26 April Friday

സുരേന്ദ്രൻ പരാജയം; 
മാറ്റാനൊരുങ്ങി നേതൃത്വം ; പകരം കേൾക്കുന്നത് പി കെ കൃഷ്‌ണദാസ്‌, 
സുരേഷ്‌ ഗോപി എന്നിവരുടെ പേരുകൾ

വെബ് ഡെസ്‌ക്‌Updated: Sunday Nov 13, 2022


തിരുവനന്തപുരം
ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് വൻ പരാജയമായ കെ സുരേന്ദ്രനെ കാലാവധി അവസാനിക്കും മുമ്പേ മാറ്റാനൊരുങ്ങി കേന്ദ്രനേതൃത്വം. ഗുജറാത്ത്‌, ഹിമാചൽപ്രദേശ്‌ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷമാകും അഴിച്ചുപണി. പി കെ കൃഷ്‌ണദാസ്‌, സുരേഷ്‌ ഗോപി എന്നിവരുടെ പേരാണ്‌ പകരംകേൾക്കുന്നത്‌. സുരേന്ദ്രൻ അധികാരമേറ്റശേഷം ആകെയുണ്ടായിരുന്ന നിയമസഭാ സീറ്റ്‌കൂടി നഷ്ടമായി. അധ്യക്ഷൻതന്നെ രണ്ട്‌ മണ്ഡലത്തിൽ മത്സരിച്ചത്‌ അവമതിപ്പായെന്നും കേന്ദ്രം വിലയിരുത്തിയിരുന്നു.

ഘടകകക്ഷികളോടുള്ള സമീപനം ചൂണ്ടിക്കാട്ടി ബിഡിജെഎസും നേതൃമാറ്റം ആവശ്യപ്പെട്ടു. കേരളത്തിലെത്തിയ ആഭ്യന്തരമന്ത്രി അമിത്‌ ഷാ, ബിജെപി പ്രസിഡന്റ്‌ ജെ പി നദ്ദയുമെല്ലാം തികഞ്ഞ അസംതൃപ്‌തി രേഖപ്പെടുത്തിയാണ്‌ മടങ്ങിയത്‌. ജനങ്ങളിലേക്കിറങ്ങിച്ചെല്ലാതെ വളരാനാകില്ലെന്ന്‌ നദ്ദ  പ്രവർത്തകയോഗത്തിൽ തുറന്നടിച്ചു. സുരേന്ദ്രനെയും കേന്ദ്രമന്ത്രി വി മുരളീധരനെയും വേദിയിലിരുത്തിയായിരുന്നു വിമർശം. പ്രകാശ്‌ ജാവ്‌ദേക്കർ പ്രഭാരിയായശേഷം പരിപാടികളിലെ സുരേന്ദ്രന്റെ അസാന്നിധ്യവും ചർച്ചയാണ്. കഴിഞ്ഞ ദിവസം ജാവ്‌ദേക്കർ തലസ്ഥാനത്തെത്തിയപ്പോൾ സുരേന്ദ്രൻ തൃശൂരിലേക്ക്‌ വണ്ടികയറി.

ദേശീയ നേതൃത്വം പരിഗണിക്കുന്നില്ലെന്ന പരാതി സുരേന്ദ്രനുമുണ്ട്‌. ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ നടത്തുന്ന ഒരു നീക്കവും അറിയുന്നില്ലെന്ന പരാതി നേരത്തേ ഉന്നയിച്ചിരുന്നു. അടുത്ത ദിവസം ജില്ലാ കേന്ദ്രങ്ങളിൽ നടക്കുന്ന സമരപ്രഖ്യാപനം പി കെ കൃഷ്‌ണദാസിനെ ഏൽപ്പിച്ചത്‌ മാറ്റത്തിന്റെ സൂചന നൽകാനാണെന്നാണ്‌ വിലയിരുത്തൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top