26 April Friday

ആരോഗ്യമേഖലയിൽ സൃഷ്‌ടിച്ചത്‌ 14000 തസ്‌തിക: കെ കെ ശൈലജ

വെബ് ഡെസ്‌ക്‌Updated: Monday Feb 22, 2021

കൊച്ചി > ആരോഗ്യമേഖലയിൽ സംസ്ഥാന സർക്കാർ സൃഷ്‌ടിച്ചത്‌ 14,000 തസ്‌തികകളാണെന്ന്‌ മന്ത്രി കെ കെ ശൈലജ. തൃപ്പൂണിത്തുറ ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെയും എറണാകുളം ജനറൽ ആശുപത്രിയിലെ വിവിധ പദ്ധതികളുടെയും ഉദ്‌ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഇത്‌ സർവകാല റെക്കോഡാണ്‌. ഏതു സർക്കാരിനും ഞെരുക്കം അനുഭവപ്പെടുന്നത്‌ തസ്‌തികകൾ സൃഷ്‌ടിക്കുമ്പോഴാണ്‌. എന്നാൽ, സാധ്യമായതിന്റെ പരമാവധി തസ്‌തികകളാണ്‌ എൽഡിഎഫ്‌ സർക്കാർ സൃഷ്‌ടിച്ചതെന്നും മന്ത്രി പറഞ്ഞു.

പഴഞ്ചൻ ചികിത്സാ സംവിധാനങ്ങൾകൊണ്ട്‌ നമുക്ക്‌ മുന്നോട്ടുപോകാനാകില്ല. ആധുനിക ചികിത്സാ സംവിധാനങ്ങൾ ഒരുക്കി മെഡിക്കൽ കോളേജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കാനാണ്‌ സർക്കാർ ശ്രമിക്കുന്നത്‌. ആശുപത്രികളിലേക്ക്‌ കടന്നുചെല്ലുമ്പോൾ രോഗികളുടെ മനസ്സിൽ സംതൃപ്‌തി ഉണ്ടാകണം. ഇതിനായി പിഎച്ച്‌സികളിൽ ഉൾപ്പെടെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തി. രോഗികൾക്ക്‌ ആധുനിക ചികിത്സ നൽകുക, പാവപ്പെട്ടവർക്ക്‌ ചികിത്സ ഉറപ്പാക്കുക, രോഗപ്രതിരോധ സംവിധാനം ശക്തമാക്കുക എന്നിവയാണ്‌ സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

കൊച്ചി ക്യാൻസർ റിസർച്ച്‌ സെന്ററിന്റെ പണികൾ ഒരുവർഷത്തിനകം പൂർത്തിയാകുമെന്ന്‌ മന്ത്രി പറഞ്ഞു.  385 കോടി രൂപയാണ്‌ സെന്ററിനായി കിഫ്‌ബിയിൽനിന്ന്‌ അനുവദിച്ചത്‌. ആരോഗ്യമേഖലയിൽ കിഫ്‌ബി അനുവദിച്ച പദ്ധതികളിൽ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്നത്‌ എറണാകുളം ജില്ലയിലാണ്‌. മെഡിക്കൽ കോളേജിന്‌ സമാനമായ മാറ്റങ്ങളാണ്‌ എറണാകുളം ജനറൽ ആശുപത്രിയിൽ വരുത്തിയിരിക്കുന്നത്‌. 285 കോടി രൂപയാണ്‌ എറണാകുളം ഗവ. മെഡിക്കൽ കോളേജിനായി കിഫ്‌ബിയിൽനിന്ന്‌ അനുവദിച്ചത്‌. സമീപ ജില്ലയിലെ സാധാരണക്കാർക്കും ഇതിന്റെ ഗുണഭോക്‌താക്കളാകാൻ കഴിയും. ആർദ്രം മിഷന്റെ ഭാഗമായി പ്രൈമറിതലത്തിലെ ചിട്ടയായ പ്രവർത്തനങ്ങളും ജനങ്ങളുടെ സഹകരണവുമാണ്‌ കേരളത്തിന്റെ ആരോഗ്യമേഖലയെ മികച്ചതാക്കിയതെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top