26 April Friday
എയർട്രാഫിക്‌ കൺട്രോൾ ടവറിൽ കാലാവസ്ഥാ 
നിരീക്ഷണ ചുമതലയുള്ള ഉദ്യോഗസ്ഥൻ ഉണ്ടായിരുന്നില്ല

കരിപ്പൂർ വിമാന ദുരന്തം : എയർഇന്ത്യ എക്‌സ്‌പ്രസിനും എയർപോർട്ട്‌ അതോറിറ്റിക്കും വീഴ്‌ച

സ്വന്തം ലേഖകൻUpdated: Sunday Sep 12, 2021


ന്യൂഡൽഹി
കരിപ്പൂരിൽ കഴിഞ്ഞവർഷം ആഗസ്‌ത്‌ ഏഴിനുണ്ടായ വിമാന അപകടത്തിന്‌ എയർഇന്ത്യ എക്‌സ്‌പ്രസ്‌ ലിമിറ്റഡ്, എയർപോർട്ട്‌ അതോറിറ്റി ഓഫ്‌ ഇന്ത്യ എന്നിവയുടെ വീഴ്‌ചകളും കാരണമായി. കോഴിക്കോട്‌ വിമാനത്താവളത്തിൽ ആവശ്യമായ മുഖ്യപൈലറ്റുമാരെ ലഭ്യമാക്കാൻ എയർഇന്ത്യ എക്‌സ്‌പ്രസിനു കഴിഞ്ഞില്ല. ഇവിടെ 26 ഫസ്‌റ്റ്‌ ഓഫീസർമാർ(സഹപൈലറ്റ്‌)ക്കൊപ്പം ക്യാപ്‌റ്റൻ(മുഖ്യപൈലറ്റ്‌) തസ്‌തികയിൽ ഒരാൾ മാത്രമാണ്‌ ഉണ്ടായിരുന്നത്‌.

വിമാനത്തിലെ മുഖ്യപൈലറ്റിനുമേൽ ജോലിഭാരം വർധിച്ചത്‌ ഈ സാഹചര്യത്തിലാണെന്നും അന്വേഷണ റിപ്പോർട്ട്‌. പൈലറ്റുമാർക്ക്‌  പരിശീലനം നൽകാത്തതിനാൽ, വിമാനഗതി നിയന്ത്രിക്കുന്നതിൽ മുഖ്യപൈലറ്റ്‌ പരാജയപ്പെട്ടപ്പോൾ കൃത്യമായി ഇടപെടാൻ സഹപൈലറ്റിനും സാധിച്ചില്ല. സർവീസ്‌ നടത്തിപ്പ്‌, പരിശീലനം, സുരക്ഷാ സംവിധാനങ്ങൾ എന്നിവയിൽ മതിയായ മേൽനോട്ടം എയർഇന്ത്യ എക്‌സ്‌പ്രസ്‌ മാനേജ്‌മെന്റിൽനിന്ന്‌ ഉണ്ടാകുന്നില്ല. വിമാനങ്ങളുടെ സാങ്കേതികതകരാർ, അറ്റകുറ്റപ്പണി എന്നിവയുടെ വിവരങ്ങൾ രേഖാമൂലം സൂക്ഷിക്കുന്നില്ല. വിമാനത്തിന്റെ വിൻഡ്‌ഷീൽഡ്‌ വൈപ്പറിനു തകരാർ സംഭവിച്ചിരുന്നതായി ടെക്‌നിക്കൽ ലോഗ്‌ ബുക്കിൽ രേഖപ്പെടുത്തിയിട്ടില്ല. ഇത്‌ അംഗീകരിക്കാനാവില്ല. എയർപോർട്ട്‌ അതോറിറ്റിയുടെ സുരക്ഷാ ജീവനക്കാർക്ക്‌ രക്ഷാപ്രവർത്തനങ്ങളിൽ മതിയായ പരിശീലനം ലഭിച്ചിരുന്നില്ല. രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനവും പൈലറ്റുമാരെ പുറത്തെടുക്കുന്നതും വൈകി.

അപകടസമയത്ത്‌ എയർട്രാഫിക്‌ കൺട്രോൾ ടവറിൽ കാലാവസ്ഥ നിരീക്ഷണ ചുമതലയുള്ള ഉദ്യോഗസ്ഥൻ  ഉണ്ടായിരുന്നില്ല.  വിമാനത്താവളത്തിലെ ഡ്യൂട്ടി ഡോക്ടർക്ക്‌ വേണ്ടത്ര ധാരണ ഉണ്ടായില്ല. റൺവെയിൽ  സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയതിന്റെ സർട്ടിഫിക്കറ്റ്‌ കരിപ്പൂർ നേടിയിട്ടുണ്ട്‌.  രാജ്യത്തെ ഏറ്റവും തിരക്കേറിയ 10 വിമാനത്താവളത്തിലൊന്നായ കരിപ്പൂരിൽ അപ്രോച്ച്‌ റഡാർ സ്ഥാപിക്കണം.

2010ലെ മംഗളൂരു വിമാനത്താവള അപകടത്തെക്കുറിച്ച്‌ അന്വേഷിച്ച സമിതിയുടെ നിർദേശങ്ങൾ എയർപോർട്ട്‌ അതോറിറ്റി പൂർണമായും നടപ്പാക്കിയിട്ടില്ലെന്നും റിപ്പോർട്ട്‌ വ്യക്തമാക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top