26 April Friday

കാസർകോട്‌ 212 കോടിയുടെ സ്‌റ്റേഷൻ; 200 കോടിയുടെ ഡിപ്പോ

വെബ് ഡെസ്‌ക്‌Updated: Monday Jan 17, 2022

കെ റയിലിന്റെ കാസർകോട്‌ റെയിൽവേ സ്‌റ്റേഷൻ രൂപരേഖ

കാസർകോട്‌ > കെ റയിൽ അർധ അതിവേഗപാതയിൽ കാസർകോട്ട്‌ 212 കോടിയുടെ സ്‌റ്റേഷനും 200 കോടിയുടെ ഡിപ്പോയും നിർമിക്കുമെന്ന്‌  സമ്പൂർണ വിശദപദ്ധതി രേഖ. നിലവിലുള്ള റെയിൽവേ സ്‌റ്റേഷന്റെ പടിഞ്ഞാറ്‌ ഭാഗത്തുള്ള കുണ്ടിൽ പ്രദേശത്താണ്‌ സ്‌റ്റേഷൻ വരിക. തറനിരപ്പിലായിരിക്കും സ്‌റ്റേഷൻ. നിലവിലുള്ള സ്‌റ്റേഷനിൽ നിന്ന്‌ നടന്നെത്താവുന്ന ദൂരത്തിലാണ്‌ പുതിയ സ്‌റ്റേഷൻ. നാല്‌ പ്ലാറ്റ്‌ ഫോമുകൾ ഉണ്ടാകും. 6519 ചതുരശ്ര മീറ്റർ വിസ്‌തീർണത്തിലായിരിക്കും ഇവ. 11.32 മീറ്റർ വീതിയും 410 മീറ്റർ നീളവുമുള്ള നാല്‌ പ്ലാറ്റ്‌ഫോമുകളാണ്‌ നിർമിക്കുക. അഞ്ച്‌ മീറ്റർ വീതിയും 350 മീറ്റർ നീളവുമുള്ള ടൂറിസ്‌റ്റ്‌ സൈഡിങ് പ്ലാറ്റ്‌ ഫോമും ഉണ്ടാകും. 
       
ചരക്കുലോറിയും കടത്താം
 
ലോറികളെ ചരക്കടക്കം കൊണ്ടുപോകുന്ന റോ റോ സൗകര്യത്തിനായി 10 മീറ്റർ വീതിയും 868 മീറ്റർ നീളവുമുള്ള പ്രത്യേകം പ്ലാറ്റ്‌ഫോമുണ്ടാകും. സംസ്ഥാനത്ത്‌ അഞ്ചിടത്ത്‌ മാത്രമുള്ള റോ റോ സൗകര്യം തൃശൂർ കഴിഞ്ഞാൽ കാസർകോട്‌ മാത്രമാണ്‌. സംസ്ഥാനത്തെ ഏഴ്‌ എ ക്ലാസ്‌ സ്‌റ്റേഷനിൽ ഒന്നായിരിക്കും കാസർകോട്‌. കോർപറേഷൻ പരിധിയിലല്ലാത്ത ഏക എ ക്ലാസ്‌ സ്‌റ്റേഷൻ കാസർകോടാണ്‌.  
         
ഡിപ്പോ ഏരിയാൽ  
ചൗക്കി ഭാഗത്ത്‌
 
അറ്റകുറ്റപണിക്കും പരിശോധനക്കുമുള്ള ഡിപ്പോ  കാസർകോട്‌ സ്‌റ്റേഷനിൽ നിന്ന്‌ മൂന്ന്‌ കിലോ മീറ്റർ അകലെ മംഗളൂരു ഭാഗത്തേക്കായിരിക്കും. കൂഡുലു വില്ലേജിൽ ഉൾപ്പെടുന്ന ഏരിയാൽ ചൗക്കിയിലാണിത്‌.  200 കോടി രൂപ ചെലവിട്ടാണ്‌ ഡിപ്പോ.
 
കണ്ണൂരിലേക്ക്‌ 35 മിനിറ്റ്‌
 
529.450 കിലോമീറ്ററുള്ള  തിരുവനന്തപുരം കാസർകോട്‌ സിൽവർ ലൈനിൽ 83.35 കിലോ മീറ്ററാണ്‌ കണ്ണൂർ കാസർകോട്‌  ദൈർഘ്യം. കാസർകോട്‌ നിന്ന്‌ 3.56 മണിക്കൂറിൽ തിരുവനന്തപുരത്ത്‌ എത്താം. കണ്ണൂരിലേക്ക്‌ 35 മിനിറ്റ്‌ മതി. കാസർകോട്‌  സ്‌റ്റേഷനിൽ നിന്ന്‌ ദിവസം 16,997 യാത്രക്കാരുണ്ടാകും. കാസർകോട്‌ തിരുവനന്തപുരം റൂട്ടിൽ പ്രതിദിനം 18 സർവീസും കണ്ണൂരിലേക്ക്‌ 20 സർവീസ്‌ നടത്തും. അമ്പലത്തറിയിലെ 220 കെവി സബ്‌സറ്റേഷനിൽ നിന്നാണ്‌ വൈദ്യുതി നൽകുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top