിൽ വേലിപ്പറമ്പിൽ ബിജു സി തോമസിന്റെയും തിരുവനന്തപുരം ഗവ. വിമെൻസ്‌ കോളേജിൽ അസി. പ്രൊഫസറായ പത്തനംതിട്ട മല്ലശേരിമുക്ക്‌ റാവുർവീട്ടിൽ റീനി രാജന്റെയും മകനാണ്‌. സഹോദരൻ: പോൾ ബിജു പ്ലസ്‌വൺ വിദ്യാർഥിയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top