26 April Friday
ഈരാറ്റുപേട്ടയിലും നന്നമ്പ്രയിലും യുഡിഎഫ്‌–-ജമാഅെത്ത സഖ്യം

യുഡിഎഫ്‌ പ്രകടനപത്രികയിലും ജമാഅത്തെ ഇസ്ലാമി ; എം കെ മുനീർ, ബെന്നി ബഹനാൻ എന്നിവരുടെ നേതൃത്വത്തിൽ ചർച്ച

വെബ് ഡെസ്‌ക്‌Updated: Tuesday Jan 19, 2021

സ്വന്തം ലേഖകൻ
യുഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ പ്രകടനപത്രിക തയ്യാറാക്കാനും  ജമാഅത്തെ ഇസ്ലാമിയുടെ സഹായവും പിന്തുണയും. പ്രതിപക്ഷ ഉപനേതാവ്‌ എം കെ മുനീറിന്റെ നേതൃത്വത്തിലുള്ള  പ്രകടനപത്രികാ സമിതിയാണ്‌ ജമാഅത്തെ നേതൃത്വവുമായി ചർച്ച നടത്തിയത്‌.

ജമാഅത്തെ ഇസ്ലാമി നേതാവ്‌ പി പി അബ്ദുറഹ്മാൻ പെരിങ്ങാടിക്കുപുറമെ മുഖപത്രമായ മാധ്യമത്തിന്റെ പത്രാധിപർ ഒ അബ്ദുറഹ്മാനുമായും കൂടിയാലോചനയുണ്ടായി. കോൺഗ്രസ്‌–-മുസ്ലിംലീഗ്‌ നേതാക്കൾ ചർച്ചയിൽ പങ്കാളിയായി. യുഡിഎഫ്‌ പത്രികയിലേക്കുള്ള ജ മാഅത്തെ അഭിപ്രായങ്ങളും നിർദേശങ്ങളും അബ്ദുറഹ്മാൻ പെരിങ്ങാടി  കൈമാറി. ജമാഅത്തെയുടെ സംസ്ഥാനത്തെ ഉന്നതാധികാരസമിതിയായ  കൂടിയാലോചനാ സമിതി (ശൂറാ കൗൺസിൽ) അംഗമാണ്‌ അബ്ദുറഹ്മാൻ. കഴിഞ്ഞദിവസം കോഴിക്കോട്ടുവച്ചായിരുന്നു ചർച്ച.

എം കെ  മുനീറിനുപുറമെ പ്രകടനപത്രികാ സമിതി കൺവീനർ ബെന്നി ബഹനാൻ എംപി, സി പി ജോൺ തുടങ്ങിയവരും പങ്കെടുത്തു. മതരാഷ്ട്രവാദികളുമായി ബന്ധമുണ്ടാകില്ലെന്ന്‌ കെപിസിസി പ്രസിഡന്റ്‌‌ മുല്ലപ്പള്ളി രാമചന്ദ്രനും മറ്റും ആവർത്തിക്കുന്നതിനിടയിലാണ്‌ ജമാഅത്തെയുമായി കൂടിയാലോചന നനടന്നത്‌.

ഈരാറ്റുപേട്ടയിലും നന്നമ്പ്രയിലും യുഡിഎഫ്‌–-ജമാഅെത്ത സഖ്യം
സഖ്യമില്ലെന്ന് മുതിർന്ന നേതാക്കൾ ആവർത്തിക്കുമ്പോഴും സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിലും യുഡിഎഫ്– ജമാഅത്ത് സഖ്യം  തുടരുന്നു. ഈരാറ്റുപേട്ടയിൽ  ആരോഗ്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സണായി ജമാഅത്തെ ഇസ്ലാമി വനിതാ  നേതാവ്‌ ഡോ. സഹല ഫിർദൗസ്‌ യുഡിഎഫ്‌ പിന്തുണയോടെ  ജയിച്ചു.   28 അംഗങ്ങളുള്ള നഗരസഭയിൽ രണ്ട്‌ വെൽഫെയർ പാർടി അംഗങ്ങളുടെ കൂടി പിന്തുണയിലാണ് യുഡിഎഫ് ഭരിക്കുന്നത്.

മലപ്പുറം താനൂർ നന്നമ്പ്ര പഞ്ചായത്തിലും യുഡിഎഫ്‌ പിന്തുണയിൽ ജമാഅത്തെ ഇസ്ലാമിക്ക്  ആരോഗ്യ–-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷസ്ഥാനം കിട്ടി. ജമാഅത്തെ ഇസ്ലാമിയുടെ ഏക അംഗമായ വി കെ ഷമീനയ്ക്കാണ് സ്ഥാനം ലഭിച്ചത്. തെരഞ്ഞെടുപ്പിലെ ധാരണയനുസരിച്ചാണ്‌ സ്ഥിരം സമിതി സ്ഥാനം ലഭിച്ചന്ന്‌ ജമാഅത്തെ ഇസ്ലാമി നേതാക്കൾ വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top